നോവല്‍ സിനിമയാക്കുമ്പേള്‍ പ്രമേയത്തേക്കാള്‍ അവതരണത്തിനാണ് പ്രാധാന്യം. ആര്. ഉണ്ണിയുടെ നോവല്‍ റോഷന് ആന്‍ഡ്രൂസ് വെള്ളിത്തിരയിലെത്തിക്കുമ്പോള്‍ പ്രമേയത്തേക്കാള്‍ മനോഹരമാകുന്നു അവതരണം.
സെയില്‍സ് ഗേളായ മാധുരിയുടെ ജീവിതത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ജീവിതത്തില്‍ അവിചാരിതമായുണ്ടാകുന്ന ഒരു സംഭവം ജീവിതം മാറ്റിമറിക്കുന്നു. സ്ഥാപനത്തിലേക്കുള്ള ബസ് യാത്രക്കിടയില്‍ തന്നോട് അപമര്യാദയായി പെരുമാറുന്ന ആന്റപ്പന് എന്ന വ്യക്തിയോടുള്ള പക മാധുരിയുടെ ജീവിതത്തെ സംഘര്‍ഷഭരിതമാക്കുന്നു. എങ്ങനെയും ഒരു അടിയെങ്കിലും തിരിച്ച് നല്‍കണമെന്ന് മാധുരി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്. ആന്റപ്പനെ തേടിയെത്തുന്ന മാധുരിയും സുഹൃത്തും ആന്റപ്പനെന്ന ഗുണ്ടയെയാണ് കാണുന്നത്.
ആന്റപ്പനെ തിരിച്ചറിയുന്ന സുഹൃത്തുക്കള്‍ മാധുരിയെ അവളുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിക്കുന്നുണ്ട്. തനിക്ക് നേരിട്ട വേദനയ്ക്കും അപമാനത്തിനും എന്ത് വിലകൊടുത്തും പ്രതികാരം ചെയ്യുമെന്ന് മാധുരി ഉറപ്പിക്കുന്നു. ആന്റപ്പനും മാധുരിയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആന്റപ്പന് പിന്നില്‍നിന്നും ആരുടേയോ കുത്തുകൊണ്ട് വീഴുന്നു. റോഡില്‍ കിടന്ന് മരണത്തിലേക്ക് നീങ്ങുന്ന ആന്റപ്പനെ സഹായിക്കാന്‍ ആരും എത്തുന്നില്ല. മാധുരി ആ ദൗത്യവും ഏറ്റെടുക്കുന്നു. അതിന് മാധുരിക്ക് കാരണവുമുണ്ട്. തന്റെ പ്രതികാരത്തിന് മുന്‍പ് അവന് മരിച്ചാല്‍ തനിക്ക് പ്രതികാരം ചെയ്യാന്‍ കഴിയില്ല എന്നതു തന്നെ. ആന്റപ്പന് ആരോഗ്യത്തോടെ തിരിച്ചുവരുന്നതിനായി മാധുരി കാത്തിരിക്കുന്നു.
അതിനിടെ ആന്റപ്പന് നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദികളെ തേടിയിറങ്ങുന്ന പോലീസ് മാധുരിയെയും പ്രതിക്കുട്ടില്‍ നിര്‍ത്തുന്നു. ആന്റപ്പനില്‍ നിന്ന് നേരിട്ടതിലും വലിയ മാനസികപീഡനങ്ങളാണ് മാധുരിക്ക് പോലീസില്‍ നിന്ന് നേരിടേണ്ടി വരുന്നത്. ആന്റപ്പന് ബോധം തെളിയുന്നതോടെ പോലീസിന്റെ വേട്ടയാടല്‍ അവസാനിക്കുന്നു. ആന്റപ്പന് ആശുപത്രിയില്‍ നിന്ന് വിട്ടിലെത്തിയപ്പോള്‍ പ്രതികാരദൗത്യവുമായി മാധുരി വീട്ടിലെത്തുന്നു. അരയ്ക്കു താഴെ തളര്‍ന്ന ആന്റപ്പനോട് മാധുരിക്ക് പ്രതികാരം ചെയ്യാന്‍ കഴിഞ്ഞില്ല. മനസ്സില്‍ സംഘര്‍ഷവുമായുള്ള മടക്കയാത്രയില്‍ ബസ്സില്‍ മറ്റൊരു പെണ്‍കുട്ടിക്ക് തനിക്കുണ്ടായതുപോലത്തെ അനുഭവം ഉണ്ടാകുമ്പോള്‍ മാധുരി പൊട്ടിത്തെറിക്കുന്നു.
സ്ത്രീകളെ അപമാനിക്കുന്നവരുടെ പേരുകള്‍ മാത്രമാണ് വ്യത്യസ്തം. എല്ലാവരും ഒന്നാണെന്ന് ചിത്രം പറയുന്നു. തികഞ്ഞ സ്ത്രീപക്ഷ സിനിമയായാണ് ചിത്രം പുരോഗമിക്കുന്നതെങ്കിലും തിരക്കഥാകൃത്തിന്റെ സ്ത്രീവിരുദ്ധത റോസമ്മ എന്ന കഥാപാത്രത്തിലുടെ തലപൊക്കുന്നു.
ആന്റപ്പനായി റോഷന് ആന്ഡ്രൂസെത്തുമ്പോള് മലയാള സിനിമയ്ക്ക് മറ്റൊരു നടനെക്കൂടി ലഭിച്ചു. ആന്റപ്പനെന്ന ഗുണ്ടയായി റോഷന് അഭിനയിക്കുകയല്ല ജീവിക്കുക തന്നെയാണ്. ചില കാരണങ്ങളാല്‍ പിന്മാറിയ മറ്റൊരു നടന് ഈ കഥാപത്രം വലിയ നഷ്ടം തന്നെ.
ആര്. ഉണ്ണിയുടെ ‘പ്രതി പൂവന്‍കോഴി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയെങ്കിലും നോവലുമായി സാമ്യതകളൊന്നുമില്ല. ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവും, അത് ആ വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുന്ന അടിസ്ഥാന കഥാതന്തുവും മാത്രമാണ് നോവലില്‍നിന്ന് തിരക്കഥാകൃത്ത് ആര്. ഉണ്ണി കടംകൊണ്ടിട്ടുള്ളത്.
മഞ്ജു വാര്യരുടെ മറ്റൊരു ശക്തമായ കഥാപാത്രമാണ് മാധുരി. ചിത്രത്തിന്റെ ക്ലൈമാക്സ് എത്രവലിയ സ്ത്രീവിരോധിയുടെ പോലും കണ്ണ് നിറയ്ക്കുമെന്നുറപ്പാണ്. സ്ത്രീപക്ഷം ചേര്‍ന്ന് റോഷന് പറയുന്ന മനുഷ്യപക്ഷ സിനിമയാണ് പ്രതി പൂവന്‍കോഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: