രാംപൂര്‍ : മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സമീപകാലത്തായി രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളുടെ അടിസ്ഥാനത്തില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി ഉത്തര്‍പ്രദേശ് കോടതിയാണ് പ്രഖ്യാപിച്ചത്.
അസംഖാനെ കൂടാതെ ഭാര്യ തന്‍സീന്‍, മകന് അബ്ദുള്ള എന്നിവരേയും പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. മകന് അബ്ദുള്ള ഖാന്റെ ജനന തിയതിയുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ചമച്ചുവെന്നാണ് കേസ്. വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം മൂന്നുപേര്‍ക്കുമെതിരെ സിആര്‍പിസി സെഷന് 82 പ്രകാരം നോട്ടീസും ഇറക്കിയിരുന്നു.
അതേസമയം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി അസംഖാന്റെ വീടിന് മുന്നില്‍ നോട്ടീസ് പതിച്ചു. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടിയാകും അടുത്തത് സ്വീകരിക്കുകയെന്നും പോലീസ് അറിയിച്ചു.
എസ്പി നേതാവിനെതിരെ കഴിഞ്ഞ വര്‍ഷവും ഇതേ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടും അസം ഖാനെതിരെ നിലവില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ അഞ്ചിന് ഖാന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പാകെ ഹാജരാവുകയും ഒരു മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ 80 ഓളം കേസുകളാണ് അസം ഖാനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: