ലോകത്താകമാനമുള്ള പ്രവാസി മലയാളികളുടെ ആഗോള കൂട്ടായ്മ എന്ന സങ്കല്‍പ്പത്തെ നിയമാനുസൃതവും ആധികാരികവുമായ ഒരു സഭയയായി വികസിപ്പിക്കുക എന്ന നവീന ആശയമാണ് ലോക കേരളസഭ എന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്. ലോകത്താകമാനമുള്ള കേരളീയരെ കേരളീയ സംസ്ക്കാരത്തിന്റയും സമ്പദ് വ്യവസ്ഥയുടേയും പുരോഗമനാത്മകമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ലോക കേരളസഭയുടെ പരമ പ്രധാന ലക്ഷ്യമെന്നും പറഞ്ഞിരുന്നു. ലോക കേരളസഭയുടെ 2108ല്‍ ചേര്‍ന്ന ആദ്യ സമ്മേളനം സംസ്ഥാനത്തിന്റെ ഭാവിവികസനത്തിനും പ്രവാസികളുടെ സുരക്ഷ, ക്ഷേമം, പുനരധിവാസം തുടങ്ങിയവയ്ക്കും മുതല്‍ക്കൂട്ടാകുന്ന ഒട്ടേറെ ആശയങ്ങളും പരിപാടികളും മുന്നോട്ടു വച്ചു. ഇതിലൊന്നും എടുത്തു പറയാവുന്ന പൂര്‍ത്തീകരിച്ച ഒരു പദ്ധതിയും നടപ്പിലാക്കാതെയാണ് രണ്ടാം സമ്മേളനം വിളിച്ചത്. മുഖ്യമന്ത്രിമാരും നേതാക്കളും ലോകം ചുറ്റുന്വോള്‍ പെട്ടിപിടിക്കാന്‍ ചിലരെ കിട്ടി എന്നതായിരുന്നു വലിയ നേട്ടം. പുംഗന്മാരായ ചില പ്രവാസികള്‍ക്ക് ലോക കേരളസഭാംഗം എന്ന നിലയില്‍ ഫ്ളക്സ് ബോര്‍ഡു വെക്കാനുമായി. കോടികളുടെ ധൂര്‍ത്ത് നടത്തി സംഘടിപ്പിച്ച ആദ്യ സഭയോട് പ്രതിപക്ഷവും തോളോടു തോള് ചേര്‍ന്നു. പക്ഷേ രണ്ടാം സഭയായപ്പോള്‍ പ്രതിപക്ഷം സര്‍ക്കാറിനു കൂട്ടില്ല. അവര്‍ ഒന്നടക്കം ബഹിഷ്കരിച്ചു.
ഒന്നര മണിക്കൂര്‍ നീണ്ട ആമുഖ പ്രസംഗവും അത്രതന്നെ സമയമെടുത്ത സമാപന പ്രസംഗവും നടത്തി മുഖ്യമന്ത്രി സമ്മേളനത്തെ ഒരു പിണറായി ഷോ ആക്കി മാറ്റി. ഉദ്ഘാടന സമ്മേളനത്തിനുശേഷം അംഗങ്ങള്‍ പലവഴിക്ക് പോയതിനാല്‍ ഉപസഭകളില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ മാത്രം. പ്രവാസികളുടെ പതിവ് പരാതി പറച്ചിലിനും, മന്ത്രിമാരുടെ ചക്കര പ്രസംഗത്തിനും അപ്പുറം ഒന്നും തന്നെ ഉപസഭകളിലും നടന്നില്ല. ലക്ഷങ്ങള്‍ മുടക്കി നടത്തിയ കലാപാരിപാടികള്‍ക്ക് ഗ്രന്ഥശാലാ വാര്‍ഷിക പരിപാടികളുടെ നിലവാരം പോലും ഇല്ലായിരുന്നു. വാക്കുകള്‍ കൊണ്ടുള്ള സ്നേഹപ്രകടങ്ങളും പദ്ധതി പ്രഖ്യാപനങ്ങളും മാത്രം. കഴിവുകേട് മറയക്കാന്‍ എല്ലാം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം നടത്തുക മാത്രമാണ് മുഖ്യമന്ത്രി നടത്തിയത്. പ്രവാസിപ്പണത്തിന്റെ ഫലപ്രദമായ വിനിയോഗത്തിന് ഇന്ത്യയില്‍ സംവിധാനവുമില്ലെന്നും ഈ അവസ്ഥയ്ക്ക് അറുതികുറിക്കാനാണ് ലോക കേരളസഭാ രൂപീകരണത്തെത്തുടര്‍ന്ന് ശ്രമിച്ചതെന്നും അവകാശപ്പെട്ടു.
പ്രവാസിപ്പണം രാഷ്ട്രത്തിന്റെയും പ്രവാസിയുടെയും ജീവിതത്തിനു ഗുണകരമല്ലാത്ത രീതിയില്‍ കടലില്‍ കായം കലക്കിയതുപോലെ പോകരുത്. ഇതു മനസ്സില്‍ വെച്ചുകൊണ്ടുള്ള പദ്ധതി കേന്ദ്രം തുടങ്ങുന്നില്ല. ഏതു രംഗത്തെ നൈപുണ്യമാണ് ഓരോ രാജ്യത്തിനും ആവശ്യമെന്നതറിഞ്ഞ്, ആ രംഗത്തെ നൈപുണ്യ വര്‍ധനയില്‍ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള മാറ്റം ഇനി ഉണ്ടാവണം. തൊഴില്‍രേഖ പരിശോധിച്ച് യഥാര്‍ത്ഥമാണ് എന്നുറപ്പുവരുത്തേണ്ടത് കേന്ദ്രമാണ്. കേന്ദ്രം ഇതു ചെയ്യാത്തതുകൊണ്ട് തട്ടിപ്പില്‍ കുടുങ്ങിപ്പോകുന്ന നിരവധി പേരുണ്ട്. കേന്ദ്രം ഇടപെടാത്ത ഇക്കാര്യത്തില്‍ സംസ്ഥാനം കൂടുതല്‍ ശ്രദ്ധവെക്കും.ഇമിഗ്രേഷന്റെ പക്കലുള്ള കണക്ക് കേന്ദ്രം പുറത്തുവിടുന്നുമില്ല. ഇത് ആസൂത്രണത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു പോലും എതിരാണ്.
വേതനം തടഞ്ഞുവെക്കല്‍, ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ തുടങ്ങിയവയുടെയൊക്കെ കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ എംബസികളെ സജ്ജമാക്കാന്‍ കേന്ദ്രം ശ്രദ്ധിക്കണം. നിര്‍ഭാഗ്യവശാല്‍ അതും ഉണ്ടാവുന്നില്ല. ഇവിടെയും കേന്ദ്രം ശ്രദ്ധിക്കാത്തിടത്ത് കേരള സര്‍ക്കാര്‍ ശ്രദ്ധിക്കുന്നു.തുടങ്ങി കേരളം പ്രത്യേക രാജ്യം എന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
പ്രവാസികളിടെ കാര്യത്തില്‍ ഇടപെടേണ്ടത് കേന്ദ്ര വിദേശകാര്യ വകുപ്പാണ്. കേന്ദ്രവുമായി ഒരുതരത്തിലുള്ള ആശയവിനിമയവും നടത്താതെയാണ് ലോക കേരളസഭ സംഘടിപ്പിച്ചത് എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വ്യക്തമാക്കുകയും ചെയ്തു. സഭ ലോക തട്ടിപ്പാണെന്നു പറഞ്ഞ് പിപാടിയല്‍ നിന്ന് വിട്ടും നിന്നു. ലോക കേരള സഭയുടെ നിര്‍ദ്ദേശങ്ങള്‍ നിയമമാക്കുമെന്നാണ് പുതിയ പ്രഖ്യാപനം. നിയമനിര്‍മ്മാണാധികാരം നിയമസഭകള്‍ക്കു മാത്രമായിരിക്കെ നിയമസാധുത ഇല്ലാത്ത കേരളസഭയ്ക്ക് എങ്ങനെ സാധിക്കും എന്ന ചോദ്യത്തിന് കണ്ടോ എന്നു മാത്രമാണ് ഉത്തരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: