സിന്ധു-സരസ്വതീ നാഗരികത (2016ലെ ഗവേഷണഫലപ്രകാരം 8000 ആഇഋ) തൊട്ട് നിദ്ദേശം എന്ന ബൗദ്ധഗ്രന്ഥം എഴുതപ്പെട്ടതു (ആഇഋ നാലാംശതകം) വരെയുള്ള സുദീര്‍ഘമായ കാലഘട്ടത്തിനുള്ളില്‍ മേല്‍പ്പറഞ്ഞ ഭാരതീയമായവിജ്ഞാനത്തിന്റെ പൊതുകലവറയില് നിന്നും നിരവധി ആശയങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള അനുഷ്ഠാനങ്ങളും പരിഷ്കരിക്കപ്പെട്ട് കര്‍മ്മ- ഉപാസനാ- ജ്ഞാനകാണ്ഡങ്ങള്‍ ചേര്‍ന്ന വൈദികം, അവൈദികങ്ങളായ തന്ത്ര- ഹഠയോഗസമ്പ്രദായം, പാശുപതാദി ശൈവസമ്പ്രദായം, പാഞ്ചരാത്രാദി വൈഷ്ണവസമ്പ്രദായം, ജൈനം, ബൗദ്ധം, ചാര്‍വാകം, ആജീവകം മുതലായ നിരവധി ഹിന്ദുദര്‍ശനങ്ങളുടെ രൂപത്തില്‍ വ്യക്തതയാര്‍ന്നു. ഇവയ്ക്കെല്ലാം തന്നെ പല ഉള്‍പിരിവുകളും രൂപം കൊണ്ടു. ക്രമേണ അവൈദികങ്ങളായ തന്ത്ര, ഹഠ, പാശുപത, വൈഷ്ണവ, ശാക്താദികളിലെ ചില ആശയാനുഷ്ഠാനങ്ങളെ വൈദികം ഉള്‍ക്കൊണ്ടു (ഭാസ്കരരായരുടെ സേതുബന്ധം മുതലായ സംസ്കൃതഗ്രന്ഥങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കുന്നു). ജൈന, ബൗദ്ധ, ശൈവ, വൈഷ്ണവ മാര്‍ഗങ്ങളും തന്ത്ര-ഹഠസമ്പ്രദായത്തെ സ്വാംശീകരിച്ചിട്ടുണ്ട്.
ദാസ്ഗുപ്ത പറയുന്ന പ്രാചീനസാംഖ്യത്തിനും തന്ത്രത്തിനും ആശയപരമായ പൊതുഉറവിടം ഉണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. അതുപോലെ മീമാംസ, ന്യായം, വൈശേഷികം, സേശ്വരസാംഖ്യം, പാതഞ്ജലയോഗം എന്നീ ദര്‍ശനങ്ങള്‍, ധര്‍മ്മശാസ്ത്രങ്ങള്‍, ഭഗവദ്ഗീത, രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നിവയും വൈദികമാര്ഗത്തില് രൂപപ്പെട്ടു.
തന്ത്ര-ഹഠ ഉപായങ്ങളും ഏകാന്തഭക്തിയും പ്രദാനം ചെയ്യുന്ന, സമാധി, തുരീയം, കൈവല്യം, നിര്‍വാണം, പൂര്‍ണത, മഹാശൂന്യം, പരമാനന്ദം എന്നെല്ലാം പറയപ്പെടുന്ന, ബോധത്തിന്റെ അവസ്ഥയ്ക്ക് താത്വികമായ വിശദീകരണം നല്‍കാനുള്ള ഹിന്ദുദാര്ശനികന്റെ പരിശ്രമങ്ങള്‍ ആണ്, സത്യത്തില്‍, ചാര്‍വാകന്റെ ഭൗതികവാദം, സാംഖ്യന്റെ പ്രകൃതിപുരുഷവാദം, ബൗദ്ധന്റെ ക്ഷണികവാദം (വിജ്ഞാനവാദം, ശൂന്യവാദം) , വൈഷ്ണവന്റെ ഭേദാഭേദവാദം (ഭാസ്കരന്), വിശിഷ്ടാദൈ്വതം (രാമാനുജന്), ദൈ്വതാദൈ്വതം (നിംബാര്ക്കന്), ദൈ്വതം (മധ്വന്), ശുദ്ധാദൈ്വതം (വല്ലഭന്) എന്നിവ വരെയുള്ള ദര്‍ശനങ്ങള്‍.
ബൗദ്ധന്റെ ശൂന്യവാദമൊഴിച്ചുള്ള മേല്‍പ്പറഞ്ഞ ഹിന്ദുദര്ശനങ്ങളെല്ലാം തന്നെ ആത്മാവ്- ബാഹ്യപ്രപഞ്ചം എന്ന ദൈ്വതയാഥാര്ത്ഥ്യത്തെ അംഗീകരിച്ചിരുന്നു. ചാര്വാകന്മാരിലെ ഒരു വിഭാഗമായ സുശിക്ഷിതചാര്വാകന് ജനനം മുതല്‍ മരണം വരെ ആത്മാവുണ്ടെന്നു കരുതിയിരുന്നു. ബൗദ്ധവിജ്ഞാനവാദികളാണ് ആത്മാവ്, ബാഹ്യപ്രപഞ്ചം എന്നിവ രണ്ടിന്റെയും അസ്തിത്വത്തെ നിരാകരിച്ചത്. പ്രാപഞ്ചികജീവിതത്തിലെ ദു:ഖദുരിതങ്ങളെ തീര്‍ത്തും ഒഴിവാക്കാനുള്ള ഉപായം തേടിയ ഈ ഹിന്ദുദാര്ശനികരില് ചിലരെ, അനുനിമിഷം മാറിമറിയുന്ന സുഖദു:ഖാത്മകമായ ഈ പ്രപഞ്ചാനുഭവത്തിന് മാറ്റമില്ലാത്ത ഒരു അടിത്തറ ഉണ്ടാവില്ലേ എന്ന അദൈ്വതപരമായ ചിന്തയിലേക്കും നയിച്ചു. ഈ ചിന്ത ഹിന്ദുദാര്‍ശനികനെ മൂന്നുതരം അദൈ്വതസിദ്ധാന്തങ്ങളിലെത്തിച്ചു. ശാങ്കരാദൈ്വതം. താന്ത്രികാദൈ്വതം, കാശ്മീരശൈവാദൈ്വതം എന്നിവയാണവ. കാശ്മീരദര്ശനത്തെ നാം നേരത്തെ പരിചയപ്പെട്ടു. ഇവയിലെ ശാങ്കരദര്‍ശനത്തെ ഇനി നമുക്കു പരിചയപ്പെടാം.
വേദാന്തസാഹിത്യം- പ്രധാനമായും ഉപനിഷത്തുകള്‍, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവ (പ്രസ്ഥാനത്രയങ്ങള്‍) യുടെ ഭാഷ്യങ്ങളിലൂടെ ആണല്ലോ ശങ്കരാചാര്യര്‍ തന്റെ വേദാന്തദര്‍ശനത്തെ അവതരിപ്പിച്ചത്. ഇവയില്‍ ബ്രഹ്മസൂത്രത്തിന്റെ കാലം ആധുനികകാലഗണനാപ്രകാരം നിശ്ചിതമല്ല. ശങ്കരന് തന്റെ ബ്രഹ്മസൂത്രഭാഷ്യത്തില് ബൗദ്ധശൂന്യവാദം ഉള്‍പ്പടെയുള്ള മേല്‍പ്പറഞ്ഞ മിക്ക ഭാരതീയദര്‍ശനങ്ങളേയും നിരാകരിക്കുന്നുണ്ട്. ഈ നിരാകരണം അതാതു സൂത്രങ്ങളെ അടിസ്ഥാനപ്പെടുത്തി ആകയാല്‍ ബ്രഹ്മസൂത്രകാലത്തിനു മുമ്പുതന്നെ ഈ ദര്‍ശനങ്ങള്‍ ഭാരതീയചിന്താമണ്ഡലത്തില് പ്രചരിച്ചുകാണണം എന്നും ഊഹിക്കാം. ഈ ബ്രഹ്മസൂത്രത്തെ ഭഗവദ്ഗീതയില്‍ സ്മരിക്കുന്നതിനാല്‍ ഭഗവദ്ഗീതക്കു മുമ്പാകണം അതിന്റെ രചന. പ്രൊഫസര്‍ ജാക്കൊബി, ഡോ. എസ്. സി. വിദ്യാഭൂഷണ്‍, തെലാങ്ങ് എന്നിവരുടെ അഭിപ്രായങ്ങളും പരിഗണിച്ച ശേഷം ദാസ്ഗുപ്ത പറയുന്നത് ബി. സി. ഇ രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലോ ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ആകാം ബ്രഹ്മസൂത്രം എഴുതപ്പെട്ടതെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: