കാസര്‍ഗോഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊലവിളി നടത്തി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മോദിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാത്തത് രാജ്യത്ത് ഗാന്ധിയന്മാര്‍ ഉള്ളത് കൊണ്ടാണെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവന. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്താന്‍ നിശ്ചയിച്ച ലോങ്മാര്‍ച്ച് മാറ്റിവെയ്‌ക്കുന്നത് അറിയിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
നോട്ട് നിരോധനത്തിനു ശേഷം 50 ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തന്നെ പെട്രോള്‍ ഒഴിച്ച് കത്തിച്ചോളൂ എന്ന് പറഞ്ഞ മോദിയെ കത്തിക്കാത്തത് ഇവിടെ ഗാന്ധിയന്മാര്‍ ഉള്ളത് കൊണ്ടാണെന്നാണ് ഉണ്ണിത്താന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. പൗരത്വ നിയമ ഭേദഗതി ഇസ്രയേല്‍ പാസാക്കിയ നിയമത്തിന് തുല്യമാണ്. തിരിച്ചുവരവ് നിയമത്തില്‍ എല്ലാ ജൂതന്മാരോടും ഇസ്രയേലിലേക്ക് തിരിക്കാനാണ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ പുറത്തുള്ള ഹിന്ദുക്കളോട് ഇന്ത്യയിലേക്ക് വരാന്‍പറയുന്നു. ഫലത്തില്‍ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഉണ്ണിത്താന്‍ അറിയിച്ചു.
പാര്‍ലമെന്റ് മണ്ഡലത്തില്‍ 17ന് നടത്താന്‍ നിശ്ചയിച്ച ലോങ് മാര്‍ച്ചിന് സമാനമായി കാഞ്ഞങ്ങാട്ട് മഹല്ലുകളുടെ നേതൃത്വത്തില്‍ മറ്റൊരു പരിപാടിയുള്ളതിനാല്‍ മാറ്റിവെയ്‌ക്കുകയാണെന്നും ഉണ്ണിത്താന്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
















