ന്യൂദല്‍ഹി: ജെഎന്‍യുവിലെ സര്‍വറുകള്‍ ഉള്‍പ്പെടെയുള്ളവ അടിച്ചു തകര്‍ത്ത മുഖംമൂടി ആക്രമണത്തിന് നേതൃത്വം നല്കിയ മുഖ്യപ്രതി കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയും ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റുമായ ഐഷി ഘോഷാണ് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. ദല്‍ഹിയിലെ കേരള ഹൗസിലാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. കേരളത്തിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി എ സമ്പത്താണ് കൂടിക്കാഴ്ചയ്ക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തിയത്. ഇരുവരും തമ്മില്‍ അരമണിക്കൂറോളം സംസാരിച്ചു. പരിശീലനം നേടിയവരാണ് അക്രമികളെന്നും അതുകൊണ്ടാണ് ഐഷി ഘോഷിന്റെ തലയ്ക്ക് അടിച്ചതെന്നും പിണറായി വിജയന് പറഞ്ഞു.
ദല്‍ഹി പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇരവാദവുമായി ഐഷി രംഗത്തെത്തിയിരുന്നു. താന്‍ ആരെയും ക്രൂരമായിഅക്രമിച്ചിട്ടില്ലെന്നും തന്റെ കൈയ്യില്‍ എല്ലാത്തിനും തെളിവുണ്ടെന്നും ആരൊക്കെയാണ് തന്നെ ആക്രമിച്ചതെന്നും എങ്ങനെയാണ് അക്രമം നടന്നതെന്നും അറിയാമെന്നും അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജെഎന്‍യുവില്‍ അക്രമം നടത്തിയത് ഐഷി ഘോഷിന്റെ നേതൃത്വത്തിലാണെന്ന് ഡല്‍ഹി പോലീസ് തെളിവുകള്‍ അടക്കം പുറത്തുവിട്ട് വ്യക്തമാക്കിയിരുന്നു. അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ചിത്രങ്ങളും വീഡിയോയും പോലീസ് പുറത്തുവിട്ടിരുന്നു. ഐഷി ഘോഷിന്റേയും മറ്റ് വിദ്യാര്‍ത്ഥി നേതാക്കളുടേയും ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ട കൂട്ടത്തിലുണ്ടായിരുന്നു.
പുതിയ രജിസ്ട്രേഷനില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ഥികളെ ഇടതു വിദ്യാര്‍ഥികള്‍ വ്യാപകമായി അക്രമിച്ചെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. കേസ് സംബന്ധിച്ചു മാധ്യമങ്ങളിലടക്കം തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളാണ് സംപ്രേഷണം ചെയ്തത്. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ കോളേജിലെ വിദ്യാര്‍ഥികളെ ഭീതിയിലാക്കാന്‍ വേണ്ടിയാണ് വ്യാപകമായി അക്രമം അഴിച്ചു വിട്ടത്. ഇവര്‍ തന്നെയാണ് മുഖംമൂടിയുമായി പെരിയാര്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥികളെ ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: