Categories: India

സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഡിവിഷന്‍ കമാന്‍ഡോ വിഭാഗവും റാവത്തിന് കീഴില്‍

കോട്ടയം: കര, നാവിക, വ്യോമസേനകളുടെ ഏകോപനം, സേനകളുടെ പരിശീലനം, ആയുധസംഭരണം, സേനകള്‍ക്കുള്ള തന്ത്രം മെനയല്‍, പ്രതിരോധ വകുപ്പിനു കീഴിലുള്ള സേനാകാര്യവകുപ്പിന്റെ ചുമതല, ആണവ കരാര്‍ അതോറിറ്റിയുടെ ഉപദേശകന്‍ എന്നീ ചുമതലകള്‍ വഹിക്കുന്ന സൂപ്പര്‍ ജനറലാണ് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇതിനു പുറമേ പ്രതിരോധ ബഹിരാകാശ ഏജന്‍സി, ഡിഫന്‍സ് സൈബര്‍ ഏജന്‍സി, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഡിവിഷന്‍ കമാന്‍ഡോ വിഭാഗം എന്നിവ അദ്ദേഹത്തിന്റെ കീഴിലെത്തും. 

 മിന്നലാക്രമണങ്ങളുടെ നായകന്‍ സംയുക്ത സൈനിക മേധാവിയായി വന്നത് അതീവ ആശങ്കയോടെയാണ് പാക്കിസ്ഥാനും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ കാണുന്നത്. മൂന്ന് സേനാമേധാവികള്‍ക്കും ഒപ്പം തന്നെ ഫോര്‍ സ്റ്റാര്‍ പദവിയില്‍ തന്നെയാണ് റാവത്തിന്റെ നിയമനം. ഇനി ഒരു യുദ്ധം ഉണ്ടായാല്‍ അവിടെ ഉണ്ടാകുന്ന സൈനിക നീക്കങ്ങള്‍ ഞൊടിയിടയിലായിരിക്കും. മൂന്ന് സേനകളും, അര്‍ദ്ധ സൈനിക വിഭാഗങ്ങളും,  അടക്കം പങ്കാളികളാവേണ്ട സാഹചര്യം വരും. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ സംയുക്തസേനാ മേധാവി സേനകളെ നിയന്ത്രിച്ചാല്‍ മാത്രമേ യുദ്ധത്തില്‍ വിജയിക്കാന്‍ സാധിക്കു. അയല്‍ രാജ്യങ്ങളില്‍ നിന്നുണ്ടാവുന്ന ഭീഷണികളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് സംയുക്ത സൈനിക മേധാവിയുടെ നിയമനം. കാര്‍ഗില്‍ യുദ്ധവേളയില്‍ സംയുക്ത സൈനിക മേധാവി ഉണ്ടായിരുന്നെങ്കില്‍ യുദ്ധത്തിന്റെ ഫലം തന്നെ മറ്റൊന്ന് ആകുമായിരുന്നു. 1960 കള്‍ മുതല്‍ സിഡിഎസ് വേണമെന്ന ആവശ്യം പലഘട്ടങ്ങളിലായി ഉയര്‍ന്നിരുന്നു. 1999ല്‍ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം കെ. സുബ്രഹ്മണ്യം തലവനായ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അന്നത്തെ ഉപ പ്രധാനമന്ത്രിയായിരുന്ന എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതിയും, 2011 ല്‍ നരേഷ് ചന്ദ്ര സമിതിയും തുടര്‍ന്ന് ലഫ്റ്റനന്റ് ജനറല്‍ ഷേക്കത്കര്‍ സമിതിയും സിഡിഎസ് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. സിഡിഎസ് നിലവില്‍ വന്നതോടെ മൂന്ന് സേനകളിലുള്ള കമാന്‍ഡുകളുടെ ഏകീകരണം ഔദ്യോഗികമായി നടന്നു കഴിഞ്ഞു. നിലവില്‍ കരസേനയ്‌ക്ക് ഏഴും, വ്യോമസേനയ്‌ക്ക് ആറും നാവികസേനയ്‌ക്ക് മൂന്നും, ആന്‍ഡമാന്‍ നിക്കോബാര്‍ ഉള്‍പ്പെടുന്ന പ്രത്യേക കമാന്‍ഡുമാണ് ഉള്ളത്. നിലവില്‍ ഈ കമാന്‍ഡുകളെല്ലാം സംയുക്ത സൈനിക മേധാവിയുടെ കീഴിലായി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക