കൊല്‍ക്കത്ത: കുറച്ചുനാളുകളായി ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പുകഞ്ഞുകൊണ്ടിരുന്ന ലൈംഗിക അരാജകത്വ വിഷയം പൊട്ടിത്തെറിയിലേക്ക്. യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ യൂണിറ്റ് നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയില്‍ നിന്ന് പെണ്‍കുട്ടികളുടെ കൂട്ടരാജി. 31 പെണ്‍കുട്ടികളടക്കമാണ് രാജിവച്ചത്. അസമയത്ത് നേതാക്കളുടെ മീറ്റിംഗ്, ഹോസ്റ്റലുകളിലെ രാത്രി മീറ്റിംഗിലെ അസ്വാഭാവികത, വസ്്ത്രധാരണത്തിലുള്ള ഇടപെടല്‍ എന്നിവയടക്കം ഗുരുതരമായ ലൈംഗികാരോപണങ്ങളാണ് സര്‍വ്വകലാശാലയിലെ യൂണിറ്റ് നേതാക്കള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. എസ്എഫ്ഐ നേതാക്കളുടെ ഇംഗിതത്തിനു വഴങ്ങാത്ത വിദ്യാര്‍ഥിനികള്‍ക്കെതിരേ ക്യാംപസില്‍ സദാചാര ഗുണ്ടായിസമാണ് നടക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന പലവിധമുള്ള അധിക്ഷേപങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും യൂണിയന് നേതാക്കളടക്കം കുറ്റക്കാരാണെന്ന ഗുരുതരമായ ആരോപണമാണ് രാജിവച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. എന്നാല്‍, സംഘടനയുടെ അച്ചടക്കം ലംഘിച്ചതിനു പെണ്‍കുട്ടികള്‍ക്കെതിരേ അന്വേഷണം നടക്കുകയാണെന്നും അവരെ പുറത്താക്കാന്‍ സംഘടന ഒരുങ്ങിയതു മൂലമാണ് രാജിയെന്നുമാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ ന്യായീകരണം.
2019ല്‍ നിരന്തരമായ ലൈഗിംകാതിക്രമ പരാതിയില്‍ എസ്എഫ്ഐ പുറത്തിറക്കിയ കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. വര്‍ഷങ്ങളായി നടക്കുന്ന പ്രശ്നത്തില്‍ തെളിവില്ലെന്ന സ്ഥിരം ന്യായീകരണമാണ് കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടന നേതാവ് ദേബരാജ് ദേബ്നാഥും സന്ദീപ് നസ്ക്കറും നടത്തിയത്. ഒരു വിദ്യാര്‍ത്ഥിനി എഴുതിയ പരാതിക്കത്തില്‍ പെണ്‍കുട്ടികളെ സ്ഥിരമായി ലൈംഗിക ചൂഷണം ചെയ്യുന്ന ഷഹാബുദ്ദീന് ഖാനെതിരെ വിദ്യാര്‍ത്ഥിനിയുടെ കത്തും പുറത്തുവന്നു. ഇതില്‍ എസ്എഫ്ഐ നേതാവ് പ്രതീക് ദാസ് സത്യമറിഞ്ഞിട്ടും പ്രതികരിച്ചില്ലെന്നും ആരോപിക്കുന്നു. ഇത്രയും സംഭവങ്ങളിലൊന്നും നടപടി ഇല്ലാതെ വന്നതോടെയാണ് ഇന്ന് പെണ്‍കുട്ടികളടക്കം കൂട്ടരാജി വച്ച് പ്രതിഷേധിച്ചത്.
ഇതിനിടെ 2017ല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ലൈംഗിക പീഡനത്തിന്റെ പേരില്‍ സമരം നടത്തിയിരുന്നുവെന്ന വാര്‍ത്തയും പുറത്തായി. സര്‍വ്വകലാശാലയിലെ ചില അധ്യാപകരടക്കം ലൈംഗിക വിഷയത്തില്‍ കുറ്റക്കാരാണെന്നും പേരെടുത്ത് കുറ്റപ്പെടുത്തുന്ന പ്രക്ഷോഭത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: