കൊല്‍ക്കത്ത: ജെഎന്‍യുവിലെ അക്രമം പറഞ്ഞ് വിദ്യാര്‍ഥികളെ തെരുവിലിറക്കിയ ജാദവ്പുര്‍ സര്‍വകലാശാലയിലെ എസ്എഫ്‌ഐ നേതൃത്വത്തിന് തിരിച്ചടി. സര്‍വകലാശാലയിലെ എസ്എഫ്‌ഐ നേതാക്കളുടെ ലൈംഗികാതിക്രമത്തില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടികള്‍ കൂട്ടത്തോടെ സംഘടനയില്‍ നിന്ന് രാജിവച്ചു.
കുറച്ചുനാളുകളായി ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പുകഞ്ഞുകൊണ്ടിരുന്ന ലൈംഗിക അരാജകത്വ വിഷയമാണ് എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കിയത്. യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ യൂണിറ്റ് നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയില്‍ നിന്ന് 31 പെണ്‍കുട്ടികള്‍ രാജിവച്ചു. അസമയത്ത് എസ്എഫ്‌ഐ നേതാക്കള്‍ യോഗം ചേരുന്നതിനെക്കുറിച്ച് ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലെ പെണ്‍കുട്ടികള്‍ ആരോപണം ഉന്നയിച്ചതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. ഹോസ്റ്റലുകളിലെ രാത്രി യോഗങ്ങളിലെ അസ്വാഭാവികത, വസ്ത്രധാരണത്തിലുള്ള ഇടപെടല്‍ എന്നിവയടക്കം ഗുരുതരമായ ആരോപണങ്ങളാണ് സര്‍വകലാശാലയിലെ യൂണിറ്റ് നേതാക്കള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്. എസ്എഫ്ഐ നേതാക്കളുടെ ഇംഗിതത്തിനു വഴങ്ങാത്ത വിദ്യാര്‍ഥിനികള്‍ക്കെതിരേ ക്യാംപസില്‍ സദാചാര ഗുണ്ടായിസമാണ് നടക്കുന്നതെന്ന് അവര്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള പലവിധമുള്ള അധിക്ഷേപങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും യൂണിയന്‍ നേതാക്കളടക്കം കുറ്റക്കാരാണെന്ന ഗുരുതരമായ ആരോപണമാണ് രാജിവച്ച എസ്എഫ്ഐക്കാര്‍ ഉന്നയിക്കുന്നത്. എന്നാല്‍, സംഘടനയുടെ അച്ചടക്കം ലംഘിച്ചതിനു പെണ്‍കുട്ടികള്‍ക്കെതിരേ അന്വേഷണം നടക്കുകയാണെന്നും അവരെ പുറത്താക്കാന്‍ സംഘടന ഒരുങ്ങിയതു മൂലമാണ് രാജിയെന്നും പറഞ്ഞ് മുഖം രക്ഷിക്കാനാണ് എസ്എഫ്‌ഐ നേതൃത്വത്തിന്റെ നീക്കം.
നിരന്തരമായ ലൈഗിംകാതിക്രമ പരാതിയില്‍ എസ്എഫ്ഐ പുറത്തിറക്കിയ കത്ത് കഴിഞ്ഞ വര്‍ഷം മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. വര്‍ഷങ്ങളായി നടക്കുന്ന പ്രശ്നത്തില്‍ തെളിവില്ലെന്ന സ്ഥിരം ന്യായീകരണമാണ് ആ കത്തില്‍ എസ്എഫ്‌ഐ നേതാക്കളായ ദേബരാജ് ദേബ്നാഥും സന്ദീപ് നസ്‌ക്കറും നടത്തിയത്. ഒരു വിദ്യാര്‍ഥിനി എഴുതിയ പരാതിക്കത്തില്‍ പെണ്‍കുട്ടികളെ സ്ഥിരമായി ലൈംഗിക ചൂഷണം ചെയ്യുന്ന എസ്എഫ്‌ഐ നേതാവ് ഷഹാബുദ്ദീന്‍ ഖാനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. എസ്എഫ്ഐയുടെ പ്രധാന നേതാവ് പ്രതീക് ദാസ് സത്യമറിഞ്ഞിട്ടും പ്രതികരിച്ചില്ലെന്നും ആരോപിക്കുന്നു. ഇതിലൊന്നും നടപടിയില്ലാതെ വന്നതോടെയാണ് പെണ്‍കുട്ടികളടക്കം കൂട്ടരാജി വച്ച് പ്രതിഷേധിച്ചത്. എസ്എഫ്‌ഐയ്‌ക്ക് അനുകൂലമായ നിലപാടെടുക്കുന്ന സര്‍വകലാശാലയിലെ ചില അധ്യാപകരെ പേരെടുത്ത് കുറ്റപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
















