ശ്രീനഗര്‍ : രാജ്യത്ത് നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത നടപ്പിലാക്കിയ ലഷ്‌കര്‍ ഇ തോയ്ബ നേതാവിനെ സൈന്യം പിടികൂടി. നിസാര്‍ അഹമ്മദ് ദര്‍ എന്ന് പേരായ ഇയാള്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയിലെ കമാന്‍ഡറാണ്. ജമ്മു കശ്മീര്‍ കുല്ലിന്‍ ഖണ്ഡര്‍ബാല്‍ മേഖലയില്‍ വെച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.
സുരക്ഷാസേനയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. 2016നും 2019നുമിടയില്‍ നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
പ്രദേശത്തെ ഒരു ആശുപത്രിയില്‍ ദര്‍ ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസിന്റേയും സുരക്ഷാ സേനയുടേയും സംയുക്ത സംഘം അവിടെ വളഞ്ഞ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ദറിന്റെ പക്കല്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്.
ദറിനെ പിടികൂടാനായതോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ കുറിച്ചും, പാക്കിസ്ഥാനില്‍ നിന്നുള്ള ഫണ്ട് എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലഷ്‌കര്‍ ഭീകരനായ സലിം പരെയുടെ അനുയായിയാണ് 23കാരനായ ദര്‍. 2019 നവംബറില്‍ ഇയാള്‍ക്കുവേണ്ടി കുല്ലന്‍ ഗാണ്ടര്‍ബയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഏറ്റുമുട്ടല്‍ നടത്തിയെങ്കിലും ദര്‍ രക്ഷപ്പെട്ടു. പകരം പാക് പൗരനായ ലഷ്‌കര്‍ ഭീകരനെ സൈന്യം കൊലപ്പെടുത്തുകയായിരുന്നു.
















