ന്യൂദല്‍ഹി: രാജസ്ഥാനിലെ കോട്ട ജെകെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനുള്ളില്‍ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണ് ശിശുമരണ നിരക്ക് ഇത്രയേറെ ഉയരാന്‍ കാരണം. വലിയ പ്രതിഷേധമാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ഉയരുന്നത്. ആശുപത്രി പരിസരത്തുനിന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്ന അമ്പതിലേറെ പന്നികളെ ഇന്നലെ നഗരസഭ പിടികൂടി മാറ്റി.
അതിനിടെ നവജാത ശിശുക്കള്‍ മരിച്ചത് തണുത്തുവിറച്ചാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കാനുള്ള സജ്ജീകരണങ്ങള്‍ പോലും ഇവിടെയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ശരീരത്തിലെ ചൂട് അതിവേഗം നഷ്ടപ്പെടുന്ന അവസ്ഥ(ഹൈപ്പോ തെര്‍മിയ)യാണ് മരണകാരണം. ഊഷ്മാവ് കൃത്യമായി നിലനിര്‍ത്താനുള്ള സംവിധാനം ഇവിടെയില്ല.
കുട്ടികളുടെ ശരീേരാഷ്മാവ് 35 ഡിഗ്രിയിലും താഴെയെത്തി. കുറഞ്ഞത് 37 ഡിഗ്രിയെങ്കിലും വേണ്ടിടത്താണിത്. ജീവന് നിലനിര്‍ത്താന്‍ ആവശ്യമായ ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ 111 എണ്ണം ഉണ്ടായിരുന്നുവങ്കിലും 81 എണ്ണവും കേടാണ്. റിപ്പോര്‍ട്ടില്‍ പറയന്നു.
എന്നാല്‍, വിഷയത്തില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കാതെ, കുട്ടികളുടെ മരണം തടയാനാവശ്യമായ എല്ലാ നടപടികളും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷ്വര്ധന്റെ നിര്‍ദേശപ്രകാരം ദല്‍ഹിയില്‍ നിന്നുള്ള വിദഗ്ധ സംഘം കോട്ട ആശുപത്രിയിലെത്തി ചികിത്സാ മേല്‍നോട്ടം ഏറ്റെടുത്തു. എയിംസില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെയാണ് ഇവിടേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്.
ഇതിനിടെ, രാജസ്ഥാന് സര്‍ക്കാരിനെ വിമര്‍ശിച്ച് സംസ്ഥാന ഉപമുഖ്യമന്ത്രി കൂടിയായ സച്ചിന് പൈലറ്റ് രംഗത്തെത്തി. മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കുന്ന പ്രതികരണമാണ് പൈലറ്റ് നടത്തിയത്. നിരവധി കുട്ടികള്‍ കോട്ടയില്‍ മരിച്ചെന്നും അതിന്റെ ഉത്തരവാദിത്വം നമുക്കാണെന്നും സച്ചിന് പൈലറ്റ് തുറന്നടിച്ചു.
പതിമൂന്ന് മാസം പിന്നിട്ട സര്‍ക്കാര്‍, ശിശുമരണങ്ങളുടെ ഉത്തരവാദിത്വം മുന്‍ സര്‍ക്കാരിനാണെന്ന് ന്യായീകരിക്കുന്നത് തെറ്റാണ്. ബിജെപി സര്‍ക്കാരിന്റെ കാലത്തും കുട്ടികള്‍ മരിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സച്ചിന് പൈലറ്റ് വിശദീകരിച്ചു.
ഇത്രയധികം കുട്ടികള്‍ നമ്മുടെ സംസ്ഥാനത്ത് മരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം നമ്മള് ഏറ്റെടുക്കണം. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പ്രതികരണം കൂടുതല്‍ അനുകമ്പയോടെയും സൂക്ഷ്മതയോടെയും വേണമെന്നും പൈലറ്റ് ചൂണ്ടിക്കാട്ടി. കോട്ടയിലെ ശിശുമരണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെയാണ് സച്ചിന് പൈലറ്റ് തന്നെ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് കുട്ടികള്‍ കൂട്ടത്തോടെ മരിക്കാന്‍ കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എന്തൊക്കെ സഹായങ്ങളാണ് ആവശ്യമെന്ന് അറിയിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അവ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കോട്ട എംപി കൂടിയായ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള സ്ഥലത്തെത്തി കുട്ടികള്‍ മരിച്ച മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: