ന്യൂദല്‍ഹി : ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ച് വിദ്യാര്‍ത്ഥികളെ ആക്രംമിച്ചവരെ കുറിച്ച് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചെന്ന് ദല്‍ഹി പോലീസ്. ആക്രമം നടത്തിയ ചിലരെ പോലീസിന് തിരിച്ചറിയാന്‍ സാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രൊഫസറുടേതുള്‍പ്പടെ 11 പരാതികളാണ് പോലീസിന് ലഭിച്ചത്.
ഞായറാഴ്ച നടന്ന അക്രമവുമായി ബന്ധപ്പെട്ട് ലഭിച്ച 11 പരാതികള്‍ ക്രൈംബ്രാഞ്ചിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു. അതേസമയം ജെഎന്‍യുവിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത് വെസ്റ്റ്) ദേവേന്ദര്‍ ആര്യ പറഞ്ഞു.
ജെഎന്‍യു ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം കാമ്പസില്‍ പോലീസ് സാന്നിധ്യം തുടരും. സിവില്‍ വസ്ത്രത്തിലുള്ള പോലീസുകാര്‍ ജെഎന്‍യു കാമ്പസിനുള്ളില്‍ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരിക്കുമെന്നും യൂണിഫോമിലുള്ളവര്‍ കാമ്പസിന് പുറത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈംബ്രാഞ്ചിന്റെയും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെയും സംഘങ്ങള്‍ കാമ്പസ് സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. വീഡിയോകള്‍ ഉള്‍പ്പെടെ സൂക്ഷ്മപരിശോധന നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വിവരങ്ങളും വീഡിയോ ക്ലിപ്പുകളും പങ്കിടാന്‍ ഇതിനകം പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പോലീസ് അപ്പീല്‍ നല്‍കിയിട്ടുണ്ട്.
















