കന്യാകുമാരി: വിവേകാനന്ദ ജയന്തി ദിനത്തില്‍ സാഹസികതയുടെയും ആത്മധൈര്യത്തിന്റെയും സന്ദേശമായി ഡോള്‍ഫിന്‍ രതീഷ്. കൈകാലുകള്‍ ബന്ധിച്ച് ത്രിവേണി സംഗമത്തില്‍ നിന്ന് വിവേകാനന്ദ ശിലാസ്മാരകത്തിലേക്ക് നീന്തിക്കയറിയാണ് ദേശീയ യുവജനദിനത്തില്‍ രതീഷ് ശ്രദ്ധേയനായത്.
കൊല്ലം ചാവര്‍കാടിന്റെ അഭിമാനമായ രതീഷ് 800 മീറ്ററാണ് തിരമാലകളെ വകഞ്ഞു നീന്തിയത്. പ്രതികൂല കാലാവസ്ഥയായതിനാല്‍ 200 മീറ്റര്‍ അധികമായി നീന്തേണ്ടിവന്നു. യുവാക്കള്‍ക്ക് ദേശീയബോധവും രാജ്യത്തിനുവേണ്ടി സാഹസികകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രേരണയും ഉദ്ദേശിച്ചാണ് ജനുവരി 12 നീന്തലിന് തെരഞ്ഞെടുത്തതെന്ന് രതീഷ് പറഞ്ഞു.
തീരദേശ സുരക്ഷാസേനയും തമിഴ്‌നാട് പോലീസും സുരക്ഷയൊരുക്കി. കൊല്ലം സ്വദേശിയും ലൈഫ്ഗാര്‍ഡുമായ ഷിബുദാസ് അകമ്പടി സേവിച്ചു. വിവേകാനന്ദ ശിലാസ്മാരകത്തിലെ ശ്രീപാദപ്പാറയില്‍ നമസ്‌കരിച്ച് ദക്ഷിണയര്‍പ്പിച്ച് വിവേകാനന്ദസ്വാമിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ധ്യാനമണ്ഡപത്തില്‍ കുറേനേരം ഇരുന്നശേഷമാണ് രതീഷ് മടങ്ങിയത്. വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ രതീഷിനെ സ്വീകരിച്ചു.
ആര്‍എഎസ്എസ് കന്യാകുമാരി വിഭാഗ് പ്രചാരക് മുത്തുകുമാറിന്റെ നേതൃത്വത്തില്‍ ഘോഷ് വാദ്യത്തിന്റെ അകമ്പടിയില്‍ അഭിവാദ്യമര്‍പ്പിച്ചു. വിവേകാനന്ദകേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറി അംഗിരസ് പൊന്നാട അണിയിച്ചു. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, വൈസ് പ്രസിഡന്റ് എന്‍.വി. സഞ്ജീവ്, സെക്രട്ടറി ടി. ദിലീപ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
















