ബെംഗളൂരു : രണ്ട് മാസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് കൊടുത്ത ശേഷം പശ്ചാത്താപത്താല്‍ മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. എഞ്ചിനീയറായ ഭര്‍ത്താവും സ്വകാര്യ കോളേജ് അദ്ധ്യാപികയായ മാതാവുമാണ് കുഞ്ഞിനെ നോക്കാന്‍ സമയമില്ലാത്തതിനാല്‍ നിയമ വിരുദ്ധമായി ദത്ത് കൊടുത്തത്. എന്നാല്‍ പിന്നീട് ഇവര്‍ക്ക് പശ്ചാത്താപമുണ്ടാകുകയും സ്വന്തം കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സ്വകാര്യ കോളജിലെ അധ്യാപികയായ 35 കാരി ഇക്കഴിഞ്ഞ ഒക്ടോബര്‍ 23 നാണ് ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ രണ്ട് പേര്‍ക്കും ജോലി തിരക്കായതിനാല്‍ ആദ്യം കുഞ്ഞിനെ നോക്കാന്‍ ആളെ നിയമിച്ചെങ്കിലും ആരും സ്ഥിരമായി നില്‍ക്കാതെ വന്നതോടെയാണ് ദത്ത് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ഭര്‍ത്താവിന്റെ ബന്ധുവായ മൈസൂരു സ്വദേശിയെ അറിയിച്ചു. ഇയാള്‍ കണ്ടെത്തിക്കൊണ്ടു വന്ന ദമ്പതികള്‍ക്ക് കുഞ്ഞിനെ നിയമവിരുദ്ധമായി ദത്തു നല്‍കുകയും ചെയ്തു. ഡിസംബര്‍ 16നാണ് കുഞ്ഞിനെ കൈമാറിയത്. എന്നാല്‍ പിന്നീട് കുഞ്ഞിനെ കുറിച്ച് ആലോചിച്ച് വിഷമിച്ച ഇവര്‍ ദത്തെടുക്കാന്‍ ആളെ കൊണ്ടു വന്ന ബന്ധുവിനെ വിളിച്ചെങ്കിലും ഇയാള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല . കുട്ടിയെ കൊണ്ടു പോയവരെക്കുറിച്ചും വിവരമൊന്നും ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് പോലീസിനെ സമീപിച്ചത്. തെറ്റു പറ്റിയെന്നും എങ്ങനെയെങ്കിലും കുഞ്ഞിനെ കണ്ടെത്തി തരണമെന്നുമാണ് ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടത്. നിയമവിരുദ്ധമായി ദത്ത് കൊടുത്ത പേരില്‍ പോലീസ് ഇവര്‍ക്കെതിരെയും ഇടനിലക്കാരനെതിരേയും കേസ് എടുത്തിട്ടുണ്ട്.
















