ന്യൂയോര്‍ക്ക്: ടെക്‌സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വൈറ്റ് നാഷണലിസ്റ്റ് ഗ്രൂപ്പ് ന്യൂയോര്‍ക്കിലുടനീളം വിദ്വേഷ സന്ദേശം പ്രചരിപ്പിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈവേകളുടെ മേല്പാലങ്ങളിലും ഗ്രാന്റ് സെന്‍ട്രല്‍ ടെര്‍മിനലിനു വെളിയിലും അവര്‍ ബാനറുകള്‍ തൂക്കിയിട്ടിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഒരു വിദ്വേഷ ഗ്രൂപ്പായി കണക്കാക്കിയിരിക്കുന്ന ‘പാട്രിയറ്റ് ഫ്രണ്ട്’ എന്ന ഈ ഗ്രൂപ്പ് ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രെയിന്‍ സ്റ്റേഷനുകള്‍ക്ക് പുറത്ത് പുറത്ത് തൂക്കിയിട്ടിരിക്കുന്ന ബാനറില്‍ ‘ലൈഫ്, ലിബര്‍ട്ടി, വിക്ടറി’ എന്ന് എഴുതിയിരിക്കുന്നത് ന്യൂയോര്‍ക്ക് സിറ്റിയിലുള്ള സതേണ്‍ പവര്‍റ്റി ലോ സെന്ററിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘യുണെറ്റഡ് വി സ്റ്റാന്‍ഡ്’, റിക്ലെയിം അമേരിക്ക’ എന്നെഴുതിയ ബാനറുകള്‍ ക്വീന്‍സിലെ ലോംഗ് ഐലന്റ് എക്‌സ്പ്രസ് വേയിലുള്ള മേല്പാലങ്ങളിലടക്കം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് വെബ്സൈറ്റില്‍ പറയുന്നു. ഈ മാസം ആദ്യം ബേ റിഡ്ജില്‍ ഈ സംഘം ഫ്‌ലയറുകളും ബാനറുകളും പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ 250 ഓളം പ്രതിഷേധക്കാര്‍ പ്രകടനം നടത്തുകയും ചെയ്തു.
‘കൂട്ടായ സ്വാതന്ത്ര്യം’ എന്ന ലക്ഷ്യത്തിനായി ന്യൂയോര്‍ക്ക് ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി നിരവധി ബാനറുകള്‍ പാട്രിയറ്റ് ഫ്രണ്ട് സ്ഥാപിച്ചിട്ടുണ്ടെന്ന് വെബ്‌സൈറ്റ് പറയുന്നു. ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഈ ബാനറുകളെക്കുറിച്ച് അറിയാം. നഗര ഗതാഗത വകുപ്പ് അവയെക്കുറിച്ച് അറിഞ്ഞയുടനെ അടയാളങ്ങള്‍ എടുത്തുമാറ്റിയിട്ടുണ്ട്.
സതേണ്‍ പവര്‍റ്റി ലോ സെന്ററിന്റെ കണക്കനുസരിച്ച്, വാന്‍ഗാര്‍ഡ് അമേരിക്ക എന്ന നവനാസി ഗ്രൂപ്പില്‍ നിന്ന് പിരിഞ്ഞ് 2017-ല്‍ ചര്‍ലോട്‌സ്വില്ലില്‍ നടന്ന ‘യുണൈറ്റ് ദി റൈറ്റ്’ റാലിക്ക് ശേഷമാണ് പാട്രിയറ്റ് ഫ്രണ്ട് രൂപീകരിച്ചത്. ‘തങ്ങളുടെ യൂറോപ്യന്‍ പൂര്‍വ്വികരുടെ വംശീയവും സാംസ്‌കാരികവുമായ ഉത്ഭവം’ സംരക്ഷിക്കുക എന്ന മറവില്‍ ഈ സംഘം വംശീയത, യഹൂദ വിരുദ്ധത, അസഹിഷ്ണുത എന്നിവയെ പിന്തുണയ്‌ക്കുന്നുവെന്ന് അതിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: