അസുരഗുരുവായ ശുക്രാചാര്യര്‍ക്ക് അസുരരാജാവായ മഹാബലിയെ ഉപദേശിക്കുമ്പോള്‍ അല്‍പം ആസുരബുദ്ധി കടന്നുകൂടുന്നത് സ്വാഭാവികം. ലൗകിക ജീവിതത്തിനുതകുന്ന ചില ന്യായങ്ങളാണ് അതിനായി നിരത്തുന്നത്. ആത്മരക്ഷയ്‌ക്കു വേണ്ടി ചിലപ്പോള്‍ അസത്യവുമാകാം എന്ന് ശുക്രാചാര്യര്‍ പറയുന്നത് എന്റേത് എന്നു കരുതുന്നതിനെ രക്ഷിക്കാന്‍ മാത്രമാണ്. എന്നാല്‍ ആ അസത്യവും സല്‍കീര്‍ത്തിക്ക് ഹാനികരമാകും എന്ന് ഓര്‍മിപ്പിക്കാനും അദ്ദേഹം മടിക്കുന്നില്ല.
‘സ്ത്രീഷു നര്‍മ വിവാഹേച വ്യര്‍ഥേ പ്രാണസങ്കടേ
ഗോബ്രാഹ്മണാര്‍ഥ ഹിംസായാം നാനൃതം സ്യാജ് ജുഗുപ്‌സിതം’
സ്ത്രീകളോടു സംസാരിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി അല്‍പം അസത്യമാകാം. സത്യം സത്യമായിത്തന്നെ പറഞ്ഞാല്‍ കേള്‍ക്കുന്നയാള്‍ സമ്മര്‍ദ്ദത്തിലാകുമെന്ന് തോന്നിയാല്‍ സത്യം ഒഴിവാക്കുന്നതില്‍ തെറ്റില്ല. വേണ്ടപ്പെട്ട ആരെങ്കിലും മരിച്ച വിവരമോ, കടുത്ത അസുഖ ബാധിതനാകുമ്പോഴോ അപകടഘട്ടത്തിലോ എല്ലാം സ്ത്രീയോട് അസത്യ വചനം ആകാം. നര്‍മസംഭാഷണങ്ങള്‍ക്കിടയിലും അല്‍പം അസത്യമൊക്കെയാവാം. പഞ്ചസാരപ്പായസത്തിന്റെ കയ്പിനെക്കുറിച്ചും കൈപ്പിഴവന്നതുകൊണ്ടുള്ള ഗ്രഹപ്പിഴയെക്കുറിച്ചുമെല്ലാം ഈ അസത്യം ആസ്വദിക്കപ്പെടുകയും കീര്‍ത്തി വര്‍ധകമാവുകയും ചെയ്യും.
വിവാഹം മുടങ്ങാതിരിക്കാന്‍ ചില സത്യങ്ങള്‍ മൂടിവെയ്‌ക്കപ്പെടാറുണ്ട്. നിത്യവൃത്തി കഴിയാനും പ്രാണന് നാശമുണ്ടാകും എന്ന് തോന്നുമ്പോള്‍ അതൊഴിവാക്കാനും അസത്യമാകാം. മൃഗങ്ങളേയും ബ്രഹ്മജ്ഞാനികളേയും രക്ഷിക്കാനും ഹിംസ ഒഴിവാക്കാനും അസത്യമാകാം.
കാണുന്നവന്‍ പറയുന്നില്ല, പറയുന്നവന്‍ കാണുന്നില്ല എന്ന് ദേവീഭാഗവതത്തില്‍ സത്യവ്രതന്‍ പറയുന്നത് ഹിംസ ഒഴിവാക്കാനാണ്. ആ അര്‍ധസത്യം അദ്ദേഹത്തിന് പ്രസിദ്ധി നേടിക്കൊടുത്തു. അദ്ദേഹം ആരാധിക്കപ്പെടുകയും സ്ഥാനമാനങ്ങള്‍ ലഭ്യമാകുകയും ചെയ്തു.
ശുക്രാചാര്യരുടെ ഉപേദശങ്ങളെ തള്ളിക്കളയാതെ തന്നെ അസത്യത്താല്‍ സദ്കീര്‍ത്തിക്ക് ഭംഗമുണ്ടാകും എന്ന ഗുരുവചനത്തെ പിടിച്ച് മഹാബലി തന്റെ നിലപാട് വ്യക്തമാക്കി. ഭൂമീദേവി സര്‍വംസഹയാണ്. അസത്യവാദിയെ ഒഴികെ എന്തിനേയും ക്ഷമിക്കാനും സഹിക്കാനും ഭൂമീദേവിക്കു കഴിയും. അസത്യവാദി ഭൂമീദേവിക്ക് ഭാരം തന്നെയാണ്.
‘നാഹം ബിഭേമി നിരയാ
ന്നാധന്യാദസുഖാര്‍ണവാത്
ന സ്ഥാനച്യവനാന്മൃത്യോര്‍
യഥാവിപ്രലംഭനാത്”
ദുരിതങ്ങളേയും ദുഃഖ
പാരാവാരങ്ങളേയും എനിക്ക് ഭയമൊന്നുമില്ല. സ്ഥാനനഷ്ടങ്ങളേയോ, മരണത്തെപ്പോലുമോ ഞാന്‍ ഭയപ്പെടുന്നില്ല. എന്നാല്‍ ഈ വിശേഷപുരുഷന് വിരാട് പുരുഷന്‍ നല്‍കിയ വാക്ക് പാലിക്കപ്പെടണം. അല്ലെങ്കില്‍ തന്നെ ഈ സ്ഥാനമാനങ്ങളും സമ്പത്തുമെല്ലാം ഇവിടെ ഉപേക്ഷിച്ചു പോകാനുള്ളതാണല്ലോ. ഇവിടെ നേടിയതൊന്നും ആരും തിരിച്ചുപോകുമ്പോള്‍ കൊണ്ടുപോകില്ല. ദധീചി, ശിബി തുടങ്ങിയവര്‍ ദാനം പൂര്‍ത്തീകരിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ വിവേകികളാണ്. പ്രാണന്‍ കളഞ്ഞും ദാനം നിര്‍വഹിക്കണമെന്ന് അവര്‍ പഠിപ്പിച്ചിട്ടുണ്ടല്ലോ. ഉപേക്ഷിക്കാനുള്ള മനസ്സിന്റെ ത്യാഗശക്തി അവര്‍ സ്വജീവിതത്തിലൂടെ പഠിപ്പിച്ചതാണ്.
എനിക്കു മുന്‍പും അസുരന്മാര്‍ ത്രിലോകങ്ങളും പിടിച്ചടക്കിയിട്ടുണ്ട്. അവര്‍ക്കൊക്കെ എല്ലാം ഉപേക്ഷിച്ചു പോകേണ്ടതായും വന്നു. കാലം അവരെയെല്ലാം പുറത്താക്കി. ഗുരുദേവാ അങ്ങുതന്നെ പറഞ്ഞു ഇവിടെ ഭിക്ഷാംദേഹിയായി വന്നിരിക്കുന്ന വടു സാധാരണക്കാരനല്ലെന്ന്. അതും ഏറെ സന്തോഷകരം. എന്റെ ഭാഗ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: