യന്ത്രങ്ങളുടെ കാര്യത്തിലെന്നപോലെ ഉപയോഗം കഴിഞ്ഞവയെല്ലാം എറിഞ്ഞു കളയുന്ന ‘ത്രോ എവെ’ സംസ്കാരം നമ്മുടെ നാടിനും അന്യമല്ലാതായിട്ടുണ്ട്. ബന്ധങ്ങള്‍ക്ക് വിലയില്ലാത്ത ഇക്കാലത്ത് കറവ വറ്റിയ കന്നുകാലികളെപ്പോലെ വൃദ്ധജനങ്ങളെ എവിടെയെങ്കിലും കൊണ്ടുപോയി നട തള്ളുന്ന സംഭവങ്ങള്‍ ഇന്ന് വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. ‘ജലസമാധി’ യുടെ കഥ നടക്കുന്നത് മീനാക്ഷിപ്പാളയം എന്ന തമിഴ് സംസ്കാരം കൂടുതലുള്ള കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഒരു സാങ്കല്‍പ്പിക ഗ്രാമത്തിലാണ്.
മനുഷ്യന്റെ ശരാശരി ആയുസ്സിന്റെ നീളം കൂടി വരുന്ന ഇക്കാലത്ത് രോഗികളും അവശരും കുടുംബത്തിനു വലിയൊരു ഭാരമായി തീരുന്നു. ചികിത്സാ ചെലവുകള്‍ താങ്ങാനാകാത്ത നിലയില്‍ വര്‍ധിക്കുമ്പോള്‍ പ്രത്യേകിച്ചും. ഇവിടെയാണെങ്കില്‍ ഒരു ജനത അതിനൊരു എളുപ്പവഴി കണ്ടെത്തിയിരിക്കുന്നു. ഏകപക്ഷീയമായ ദയാവധം. വീട്ടുകാരും നാട്ടുകാരും ഭരണസംവിധാനവും എല്ലാം അറിഞ്ഞു നടന്നിരുന്ന ഈ കൊടും ക്രൂരത ഇപ്പോള്‍ പല നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയും സംഭവിക്കുന്നു.
‘ജലസമാധി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രസിദ്ധ നോവലിസ്റ്റ് സേതുവിന്റെതാണ്. പ്രശസ്ത തമിഴ് നടന് എം.എസ്. ബാസ്കര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. വിഷ്ണുപ്രകാശ്, രഞ്ജിത് നായര്‍, സന്തോഷ് കുറുപ്പ്, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍ തുടങ്ങിയവരെ കൂടാതെ പുതുമുഖങ്ങളായ ലിഖ രാജന്, ശ്യാം കൃഷ്ണന്, അഖില്‍ കൈമള്‍, സരിത, വര്‍ഷ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
വേണു നായര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു നായര്‍ നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രജിത്ത് ക്യാമറ ചലിപ്പിച്ചിരിക്കുന്നു. ഇരുപത്തിയൊന്പതു വര്‍ഷമായി സീരിയല്‍, ഡോക്യുമെന്ററി, പരസ്യചിത്ര നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വേണു നായര്‍ നൂറിലധികം നോണ്‍ ഫീച്ചര്‍ ഫിലിംസ് സംവിധാനം ചെയ്തിട്ടുണ്ട്. വേണുവിന്റെ ഡോക്യുമെന്ററികള്‍ ഇതിനകം നിരവധി സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: