മീമാംസകരിലെ രണ്ടാമത്തെ വിഭാഗത്തിന്റെ ആചാര്യനായ കുമാരിലഭട്ടന്, അറിവ് എന്നാല്‍ ആത്മാവിന്റെ പ്രവൃത്തി മൂലം വസ്തുക്കളുടെ ജ്ഞാതതാ എന്ന വസ്തുബോധം ഉണ്ടാക്കുന്ന ഒരുതരം ചലനമാണ,് എന്നു വാദിച്ചു. ജ്ഞാനം അതിന്റെ തനിമയില്‍ നമുക്കു പ്രത്യക്ഷമല്ല.
വസ്തുബോധം (ജ്ഞാതതാ) ഉണ്ടാക്കാന്‍ വേണ്ട ചലനം എന്ന നിലക്ക് അതിനെ അനുമാനിക്കാന്‍ മാത്രമേ കഴിയൂ. ചലനം എന്നാല്‍ കുമാരിലഭട്ടന് വെറും അണുസ്പന്ദനം മാത്രമായിരുന്നില്ല. അത്തരം സ്പന്ദനത്തിനും കൂടി കാരണമാകാവുന്ന അതീന്ദ്രിയമായ ഒരു ക്രിയയാണ്. ജ്ഞാനം ചലനമാണെങ്കിലും നൈയ്യായികന്‍ കരുതുന്നതുപോലെ അതിനു കാരണമായ ഒരു ക്രിയയുടെ ഫലമല്ല. ന്യായശാസ്ത്രം ആത്മാവിന്റെ ഒരു ചലനത്തേയു അംഗീകരിക്കുന്നില്ല. പക്ഷേ ആശ മുതലായ ചില ഗുണങ്ങള്‍ അതിനോടു ചേരുമ്പോള്‍ അത് ഭൗതികമായ ചലനത്തിനു ഹേതുവാകുമെന്നു കരുതുന്നു. പ്രഭാകരനെപ്പോലെ കുമാരിലനും ജ്ഞാനം സ്വത: പ്രമാണമാണെന്നു കരുതുന്നു. അനുഭവത്തിലൂടെ പിന്നീടുണ്ടാകുന്ന അറിവിന് ആദ്യക്ഷണത്തിലുണ്ടായ അറിവിന്‍രെ പ്രാമാണ്യം നിശ്ചയിക്കാന്‍ വേണ്ട പ്രത്യേകഗുണമൊന്നുമില്ല. സംവാദി അഥവാ പിന്നീടുള്ള അനുഭവസാക്ഷ്യം എന്നു പറയപ്പെടുന്നത് പിന്നീടുള്ള അറിവ് എന്നതില്‍ കവിഞ്ഞൊന്നുമല്ല. ബാഹ്യവസ്തുക്കളെക്കുറിച്ചുള്ള അറിവില്‍ ആത്മാവ് പ്രകടമാകുന്നില്ല. എങ്കിലും ആത്മബോധത്തിന്റെ മാനസപ്രത്യക്ഷത്തിലൂടെ അതിനെ അറിയാന്‍ കഴിയും. സംഗ്രഹ ത്തിന്റെ ചില പ്രത്യേകസാഹചര്യങ്ങളുടെ സാന്നിധ്യത്തില്‍ ആത്മചലനം ഉണ്ടാകുകയും അത് ബാഹ്യവസ്തുവിനെക്കുറിച്ചുള്ള ബോധമുണ്ടാക്കുകയും ചെയ്യുന്നു. ഇതിനെയാണ് ജ്ഞാനം എന്നു പറയുന്നത്. ഇവിടെ കുമാരിലന് ചലനം എന്ന അറിവിനേയും വസ്തുബോധം എന്ന അറിവിനേയും വേര്‍തിരിച്ചു കാണുന്നു.
