ന്യൂദല്‍ഹി: മൂന്നു പതിറ്റാണ്ടിന് ശേഷം നടപ്പാക്കിയ ഫീസ് വര്‍ധനയുടെ പേരില്‍ മൂന്നു മാസമായി തുടരുന്ന ജെഎന്‍യുവിലെ ഇടതു വിദ്യാര്‍ഥി സംഘടനാ സമരം പൊളിയുന്നു. സമരം തള്ളി വിദ്യാര്‍ഥികള്‍ സെമസ്റ്റര്‍ രജിസ്‌ട്രേഷനുമായി മുന്നോട്ടു പോയതോടെയാണ് സമരം പൊളിഞ്ഞു തുടങ്ങിയത്. ഇന്നലെ വൈകിട്ട് വരെ നാലായിരത്തോളം വിദ്യാര്‍ഥികള്‍ സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച വൈകിട്ട് വരെ 3,552 പേര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചതായി വൈസ് ചാന്‍സിലര്‍ എം. ജഗദീഷ് കുമാര്‍ അറിയിച്ചിരുന്നു.
ജനുവരി 12 വരെ സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ നീട്ടിയതോടെ മുഴുവന്‍ വിദ്യാര്‍ഥികളും രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ പങ്കെടുക്കുമെന്നുറപ്പായി. സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത എസ്എഫ്‌ഐ-ഐസ-എഐഎസ്ഫ് സംഘടനകള്‍ക്ക് വലിയ തിരിച്ചടിയാണ് വിദ്യാര്‍ഥികളുടെ നീക്കം. നേരത്തെ ജനുവരി അഞ്ച് വരെയായിരുന്നു രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ ജെഎന്‍യു അധികൃതര്‍ നല്‍കിയ സമയം. വലിയ തോതില്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടെയാണ് നാലാം തീയതി ഇടതു സംഘടനകള്‍ സെര്‍വര്‍ റൂം തകര്‍ത്ത് രജിസ്‌ട്രേഷന്‍ പ്രക്രിയ തടഞ്ഞത്. ഇതിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയതിനാണ് ക്യാമ്പസില്‍ ഇടത് ആക്രമണം ആരംഭിച്ചത്. ആറാം തീയതിയോടെ സെര്‍വര്‍ റൂം തിരികെ പിടിച്ച ജെഎന്‍യു അധികൃതര്‍ കേടുപാടുകള്‍ തീര്‍ത്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ പുനരാരംഭിച്ചു.
















