ന്യൂദല്‍ഹി: കശ്മീരിലെ സമാധാനാന്തരീക്ഷം ലോകത്തിന് കാണിച്ചുനല്‍കാന്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളെത്തി. അമേരിക്ക അടക്കമുള്ള 16 രാജ്യങ്ങളിലെ ദല്‍ഹി പ്രതിനിധികളാണ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെത്തിയത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ക്ഷണം സ്വീകരിച്ചാണ് സംഘത്തിന്റെ സന്ദര്‍ശനം. ജനങ്ങളുമായും സുരക്ഷാ സേനയുമായും മാധ്യമങ്ങളുമായും സംഘം കൂടിക്കാഴ്ച നടത്തും. നേരത്തെ 23 അംഗ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.
അമേരിക്ക, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ബംഗ്ലാദേശ്, മാലിദ്വീപ്, ഫിജി, നോര്‍വേ, ടോഗോ, മൊറോക്കോ, അര്‍ജന്റീന, നൈഗര്‍, നൈജീരിയ, ഫിലിപ്പിന്‍സ്, ഗുയാന, സാംബിയ, പെറു എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് കശ്മീരിലെത്തിയത്. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും താത്പര്യം പ്രകടിപ്പിച്ചെങ്കിലും കശ്മീര്‍ സന്ദര്‍ശനസംഘത്തിന്റെ എണ്ണം പരിമിതപ്പെടുത്തുകയായിരുന്നെന്ന് വിദേശകാര്യവക്താവ് രവീഷ്‌കുമാര്‍ അറിയിച്ചു.
ദല്‍ഹിയിലുള്ള എല്ലാ എംബസികളിലെ പ്രതിനിധികളെയും ക്ഷണിച്ചിരുന്നില്ലെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ഘട്ടംഘട്ടമായി വിവിധ ലോകരാജ്യപ്രതിനിധികളെ കശ്മീരിലെത്തിച്ച് സ്ഥിതിഗതികള്‍ നേരില്‍ ബോധ്യപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ജനങ്ങളുമായും പ്രാദേശിക മാധ്യമങ്ങളുമായും ജമ്മു കശ്മീരിലെ രാഷ്‌ട്രീയക്കാരുമായും പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിരവധി പേരാണ് കശ്മീരിലേക്ക് പോകാന്‍ വിദേശകാര്യമന്ത്രാലയത്തോട് അപേക്ഷ നല്‍കിയത്. കൂടുതല്‍ സംഘങ്ങളുടെ യാത്ര കശ്മീരിലേക്ക് ഉണ്ടായേക്കുമെന്നും രവീഷ്‌കുമാര്‍ സൂചന നല്‍കി.
















