ചെറുകോല്‍പ്പുഴ: കഥകളിയെന്ന കല ജാതിക്കും മതത്തിനും അതീതമാണെന്ന് പത്മശ്രീ ഡോ. കലാമണ്ഡ ലം ഗോപി പറഞ്ഞു. അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കഥകളിമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥകളിയെന്നല്ല ഒരു കലയ്‌ക്കും ഭ്രഷ്ട് കല്‍പ്പിച്ച നാടല്ലിത്. എല്ലാവരേയും ഒത്തൊരുമിച്ച് കൊണ്ടുപോകുന്ന സംസ്‌കാരമാണുള്ളത്. കുട്ടികളുടെ മാനസികമായ വളര്‍ച്ചയ്‌ക്ക് കഥകളി ഉപകരിക്കും.
1995 ല്‍ താനും കവി കടമ്മനിട്ട രാമകൃഷ്ണനും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത കഥകളി ക്ലബ്ബ് പത്തനംതിട്ടയുടെ മാത്രമല്ല കലാലോകത്തിന്റെയും പൊന്‍തൂവലായി മാറിയതില്‍ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്തു.
കലാമണ്ഡലം ഗോപിയില്‍ നിന്ന് നാട്യഭാരതി അവാര്‍ഡ് ഏറ്റുവാങ്ങിയ കഥകളി ചെണ്ട വാദകന്‍ കലാഭാരതി ഉണ്ണികൃഷ്ണന്‍ അദ്ദേഹത്തെ സാഷ്ടാംഗം പ്രണമിച്ചു. പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍ പുരസ്‌ക്കാരം സാഹിത്യ നിരൂപകന്‍ ഡോ. പി.കെ. രാജശേഖരന് സമ്മാനിച്ചു.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്‌പെഷ്യല്‍ കവറിന്റേയും സ്റ്റാമ്പിന്റേയും പ്രകാശനം പോസ്റ്റല്‍ സര്‍വ്വീസ് ഡയറക്ടര്‍ സെയ്ദ് റഷീദ് കലാമണ്ഡലം ഗോപിക്കു നല്‍കി നിര്‍വഹിച്ചു. ഡോ. ജോസ് പാറക്കടവില്‍ ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തി.
കഥകളി നടന്‍ തോന്നയ്‌ക്കല്‍ പീതാംബരന്‍ രചിച്ച പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ കഥകളി, ട്രയിനിഡറ ഓഫ് ആന്‍ ആക്ടര്‍ എന്ന കൃതി പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വി.എന്‍. ഉണ്ണി അധ്യക്ഷത വഹിച്ചു. പ്രസാദ് കൈലാത്ത്, ദിലീപ് അയിരൂര്‍,
പി. പി. രാമചന്ദ്രന്‍ പിള്ള, ടി.ആര്‍. ഹരികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം നളചരിതത്തിലെ കേശിനീമൊഴി, പ്രലോഭനം എന്നീ രംഗങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു.
നാട്യഭാരതി മഹാദേവന്‍, കലാനിലയം രാകേഷ് എന്നിവരുടെ സന്ധ്യാകേളിക്കു ശേഷം കെ.എല്‍. കൃഷ്ണമ്മ നളചരിതം ഒന്നാം ദിവസം ആദ്യഭാഗം കഥകളിക്ക് ആട്ടവിളക്ക് തെളിച്ചു.
















