കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ജില്ലയിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി യൂത്ത് ലീഗ്. മന്ത്രി കേരളത്തിലെത്തുന്ന ദിവസം കറുത്ത മതില്‍ (ബ്ലാക്ക് വാള്‍) പ്രതിഷേധം തീര്‍ക്കുമെന്ന് വെല്ലുവിളിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് പറഞ്ഞു.
ജനുവരി 15-ാം തിയതി കരിപ്പൂര്‍ വിമാനത്താവളം മുതല്‍ വെസ്റ്റ്ഹില്‍ ഹെലിപ്പാഡ് വരെ 35 കിലോമീറ്റര്‍ ദൂരത്തിലാണ് ബ്ലാക്ക് വാള്‍ തീര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. റോഡിന് ഇരുവശവും കറുത്ത വസ്ത്രം ധരിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പ്രതിഷേധ മതില്‍ തീര്‍ക്കുന്നത്. പ്രതിഷേധത്തില്‍ ഒരു ലക്ഷം പേര്‍ പങ്കാളികളാകുമെന്നാണ് യൂത്ത് ലീഗിന്റെ വാദം.
ബ്ലാക്ക് വാളിന് മുന്നോടിയായി സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12-ന് 1893ല്‍ ചിക്കാഗോയില്‍ വിവേകാനന്ദന്‍ നടത്തിയ പ്രസംഗം പ്രിന്റ് ചെയ്ത് ബസ്സ്സ്റ്റാന്റുകളും കവലകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുമെന്നും യൂത്ത് ലീഗ് അറിയിച്ചു.
















