ന്യൂദല്‍ഹി : തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനും പ്രതിപക്ഷ നേതാവും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനും നല്‍കിവന്നിരുന്ന പ്രത്യേക സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഇരുവര്‍ക്കും സുരക്ഷാ ഭീഷണികളൊന്നും നിലവിലില്ലാത്ത സാഹചര്യത്തിലാണ് നടപടി.
ഇതുസംബന്ധിച്ച് കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷ പിന്‍വലിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന ഒ പനീര്‍ശെല്‍വത്തിന് അര്‍ധ സൈനിക കമാന്‍ഡോകളുടെ വൈ പ്ലസ് സുരക്ഷയാണ് ഉണ്ടായിരുന്നത്. സ്റ്റാലിന് ഇസഡ് പ്ലസ് സുരക്ഷയാണ് നല്‍കിവന്നിരുന്നത്
സിആര്‍പിഎഫ് കമാന്‍ഡോകളാണ് പനീര്‍ശെല്‍വത്തിനും സ്റ്റാലിനും സുരക്ഷ നല്‍കിവന്നിരുന്നത്. കേന്ദ്ര സുരക്ഷ പിന്‍വലിച്ചതോടെ ഇനി സംസ്ഥാന പോലീസ് ഇവരുടെ സുരക്ഷാ ചുമതല ഏറ്റെടുക്കും. നേരത്തെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചിരുന്നു.
















