മൂര്‍ത്തിത്രയത്തില്‍ സംഹാരമൂര്‍ത്തിയായ പരമശിവന്റെ ജന്മനാളാണ് ധനുമാസത്തിലെ തിരുവാതിര. വ്രതമെടുത്ത് എട്ടങ്ങാടിയൊരുക്കി വീട്ടുമുറ്റത്ത് ആട്ടവും പാട്ടുമായി, പാതിരാപ്പൂചൂടി മലയാളിമങ്കമാര്‍ മതിമറന്നാഘോഷിക്കുന്ന തിരുവാതിരനാള്‍. തമിഴ് ജനതയുടെയും പ്രധാന ആഘോഷങ്ങളില്‍ ഒന്നാണിത്. ആഘോഷം നമുക്ക് തിരുവാതിരകള്‍ വേറെയുണ്ട്. പൂത്തിരുവാതിര, പുത്തന്‍ തിരുവാതിര, ആഘോഷദിവസങ്ങളിലെ തിരുവാതിരക്കളി എന്നിവ. എന്നാല്‍ ധനുമാസ കുളിരുമായി എത്തുന്ന തിരുവാതിരയാണ് എല്ലാത്തിനും ആധാരം. കൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ ഗോപസ്ത്രീകള്‍ കാത്യായനീപൂജ നടത്തിയ ദിവസമാണെന്ന സങ്കല്‍പ്പവും ഇതിന്റെ ഐതിഹ്യമാണ്.
വ്രതാനുഷ്ഠാനം
തിരുവാതിര വ്രതം മകയിരം നക്ഷത്രത്തില്‍ തന്നെ ആരംഭിക്കുന്നു. ഈ വര്‍ഷം 1195 ധനു 23 പകല്‍ 3 മണി 51 മിനിറ്റ് മുതല്‍ മകയിരം നക്ഷത്രം ഉദിക്കും. ധനു 24 ന് പകല്‍ 3 മണി 37 മിനിട്ട് വരെ ഇത് തുടരും. അതു കഴിഞ്ഞാണ് തിരുവാതിര ഉദിക്കുക. തിരുവാതിര പുഴുക്ക്, എട്ടങ്ങാടി, കൂവക്കുറുക്ക് എന്നിവയാണ് തിരുവാതിര നിവേദ്യങ്ങള്‍. എട്ടങ്ങാടി തിരുവാതിരയ്ക്ക് മാത്രമായിട്ടുള്ള വിഭവമാണ്.
കടല, ചെറുപയര്‍, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, വന്‍പയര്‍ എന്നീ ധാന്യങ്ങളും അതിന്റെ കൂടെ കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്, കാച്ചില്, മധുരക്കിഴങ്ങ്, കൂര്‍ക്ക തുടങ്ങിയവയും ചേര്‍ത്ത് പാകം ചെയ്യുന്നതാണ് എട്ടങ്ങാടി നിവേദ്യം. ഇതില്‍ ധാന്യങ്ങള്‍ പുഴുങ്ങിയും, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ചുട്ട് എടുത്തുമാണ് ഉപയോഗിച്ചിരുന്നത്.
വ്രതം നോല്‍ക്കുന്ന യുവതികള്‍ മുറ്റത്ത് വിളക്ക് വെച്ച് ഗണപതി സ്തുതി പാടിയായിരുന്നു എട്ട് അങ്ങാടി നിവേദിച്ചിരുന്നത്. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി എല്ലാവരും ഇത് ഭക്ഷിക്കുകയും ചെയ്തിരുന്നു.അന്ന് ഒരു ഗ്രാമത്തിലെ സ്ത്രീകള്‍ ഏതെങ്കിലും ഒരു തറവാട് മുറ്റത്ത് ഒത്തുകൂടി ആണ് ഇതെല്ലാം ചെയ്തിരുന്നത്. സ്ത്രീകളുടെ ഉത്സവമാണ് തിരുവാതിര എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. പത്തുനാള്‍ മുമ്പേ സ്ത്രീകള്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പുഴയിലോ കുളത്തിലോ പോയി മുങ്ങി കുളിച്ച് അലക്കിയ വസ്ത്രം ധരിച്ച് നെറ്റിയില്‍ മഞ്ഞളും ചന്ദനവും കൊണ്ട് കുറിതൊട്ട് കുങ്കുമം കൊണ്ട് മംഗല്യതിലകം ചാര്‍ത്തി ദശപുഷ്പം ചൂടുമായിരുന്നു. പാതിരാപ്പൂ ചൂടല്‍ അഥവാ ദശാപുഷ്പം ചൂടുന്നത് തിരുവാതിരയിലെ പ്രധാന ചടങ്ങാണ്. കറുക, കൈയോന്നി, മുക്കൂറ്റി, നിലപ്പന, ഉഴിഞ്ഞ,ചെറൂള തിരുതാളി, മുയല്ച്ചെവി, കൃഷ്ണകാന്തി, പൂവാംകുരുന്നില എന്നിവയാണ് ദശപുഷ്പങ്ങള്‍.
മകയിരം നാളിലും രാവിലെ തേച്ച് കുളി നിര്‍ബന്ധമാണ്. ഉച്ചയ്ക്ക് സദ്യ. രാത്രി എട്ടങ്ങാടി നിവേദ്യം., കരിക്കും, നേത്രപ്പഴവും ആകാം, അരി അഹാരം കഴിക്കാന്‍ പാടില്ല. എന്നാല്‍ ചാമ അരിയോ, ഗോതമ്പരിയുടെയോ, ചോറോ, കഞ്ഞിയോ കഴിക്കാം. പൂര്‍വികര്‍ ധനുമാസത്തിലെ അശ്വതിനാള്‍ മുതല്‍ തിരുവാതിര നോയമ്പ് എടുത്തിരുന്നു. ഇപ്പോള്‍ അത് മകയിരം,തിരുവാതിര എന്നീ രണ്ട് ദിവസമായി ചുരുങ്ങി. മംഗല്യവതികളായ സ്ത്രീകള്‍ നെടുമാംഗല്യത്തിനും, കന്യകമാര്‍ വിവാഹസ്വപ്നം പൂവണിയാനും ഈ നോയമ്പ് നോക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: