ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരില്‍ പൊതുസ്വത്തിന് നാശനഷ്ടം വരുത്തുന്നതിനെയും ജെഎന്‍യു അക്രമത്തേയും പിന്തുണക്കുന്ന ശശി തരൂരിനെ പോലുള്ളവര്‍ ലജ്ജിക്കണമെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു.
നിയമത്തിനെതിരെയുള്ള വിദ്യാര്‍ഥികളുടെ വിയോജിപ്പ് പ്രതീക്ഷ നല്‍കുന്നുവെന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ പ്രസ്താവനയെ വിമര്‍ശിക്കുമ്പോഴായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം. പാര്‍ലമന്റെ് അംഗങ്ങള്‍ പൊതുതാത്പര്യത്തിനനുസരിച്ച് സംസാരിച്ചില്ലെങ്കില്‍ അവരെ ‘ടുക്‌ഡെ-ടുക്‌ഡെ’ സംഘത്തിന്റെ ഭാഗമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ വിഭജിക്കുകയും തകര്‍ക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ ജെഎന്‍യു കാമ്പസിനെ വാസസ്ഥലമാക്കിയിരിക്കുകയാണെന്നും കോണ്‍ഗ്രസും കമ്യൂണിസ്റ്റും പോലുള്ള പാര്‍ട്ടികളില്‍ നിന്ന് ഈ ‘ടുക്‌ഡെ-ടുക്‌ഡെ’ സംഘത്തിന് പിന്തുണ ലഭിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
ശശി തരൂരിന്റെ പ്രസ്താവന വളരെ വിചിത്രമാണ്. എവിടെ നിന്നാണ് അദ്ദേഹത്തിന് പ്രതീക്ഷ ലഭിക്കുന്നത്. ഇന്ത്യാ വിഭജന മുദ്രാവാക്യങ്ങളില്‍ നിന്നാണോ അദ്ദേഹത്തിന് പ്രചോദനം ലഭിക്കുന്നത്. സിഎഎക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ രൂപത്തിലുള്ള അക്രമങ്ങളില്‍ നിന്നും ബസുകളും പൊതുസ്വത്തുക്കളും കത്തിക്കുന്നതില്‍ നിന്നുമൊക്കെയാണോ ശശി തരൂരിന് പ്രചോദനം ലഭിക്കുന്നതെന്നും നരസിംഹറാവു ചോദിച്ചു.
















