ന്യൂദല്‍ഹി: എതിര്‍പ്പുകള്‍ മാറ്റി വെച്ച് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പിലാക്കുന്ന ബിജെപി സര്‍ക്കാര്‍ ഇതര സംസ്ഥാനമാകാന്‍ ബീഹാര്‍. മെയ് 15 മുതല്‍ ബിഹാറില്‍ എന്‍.പി.ആര്‍ (ദേശീയ ജനസംഖ്യ പട്ടിക) സര്‍വേക്ക് തുടക്കം കുറിക്കുമെന്ന് ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ സ്ഥിതിക്ക് ജനസംഖ്യാ രജിസ്റ്ററിനുള്ള വിവരശേഖരണം നടത്തുന്നതില്‍ തെറ്റില്ലെന്നാണ് ജനതാദള്‍ യുനൈറ്റഡ് വ്യക്തമാക്കി. ജെഡിയു വൈസ് പ്രസിഡണ്ട് പ്രശാന്ത് കിഷോര്‍ അടക്കമുള്ളവരുടെ നിലപാട് തള്ളിയാണ് ഉപമുഖ്യമന്ത്രി ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങളും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളില്‍ ഭാഗഭാക്കാണം. നിയമപരമായ ബാധ്യതയായതിനാല്‍ ഇതില്‍ നിന്നും ഒഴിവാകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ എന്‍പിആര്‍ നടപ്പാക്കാനാകില്ലെന്ന് പറയുകയാണെങ്കില്‍ അയാള്‍ക്കെതിരെ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നും സുശീല്‍ മോദി വ്യക്തമാക്കി. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ മെയ് 28നകം പൂര്‍ത്തിയാക്കുമെന്നും സുശീല്‍കുമാര്‍ മോദി വ്യക്തമാക്കി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് അടക്കമുള്ളവ തള്ളിയാണ് ബീഹാര്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
