ചലനം ആകുന്ന അറിവ് ഇന്ദ്രിയപ്രത്യക്ഷത്തിന് അതീതമാണ്. അതിനെ അനുമാനിക്കാനേ കഴിയൂ. അറിവിനോടു മാത്രമാണ് നമുക്കു നേരിട്ടു ബന്ധമുള്ളതെന്ന തരത്തില്‍ അതിന്റെ സവിശേഷസ്വഭാവത്തെ സമര്‍ത്ഥിക്കാന്‍ ബൗദ്ധവിജ്ഞാനവാദം, സാംഖ്യം, മീമാംസ എന്നിവ യത്നിച്ചു. ഇതില്‍ നിന്നും അവയുടെ ആശയവാദപരമായ പ്രവണത വ്യക്തമാണ്. വിജ്ഞാനവാദമാകട്ടെ ബാഹ്യപ്രപഞ്ചത്തെ നിരസിക്കുക വഴി അറിവിന്റെ സാക്ഷ്യ ത്തിനോടു തന്നെ അനീതി കാണിച്ചു. സാംഖ്യന് ബാഹ്യലോകത്തെ അംഗീകരിച്ചെങ്കിലും അറിവിന്റെ ഉള്ളടക്കവും ശുദ്ധബുദ്ധിയും തമ്മില്‍ ഒരു വിടവു സൃഷ്ടിച്ചു. പ്രഭാകരന് ഇതിനെ അവഗണിച്ചു. അറിവ് അതിനോടൊപ്പം അറിയുന്നവനേയും അറിയപ്പെടുന്നതിനേയും പ്രകാശിപ്പിക്കുന്ന ഒരു സവിശേഷസത്തയാണെന്ന് ആത്മപരിശോധനാ ത്മകമായ സമര്‍ത്ഥനത്തില്‍ തൃപ്തിയടയുകയും ചെയ്തു. കുമാരിലന് ആകട്ടെ നമ്മുടെ വസ്തുബോധത്തിനു കാരണം ആയി ചലനം എന്ന ഒരു അതീന്ദ്രിയസത്തയെ അംഗീകരിച്ചു; പക്ഷേ അത് ആത്മാവില്‍ നിന്നും വ്യത്യസ്തമാണെന്നും കൂടി പറഞ്ഞു. പക്ഷേ, അറിവിന് അതിന്‍േതായ സവിശേഷസ്വഭാവമുണ്ടായിട്ടുംവസ്തുപ്രപഞ്ചവുമായി ബന്ധപ്പെടാന്‍ അതിന് എന്തുകൊണ്ടു കഴിയുന്നു? ബാഹ്യവസ്തുപ്രപഞ്ചവും അറിവിന്റെ പ്രപഞ്ചവും എത്രമാത്രം തീര്‍ത്തും സത്യങ്ങളാണ് എന്നു കരുതാം? എന്നീ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. വസ്തുപ്രപഞ്ചത്തോടുള്ള വ്യക്തികളുടെ ആകര്‍ഷണം, വസ്തുക്കളെ പ്രതിനിധാനം ചെയ്യുന്നതിലുള്ള നീതി പുലര്‍ത്തല്‍, നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാനുതകല്, പില്ക്കാലത്തെ അവിരുദ്ധമായ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തല്‍ എന്നിവയെ ആസ്പദമാക്കിക്കൊണ്ടുള്ള ആപേക്ഷികങ്ങളോ അപൂര്‍ണ്ണങ്ങളോ ആയ തീര്‍പ്പുകളെയാണ് നാം ഇതുവരെ കണ്ടത്. അറിവ്, ഭൗതികദ്രവ്യം എന്നിവയുടെ ആത്യന്തികസത്യത്തെക്കുറിച്ചുള്ള സംശയാതീതങ്ങളും പൂര്ണങ്ങളുമായ തീര്‍പ്പുകള്‍ സാധ്യമോ എന്നതിനെക്കുറിച്ച് മേല്‍ക്കണ്ട സിദ്ധാന്തങ്ങളൊന്നും തന്നെ ആരാഞ്ഞില്ല.
പഞ്ചേന്ദ്രിയങ്ങളിലൂടെ വെളിവായതിനെ സത്യമെന്നു കരുതി. എല്ലാ പ്രതീതിക്കും നിദാനമായ ഒരു ആത്യന്തികസത്യം, മാറ്റമേ ഇല്ലാത്ത ഒരു യാഥാര്‍ത്ഥ്യം എന്നൊന്നുണ്ടോ എന്ന ചോദ്യം ചോദിക്കപ്പെട്ടില്ല. തത്വചിന്താ പരമായ ഈ അന്വേഷണം, ഹിന്ദുമനസ്സിന്, അത്യന്തം ആവേശം നല്കുന്ന ഒന്നായിരുന്നു എന്നാണ് ദാസ്ഗുപ്ത ഈ വിശകലനത്തിന്റെ അവസാനം നിരീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: