ന്യൂദല്‍ഹി: രാജ്യത്തെ നാണക്കേടിലാഴ്ത്തിയ നിര്‍ഭയ കേസിലെ പ്രതികള്‍ക്കെതിരെ ദല്‍ഹി പട്യാലഹൗസ് കോടതി മരണവാരന്റ് പുറപ്പെടുവിച്ചു. പ്രതികളെ 22ന് രാവിലെ ഏഴ് മണിക്ക് തൂക്കിലേറ്റും. നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അക്ഷയ് ഠാക്കൂര്‍, പവന് ഗുപ്ത, വിനയ് ശര്‍മ്മ, മുകേഷ് സിങ് എന്നിവരുടെ ശിക്ഷയാണ് വിധിച്ചത്. വിധില്‍ സന്തോഷമെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.
പ്രതികള്‍ക്ക് നിയമനടപടികള്‍ 14 ദിവസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കോടതി പറഞ്ഞു. വധശിക്ഷക്കെതിരെ പ്രതികളായ വിനയ് ശര്‍മ്മയും മുകേഷ് സിങും തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചതായി അമിക്കസ്ക്യൂറി പട്യാല ഹൗസ് കോടതിയില്‍ അറിയിച്ചിരുന്നു. തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് മരണവാറന്റ് പുറപെടുവിക്കുന്നതിനു തടസമല്ലെന്ന് പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു.
വിഡിയോ കോണ്‍ഫറന്‍സ് വഴി ജഡ്ജി പ്രതികളുമായി സംസാരിച്ചു. മാധ്യമവിചാരണ നടക്കുന്നതായി പ്രതി മുകേഷ് കോടതിയെ ബോധിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ പുറത്തു പോകണമെന്ന് പട്യാലഹൗസ് കോടതി ജഡ്ജി ഉത്തരവിട്ടു.
നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കരുതെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. നിയമവഴികള്‍ പൂര്‍ണമായി അടയാതെ വധശിക്ഷ പാടില്ലെന്നും തിരുത്തല്‍ ഹര്‍ജിയും ദയാ ഹര്‍ജിയും നല്കാന് അവകാശമുണ്ടെന്നും പ്രതികള്‍ പറയുന്നു. വധശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് സിങ് നല്കിയ ഹര്‍ജി ഡിസംബര്‍ 18ന് സുപ്രീം കോടതി തള്ളിയിരുന്നു.
2012 ഡിസംബര്‍ 16നു രാത്രി ഒന്പതിനു ദല്‍ഹി വസന്ത് വിഹാറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിനിരയായത്. ഡിസംബര്‍ 29നു വിദഗ്ധ ചികിത്സയ്ക്കിടെ സിംഗപ്പുരിലെ ആശുപത്രിയിലാണു പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട ആറു പേരെ പൊലീസ് പിടികൂടി. മുഖ്യപ്രതി ഡ്രൈവര്‍ രാംസിങ് 2013 മാര്‍ച്ചില്‍ ജയിലില്‍ ജീവനൊടുക്കി. ഒരാള്‍ക്കു 18 വയസ്സ് തികയാത്തതിന്റെ ആനുകൂല്യം ലഭിച്ചു. രാംസിങ്ങിന്റെ സഹോദരന് മുകേഷ്, വിനയ് ശര്‍മ, പവന് ഗുപ്ത, അക്ഷയ് ഠാക്കൂര്‍ എന്നീ നാലു പ്രതികള്‍ക്കു വിചാരണ കോടതി നല്കിയ വധശിക്ഷ, ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: