തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ സംഘടനക്കെതിരെ ഹൈക്കോടതി. സംഘടനയില്‍ ഉള്ളവര്‍ ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്ന് ഡിവൈഎഫ്‌ഐയോട് ഹൈക്കോടതി ഉപദേശിച്ചു. വാടാനാപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇപ്രകാരം ഒരു ഉപദേശം ഡിവൈഎഫ്‌ഐയ്‌ക്ക് നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഇക്കാര്യം പറഞ്ഞത്.
സ്ത്രീകളോടും പ്രത്യേകിച്ച് സ്വന്തം സംഘടനയിലെ പട്ടിക വിഭാഗത്തിലുള്ള സഹപ്രവര്‍ത്തകരായ വനിതകളോടും മാന്യമായി പെരുമാറണം. യുവാക്കളായ പ്രതികള്‍ ജീവിതത്തിലും പൊതു പ്രവര്‍ത്തരംഗത്തും അവസരത്തിനൊത്ത് ഉയരണമെന്നും കോടതി ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ പട്ടികജാതിക്കാരനടക്കം അഞ്ച് പേര്‍ക്കെതിരെ വാടാനാപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഡിവൈഫ്‌ഐ നേതാക്കളായ വാടാനപ്പള്ളി സ്വദേശി ജാഫര്‍ സാദിഖ്, തൃശൂര്‍ സ്വദേശികളായ എ.എം.ഫഹദ് ,എ.എസ്.സബിത്, എ.എസ്.ശ്രീജിത്, സദ്ദാം ഹുസൈന്‍ എന്നിവര്‍ക്കെതിരെ പട്ടിക ജാതി -വര്‍ഗ പീഡന നിരോധന നിയമം അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ തന്നോട് ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയെന്നും പരാതിപ്പെട്ടാല്‍ തങ്ങളുടെ കൈവശമുള്ള നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെനാണ് യുവതിയുടെ പരാതി.
















