കൊച്ചി: എറണാകുളത്ത് മരടില്‍ സകല ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി കെട്ടിപ്പൊക്കിയ മൂന്നു പടുകൂറ്റന്‍ ഫ്ളാറ്റുകള്‍ സുപ്രീം കോടതി വിധി നടപ്പാക്കി പൊളിച്ചുനീക്കി. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്രയും വലിയ കെട്ടിടങ്ങള്‍ ഇംപ്ലോ
ഷന് എന്നറിയപ്പെടുന്ന നിയന്ത്രിത സ്ഫോടനങ്ങള്‍ വഴി പൊളിച്ചുനീക്കിയത്. കായലിനോടു ചേര്‍ന്ന്, തീരസംരക്ഷണ നിയമം ലംഘിച്ച് നിര്‍മിച്ച ഹോളി ഫെയ്ത് എച്ച്ടുഒ, ആല്‍ഫ സെറിന്‍ എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളാണ്, സുപ്രീംകോടതിയുടെ ഉത്തരവു പ്രകാരം ഇന്നലെ രാവിലെ തകര്‍ത്തത്. ജെയിന് കോറല്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകള്‍ ഇന്ന് പൊളിക്കും.
മഹാരാഷ്ട്രയിലെ എഡിൈഫസ് എഞ്ചിനീയറിങ്, ആഫ്രിക്കയില്‍നിന്നുള്ള ജെറ്റ് ഡിമോളിഷന്‍സ് എന്നീ കമ്പനികളാണ് എച്ച്ടുഒവില്‍ സ്ഫോടനം നടത്തിയത്. ചെന്നൈയിലെ വിജയ് സ്റ്റീല്‍സ് ആന്‍ഡ് എക്സ്പ്ലൊസീവ്സാണ് ആല്‍ഫാ സെറിന്‍ തകര്‍ത്തത്.
മുന്‍നിശ്ചയ പ്രകാരം ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പൊളിക്കാനുള്ള അവസാന ഘട്ട നടപടികള്‍ തുടങ്ങിയത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി അപായ സൈറണുകള്‍ മുഴക്കി 11.17ന് ആദ്യം ഹോളിഫെയ്ത്തിന്റെ എച്ച്ടുഒ എന്ന 19 നില ഫ്ളാറ്റാണ് പൊളിച്ചത്. നിയന്ത്രണ സ്വിച്ചില്‍ വിരലമര്‍ത്തി സെക്കന്‍ഡുകള്‍ക്കുള്ളില്‍ വന്‍തോതില്‍ പൊടിയും പുകയും പരത്തി ഫ്ളാറ്റ് കുത്തനെ താഴേക്ക് ഇടിഞ്ഞിരുന്നു. പൊടിയടങ്ങിയ ശേഷം തൊട്ടടുത്തുള്ള ആല്‍ഫ സെറിന്‍ ഫ്ളാറ്റുകളുടെ രണ്ട് ടവറുകളും 11.44നും 11.46നും തകര്‍ത്തു.
എച്ച്ടുഒ ഫ്ളാറ്റില്‍ 19 നിലകളിലായി 91 അപ്പാര്‍ട്ടുമെന്റുകളാണ് ഉണ്ടായിരുന്നത്. ആല്‍ഫയുടെ രണ്ട് ടവറുകള്‍ 16 നില വീതമായിരുന്നു. 80 അപ്പാര്‍ട്ടുമെന്റുകള്‍. 343 കുടുംബങ്ങള്‍ക്ക് ഇവയില്‍ ഫ്ളാറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 131 എണ്ണത്തിലേ താമസം ഉണ്ടായിരുന്നുള്ളൂ.
ആദ്യ സ്ഫോടനം കുറ്റമറ്റതായിരുന്നു. രണ്ടാം സ്ഫോടനം കൂടുതല്‍ സാഹസികമായിരുന്നു. 50 മീറ്ററിനുള്ളില്‍ ധാരാളം വീടുകള്‍ ഉള്ളതിനാല്‍ കായലോരത്തേക്ക് അവശിഷ്ടങ്ങള്‍ പതിക്കുംവിധമായിരുന്നു സംവിധാനം. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകള്‍ നിലയിലെ അവശിഷ്ടങ്ങള്‍ കായലില്‍ വീണു. ഭൂമിയില്‍ പ്രകമ്പനം ഉണ്ടായതല്ലാതെ, ആശങ്കിച്ച പോലെ,അപകടമൊന്നുമുണ്ടായില്ല. മൂന്നു കെട്ടിടങ്ങളും ഒരു പ്രശ്നവുമില്ലാതെ നിലംപതിച്ചതോടെ കേരളത്തിന് ആശ്വാസമായി.
സുരക്ഷ മുന്‍നിര്‍ത്തി 200 മീറ്റര്‍ ചുറ്റളവില്‍ ദേശീയപാത 66ല്‍ ഉള്‍പ്പെടെ ഗതാഗതം നിയന്ത്രിച്ചിരുന്നു. കാലത്ത് എട്ടു മുതല്‍ വൈകിട്ട് എട്ടുവരെ പോലീസ് നിരോധനാജ്ഞയും പ്രദേശത്ത് നടപ്പാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കാഴ്ചക്കാരായി എത്തിയവരില്‍ കൊച്ചു കുട്ടികളും സ്ത്രീകളുമുണ്ടായിരുന്നു.
നാവിക സേന, തീര പോലീസ്, ദ്രുതകര്‍മ്മ സേന, പോലീസ്, ഫയര്‍ ആന്‍ഡ് റസ്ക്യൂ, ആശുപത്രികള്‍ തുടങ്ങിയ സകല സംവിധാനങ്ങളും ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: