ന്യൂദല്‍ഹി: തീരദേശ നിയമം ലംഘിച്ച് പണിത കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതോടെ വിഷയം ഏറ്റെടുത്ത് ക്രൈസ്തവ സഭകള്‍ ഒന്നിക്കുന്നു. കീരിയും പാമ്പുമായിരുന്നു ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളടക്കം ഒന്നിച്ചാണു മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത്.
ഓര്‍ത്തഡോക്സ്-യാക്കോബായ ബാവമാരെ കൂടാതെ, മലങ്കര കത്തോലിക്ക സഭ കര്‍ദിനാള്‍ മാര്‍ ക്ലിമിസ്, മാര്‍ത്തോമ സഭയുടെ ജോസ്ഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത അടക്കം നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടിയാണു നിവേദനം ആരംഭിക്കുന്നത്. ഒപ്പം, കേരളം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നത് ടൂറിസം രംഗത്തിനാണ്. ആ ടൂറിസം മേഖലയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് വരുന്നത് ഇവിടുത്തെ പുഴകളുടേയും കായലുകളുടേയും സൗന്ദര്യം ആസ്വദിക്കാനാണ്. ഗോവ പോലെ ചെറിയ സംസ്ഥാനത്ത് എത്തുന്ന 60000 ടൂറിസ്റ്റുകള്‍ക്ക് താമസിക്കുന്നതിനായി സൗകര്യമുണ്ട്. മറിച്ച് കേരളത്തില്‍ ആകെയുള്ളത് 10,000 പേര്‍ക്കുള്ള താമസ സൗകര്യം മാത്രമാണ്. സുപ്രീം കോടതി കേരളത്തിന്റെ ചീഫ് സെക്രട്ടറിയോടും മറ്റ് ഉദ്യോഗസ്ഥ പ്രമുഖരോടും തീരദേശ പരിപാലന നിയമപ്രകാരം അല്ലാതെ പ്രവര്‍ത്തിക്കുന്ന ഹൗസ് ബോട്ട്, വേമ്പനാട്ട് കായലിനോടും, പുഴകളോടും, ഹോട്ടലുകളും റിസോര്‍ട്ടുകളും മറ്റു വ്യവസായ സ്ഥാപനങ്ങളും ഏതെല്ലാമെന്ന് ആറാഴ്ചയ്ക്കുള്ളില്‍ അറിയിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ റിപ്പോര്‍ട്ട് നല്കുമ്പോള് കേരളത്തിന്റെ ടൂറിസം വികസനത്തെ യാതൊരു രീതിയിലും ബാധിക്കാത്ത തരത്തിലുള്ള റിപ്പോര്‍ട്ട് നല്കുവാന് ഓര്‍മ്മപ്പെടുത്തുന്നു. മറിച്ച് തീരദേശ നിയമലംഘനങ്ങളെ റിപ്പോര്‍ട്ടു ചെയ്യുകയാണെങ്കില്‍ ഏതാണ്ട് 50000 കോടി രൂപ മുടക്കിയിട്ടുള്ള പല ഹോട്ടലുകളും റിസോര്‍ട്ടുകളും വ്യവസായ സ്ഥാപനങ്ങളും പൊളിച്ചു നീക്കേണ്ട സാഹചര്യം കേരളം അഭിമുഖീകരിക്കേണ്ടി വരും.
ഇതുകൊണ്ട് അനേകം തൊഴിലവസരങ്ങളും സാമ്പത്തിക വരുമാനവും കേരളത്തിന് നഷ്ടമാവും. ഈ ഭീകരാവസ്ഥ കണക്കിലെടുത്ത് ഒരു സബ് കമ്മിറ്റിയെ ഈ വിഷയം പഠിക്കാന്‍ ചുമതലപ്പെടുത്തി ആ റിപ്പോര്‍ട്ട് വാങ്ങിയ ശേഷം മാത്രമേ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്കാന് പാടുള്ളു എന്ന് നിര്‍ദ്ദേശിക്കണമെന്നും അപേക്ഷിച്ചു കൊള്ളുന്നെന്നും നിവേദനത്തില്‍ പറയുന്നു. മുത്തൂറ്റ് ഗ്രൂപ്പിന്റെ കൂടി പങ്കാളിത്തമുള്ള കാപ്പികോ റിസോര്‍ട്ട് പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണു നിവേദനവുമായി ക്രൈസ്തവ സഭകള്‍ രംഗത്തെത്തിയത്. മുത്തറ്റ് മിനി ഗ്രൂപ്പ് ഉടമ റോയി എം. മാത്യുവുമായി ചേര്‍ന്നായിരുന്നു റിസോര്‍ട്ട് നിര്‍മ്മാണം.
വേമ്പനാട് കായല്‍ തീരത്ത് ചട്ടങ്ങള്‍ ലംഘിച്ചു പണിത റിസോര്‍ട്ടാണ് പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ആലപ്പുഴ പെരുമ്പള്ളത്താണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഇത് പൊളിക്കണമെന്ന് 2013ലാണ് ഹൈക്കോടതി ഉത്തരവിട്ടത്. കാപ്പികോയ്ക്ക് ഒപ്പം വാമിക റിസോര്‍ട്ടും പൊളിക്കാന്‍ ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ വാമിക റിസോര്‍ട്ട് മാത്രമാണ് അന്ന് പൊളിച്ചു നീക്കിയത്.
തീരദേശ നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച നാല് ഫ്ലാറ്റുകള്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊളിക്കുന്നതിനു പിന്നാലെയാണു മറ്റൊരു റിസോര്‍ട്ട് കൂടി പൊളിച്ചുകളയാനുള്ള വഴിയൊരുങ്ങുന്നത്. നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി നിര്‍മിച്ച റിസോര്‍ട്ടിന് പാണാവള്ളി പഞ്ചായത്ത് കെട്ടിട റമ്പറും നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കായലില്‍ നിന്നും നൂറു മീറ്റര്‍ അകലെ മാറിയെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളൂ. എന്നാല്‍ കയാലിനോട് ചേര്‍ന്നാണ് റിസോര്‍ട്ട് പണിതത്. നെടിയതുരുത്ത് ദ്വീപിനെ അപ്പാടെ വിഴുങ്ങിയായിരുന്നു കാപ്പിക്കോ റിസോര്‍ട്ടിന്റെ നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: