മക്കളേ,
ക്ഷേത്രങ്ങള്‍ സനാതനധര്‍മ്മത്തിന്റെ നെടുംതൂണുകളാണ്. അവ ഭാരതീയ സംസ്‌ക്കാരത്തിന്റെ തൊട്ടിലുകളാണ്. നമ്മുടെ സമൂഹം ധാര്‍മ്മികജീവിതത്തിന്റെയും ആദ്ധ്യാത്മികസാധനയുടെയും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുവന്നത് പ്രധാനമായും ക്ഷേത്രങ്ങളിലൂടെയാണ്. ഭൂമിക്കടിയില്‍ വെള്ളമുണ്ടെങ്കിലും നമുക്കു കുടിക്കാനും കുളിക്കാനുമൊക്കെ അത് പ്രയോജനപ്പെടണമെങ്കില്‍ ഒരു കിണറിന്റെ ആവശ്യമുണ്ട്. അതുപോലെ എങ്ങും നിറഞ്ഞ ഈശ്വരചൈതന്യത്തെ തൊട്ടറിഞ്ഞ് അനുഭവിക്കുവാനും ഭാവനയ്‌ക്ക് ദൃഡതയും മനസ്സിന് ഏകാഗ്രതയും വളര്‍ത്തുവാനും ക്ഷേത്രങ്ങള്‍ പ്രയോജനപ്പെടുന്നു. ക്ഷേത്രങ്ങള്‍ നമ്മളിലെ ആത്മചൈതന്യത്തിന്റെ കണ്ണാടിയാണ്. കണ്ണാടിയില്‍ നോക്കി മുഖത്തെ അഴുക്ക് കളയുന്നതുപോലെ നമ്മുടെ മനസ്സിലെ അഴുക്കുകള്‍ മാറ്റാന്‍ ക്ഷേത്രങ്ങള്‍ ഉപകരിക്കുന്നു. അങ്ങനെ ക്ഷേത്രങ്ങള്‍ സാധനയ്‌ക്കും ആത്മശുദ്ധീകരണത്തിനുമുള്ള ഉപാധികളാണ്.
ശബരിമല ക്ഷേത്രാരാധനയും വ്രതദീക്ഷയോടെയുള്ള തീര്‍ത്ഥാടനവും നമ്മുടെ സമൂഹത്തിന്റെ ധാര്‍മ്മികമായ വളര്‍ച്ചയ്‌ക്കും ആദ്ധ്യാത്മികമായ ഉണര്‍വ്വിനും കാരണമായിട്ടുണ്ട്. ഏറ്റവും ഉന്നതമായ ദര്‍ശനവും ആദര്‍ശനിഷ്ഠയും നമുക്കിവിടെ ഒന്നിച്ചുകാണാം. അയ്യപ്പസ്വാമി നൈഷ്ഠികബ്രഹ്മചാരിയാണ്. അദ്ദേഹം സമാധിയടയുന്നതിനുമുമ്പ് പ്രകടിപ്പിച്ച ആഗ്രഹം അനുസരിച്ചാണ് അവിടുത്തെ പ്രത്യേക വ്രതസമ്പ്രദായം നിലവില്‍വന്നത് എന്നാണ് ഭക്തരുടെ വിശ്വാസം. ഇതാണ് അവിടുത്തെ പ്രത്യേക ആചാരാനുഷ്ഠാനങ്ങള്‍ക്ക് അടിസ്ഥാനം.
ക്ഷേത്രാരാധനയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ സര്‍വ്വവ്യാപിയായ ഈശ്വരനും ക്ഷേത്രത്തിലെ ദേവതയും തമ്മിലുള്ള വ്യത്യാസം നമ്മള്‍ മനസ്സിലാക്കിയിരിക്കണം. സര്‍വ്വവ്യാപിയായ ഈശ്വരനു യാതൊരു പരിമിതിയുമില്ല. എങ്ങും നിറഞ്ഞിരിക്കുന്ന അനന്തമായ ശക്തിയാണത്. പക്ഷെ ക്ഷേത്രദേവതയുടെ കാര്യം അങ്ങനെയല്ല. സമുദ്രത്തിലെ മത്സ്യവും ടാങ്കില്‍ വളര്‍ത്തുന്ന മത്സ്യവും തമ്മിലുള്ള വ്യത്യാസം പോലെയാണത്. ടാങ്കില്‍ വളര്‍ത്തുന്ന മത്സ്യത്തിന് സമയാസമയം ഭക്ഷണംകൊടുക്കണം, വെള്ളം മാറ്റിക്കൊടുക്കണം, ഓക്‌സിജന്‍ കൊടുക്കണം. സമുദ്രത്തിലെ മത്സ്യത്തിനു ഇങ്ങനെയുള്ള നിബന്ധനകളില്ല. അതുപോലെതന്നെ നദിയില്‍ കുളിക്കുന്നതിനു പ്രത്യേകിച്ച് നിയമങ്ങള്‍ പാലിക്കേണ്ട ആവശ്യമില്ല. എന്നാല്‍ അതേ നദിയിലെ വെള്ളം സ്വിമ്മിംഗ്പൂളിലാക്കുമ്പോള്‍ അത് ഫില്‍റ്റര്‍ ചെയ്യണം, അതില്‍ ക്ലോറിന്‍ ഇടണം. അതില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനുമുന്‍പ് വേറെ വെള്ളത്തില്‍ കുളിച്ച് വിയര്‍പ്പ് കളയണം. സ്വിമ്മിംഗ്പൂളില്‍ കുളിക്കുമ്പോള്‍ എണ്ണ തേയ്‌ക്കാന്‍ പാടില്ല, സോപ്പുപയോഗിക്കാനും പാടില്ല. നദിയിലെ വെള്ളം തന്നെയാണ് സ്വിമ്മിംഗ്പൂളിലും ഉള്ളത്, എന്നിരുന്നാലും അവിടെ നിയമങ്ങള്‍ പാലിക്കേണ്ടത് ആവശ്യമാണ്. അതുപോലെ സര്‍വ്വവ്യാപിയായ ഈശ്വരന്റെ തത്ത്വംതന്നെയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയിലുള്ളതെങ്കിലും അവിടെ ശുദ്ധാശുദ്ധങ്ങളും ആചാരാനുഷ്ഠാനങ്ങളും ആവശ്യമാണ്.
ഒരു വിത്തു നട്ടാല്‍ അതിനു വെള്ളവും വളവും കൊടുക്കുന്നതുകൊണ്ടാണ് നമുക്ക് പൂവും കായും ഫലവും കിട്ടുന്നത്. അതുപോലെ ഓരോ ക്ഷേത്രത്തിലെ ദേവതയ്‌ക്കും വിധിയനുസരിച്ച് യഥാസമയം പൂജ ചെയ്യണം, നിവേദ്യം സമര്‍പ്പിക്കണം, ശുദ്ധാശുദ്ധികള്‍ പാലിക്കണം, മറ്റ് ആചാരാനുഷ്ഠാനങ്ങളും വേണം. എങ്കിലേ ക്ഷേത്രാരാധനയുടെ പൂര്‍ണപ്രയോജനം ഭക്തര്‍ക്കു ലഭിക്കുകയുള്ളൂ.
ഓരോ ക്ഷേത്രത്തിനും അതിന്റെതായ പ്രതിഷ്ഠാസങ്കല്പമുണ്ട്. രൗദ്രഭാവത്തിലുള്ള ദേവതയുടെ സങ്കല്പം വേറെ, ശാന്തഭാവത്തിലുള്ള ദേവതയുടെ സങ്കല്പം വേറെ. അവിടെ ഇന്ന പൂജ വേണം, ഇന്ന ആചാരങ്ങള്‍ വേണം, ഇന്ന ഇന്ന ശുദ്ധാശുദ്ധി നോക്കണം എന്നെല്ലാം സങ്കല്പമുണ്ട്. സഗുണാരാധനയില്‍ ഇതിനൊക്കെ പ്രാധാന്യമുണ്ട്. ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന പരമ്പരാഗതമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തില്‍ ആചരിച്ചില്ലെങ്കില്‍ അത് ക്ഷേത്രാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കും.
ക്ഷേത്രദേവതയെ മൈനറാണെന്നു പറയാറുണ്ട്. ഒരു കൊച്ചുകുട്ടിയുടെ ആവശ്യങ്ങള്‍ നോക്കുന്നതിന് അച്ഛനും അമ്മയും അദ്ധ്യാപകരും ആവശ്യമാകുന്നതുപോലെ ക്ഷേത്രത്തില്‍ തന്ത്രിയുടെയും പൂജാരിയുടെയും വിശ്വാസികളുടെയും ആവശ്യമുണ്ട്. വിശ്വാസമില്ലാത്ത ഒരാള്‍ അവിടെ ചെന്നാല്‍ പരിസരം മലിനപ്പെടുത്താം, ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്താം. അതുകൊണ്ട് ക്ഷേത്രചൈതന്യം വിശ്വാസികളെയുംകുടി ആശ്രയിച്ചിരിക്കുന്നു.
ക്ഷേത്രങ്ങള്‍ സ്‌റ്റെയര്‍കെയ്‌സുപോലെയാണ്. പടികള്‍ കയറിച്ചെല്ലുമ്പോള്‍ നമുക്കു മനസ്സിലാകും സ്‌റ്റെയര്‍കെയ്‌സും മുകളിലത്തെ നിലയും ഒരേ കല്ലും കമ്പിയും സിമന്റും കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന്. പക്ഷെ സ്‌റ്റെയര്‍കെയ്‌സാണ് മുകളില്‍ കയറിച്ചെല്ലാന്‍ നമുക്കുപകരിച്ചത്. അതുപോലെ എല്ലാം ഈശ്വരനാണെന്നറിഞ്ഞവരും മറ്റുള്ളവര്‍ക്കുകൂടി ആ തലത്തിലേയ്‌ക്കുയരാന്‍വേണ്ടി ആചാരാനുഷ്ഠാനങ്ങള്‍ അംഗീകരിക്കുകയും പാലിക്കുകയും ചെയ്യാറുണ്ട്.
ശങ്കരാചാര്യര്‍ അദൈ്വതസിദ്ധാന്തം സ്ഥാപിച്ചു. നാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും അതുതന്നെ പിന്‍തുടര്‍ന്നു. പക്ഷെ അവരെല്ലാം ജനങ്ങള്‍ക്കുവേണ്ടി ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. ആ ക്ഷേത്രങ്ങളിലും കുറെ ആചാരാനുഷ്ഠാനങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ക്ഷേത്രങ്ങളില്‍ അമ്മയെ ക്ഷണിച്ചുകൊണ്ടുപോയിട്ടുണ്ട്. ശിവക്ഷേത്രത്തില്‍ ഇന്ന രീതിയില്‍ പ്രദക്ഷിണം വെയ്‌ക്കണമെന്നുണ്ട്. അമ്മയ്‌ക്ക് എല്ലാം ഈശ്വരനാണെങ്കിലും അമ്മ ആചാരങ്ങള്‍ പാലിച്ചു. അമ്മ പ്രതിഷ്ഠ നടത്തിയപ്പൊഴും മാധവ്ജി തുടങ്ങിയ തന്ത്രിമാരെ വിളിച്ചുവരുത്തി ചര്‍ച്ച ചെയ്തിട്ടാണ് പ്രതിഷ്ഠിച്ചത്. സന്യാസദീക്ഷ കൊടുത്തപ്പൊഴും സന്യാസപരമ്പരയിലുള്ളവരെ വരുത്തി അവരിലൂടെയാണ് ദീക്ഷ നല്‍കിയത്. അമ്മ ആചാരങ്ങള്‍ ലംഘിച്ചില്ല, പാലിക്കുകയാണ് ചെയ്തത്.
നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്കുമാത്രം പ്രവേശനമുള്ള സ്‌ക്കൂളുകളും കോളെജുകളും ഉണ്ട്. അതുപോലെ ആണ്‍കുട്ടികള്‍ക്കു മാത്രം പ്രവേശനം നല്‍കുന്ന വിദ്യാലയങ്ങളുമുണ്ട്. ഗേള്‍സ് ഹോസ്റ്റലില്‍ ആണ്‍കുട്ടികളെയോ, ബോയ്‌സ് ഹോസ്റ്റലില്‍ പെണ്‍കുട്ടികളെയോ പ്രവേശിപ്പിക്കാറില്ല. അവിടെയൊന്നും ലിംഗവിവേചനമുള്ളതായി ആരും കണക്കാക്കാറില്ല. കാരണം അത്തരം നിയന്ത്രണങ്ങള്‍ സമൂഹത്തിന്റെ കെട്ടുറപ്പിന് ആവശ്യമാണ്. പ്രത്യക്ഷത്തില്‍ വിവേചനമുണ്ടെന്ന് തോന്നുന്നിടത്തെല്ലാം യഥാര്‍ത്ഥത്തില്‍ വിവേചനം ഉണ്ടാകണമെന്നില്ല.
ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളോടു വിവേചനം കാണിക്കുന്നു എന്നു പറയുന്നത് ശരിയല്ല. അവിടെ സ്ര്തീകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. അവര്‍ അയ്യപ്പസ്വാമിയെ ദര്‍ശിക്കാറുമുണ്ട്. ഒരു പ്രത്യേക പ്രായപരിധിയിലുള്ള സ്ര്തീകള്‍ക്കുമാത്രമാണ് നിയന്ത്രണം. ആ നിയന്ത്രണമാകട്ടെ പുരുഷന്മാരായ ഭക്തര്‍ നൂറ്റാണ്ടുകളായി അനുഷ്ഠിച്ചുവരുന്ന ബ്രഹ്മചര്യവ്രതത്തോടുകൂടിയ തീര്‍ത്ഥാടനത്തിന്റെ ഭാഗമാണ്.
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ആവശ്യം തന്നെയാണ്. എന്നാല്‍ ക്ഷേത്രതത്ത്വങ്ങള്‍ മറന്നുകൊണ്ടുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ അതിലൂടെ നമ്മുടെ മൂല്യങ്ങളും നഷ്ടമാകും. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാകുന്ന സ്ഥിതി വരാന്‍ പാടില്ല.
ഓരോ ക്ഷേത്രത്തിനും അതിന്റെതായ പ്രത്യേകതകള്‍ ഉണ്ട്. എല്ലായിടത്തും ഒരേ നിയമം ശരിയാവുകയില്ല. ചില ഹിന്ദുക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. സന്യാസിമാര്‍ക്കു പ്രവേശനം നിഷേധിച്ച ക്ഷേത്രങ്ങളുണ്ട്. ആറ്റുകാല്‍ക്ഷേത്രത്തില്‍ സ്ര്തീകള്‍ മാത്രമേ പൊങ്കാല ഇടാറുള്ളൂ. മണ്ണാറശ്ശാല ക്ഷേത്രത്തില്‍ സ്ര്തീകള്‍ മാത്രമാണ് പൂജ ചെയ്യുന്നത്. ഇതെല്ലാം സനാതനധര്‍മ്മത്തിലെ വൈവിധ്യതയും സ്വാതന്ത്ര്യവും വിളിച്ചറിയിക്കുന്ന ഉദാഹരണങ്ങളാണ്. ഇത്തരം പ്രത്യേകതകളെ വിവേചനമായോ സാമൂഹ്യനീതിയുടെ ലംഘനമായോ കാണുന്നത് ശരിയല്ല.
ശബരിമല വ്രതക്കാലം നാട്ടിലെങ്ങും ശാന്തിയും സമാധാനവും പുലരുന്ന കാലമാണ്. ഈ വ്രതനിഷ്ഠയിലാണ് ശബരിമലയുടെ ശക്തിയും സൗന്ദര്യവും കുടികൊള്ളുന്നത്. കഴിഞ്ഞ പത്തുപതിനഞ്ചു വര്‍ഷങ്ങളായി അമ്മ ഒരു റിസേര്‍ച്ച്‌പോലെ പല ആശുപത്രികളില്‍ അന്വേഷിച്ചപ്പോള്‍, മണ്ഡലകാലത്ത് രോഗികളുടെ എണ്ണം ഇരുപതുശതമാനം മുതല്‍ നാല്‍പ്പതു ശതമാനം വരെ കുറയുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. കാരണം ഈ സമയത്ത് കുടിയന്മാര്‍ കുടി നിര്‍ത്തുന്നു. ചീത്തപറച്ചില്‍ നിര്‍ത്തുന്നു. ശരീരശുദ്ധിയോടെ ക്ഷേത്രത്തില്‍ പോകുന്നു. ആഹാരത്തിലും വാക്കിലും പ്രവൃത്തിയിലും നിയന്ത്രണം കൊണ്ടുവരുന്നു. ഇതെല്ലാം കാരണം വീടുകളില്‍ വഴക്ക് കുറയുന്നു. സ്ര്തീകള്‍ സമാധാനത്തോടെ കഴിയുന്നു. കുടുംബങ്ങളില്‍ ഐക്യവും സ്‌േനഹവും
പുലരുന്നു. അങ്ങനെ വ്യക്തിമനസ്സിലും സമൂഹത്തിലും താളലയം കൊണ്ടുവരുന്നു. അതിനാല്‍ സ്ര്തീകള്‍പോലും സന്തോഷപൂര്‍വ്വം ഉറ്റുനോക്കുന്ന കാലമാണ് മണ്ഡലകാലം. ശബരിമല തീര്‍ത്ഥാടനവും ക്ഷേത്രദര്‍ശനവും സമൂഹത്തില്‍ നന്മയുടെ പ്രഭ ചൊരിയുന്ന കെടാവിളക്കാണ്. അതിനെ കെടാതെതന്നെ നമ്മള്‍ കാത്തു സൂക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: