ഇന്ത്യന്‍ വിപണിയിലിറങ്ങി ഒരു വര്‍ഷം കൊണ്ട് ഹ്യുണ്ടായി വെന്യു നേടിയത് ഒരു ലക്ഷത്തിലധികം ബുക്കിംഗ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ സബ്കോംപാക്റ്റ് എസ്യുവിയാണ് വെന്യു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഹ്യുണ്ടായ് വെന്യൂ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ‘ബ്ലൂലിങ്ക്’ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ നല്കിയ എസ്എക്സ് ഡിസിടി, എസ്എക്സ്(ഒ) ട്രിമ്മുകളാണ് ഏറ്റവുമധികം വിറ്റുപോകുന്നത്. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
ഇതിനു പുറമെ വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ നിര്‍മിത വെന്യൂ എസ്യുവിയുടെ കയറ്റുമതി അടുതിടെ ആരംഭിച്ചതായും കമ്പനി അറിയിച്ചു. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വിപണികള്‍ കൂടാതെ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ വിപണികള്‍ക്കായി ഭാവിയില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ഹ്യുണ്ടായ് വെന്യൂ എസ്യുവികള് നിര്‍മിച്ച് കയറ്റുമതി ചെയ്യും. 1400 കാറുകള്‍ ഉള്‍പ്പെടുന്ന ആദ്യ ബാച്ച് ദക്ഷിണാഫ്രിക്കയിലേക്കാണ് കയറ്റിയായച്ചത്. കാറിന്റെ വില്പനയിലും, നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ അടുത്തിടെ 2020 ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം വെന്യു സ്വന്തമാക്കി. മാരുതി സുസുക്കി സ്വിഫ്റ്റിനെ പിന്തള്ളിയാണ് ഹ്യുണ്ടായി വെന്യുവിന്റെ ഈ നേട്ടം കൈവരിച്ചത്.
കിയ സെല്‍റ്റോസ്, റെനോള്‍ട്ട് ട്രൈബര്‍, ഹോണ്ട സിവിക്, മാരുതി സുസുക്കി എസ്-പ്രെസോ, എംജി ഹെക്ടര്‍, മാരുതി സുസുകി വാഗണ്‍ആര്‍, മഹീന്ദ്ര എക്സ്യുവി 300, ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ്, നിസാന്‍ കിക്സ്, ടാറ്റ ഹാരിയര്‍ എന്നീ വാഹനങ്ങളായിരുന്നു ഹ്യുണ്ടായി വെന്യുവിനൊട് ഈ പുരസ്കാരത്തിനായി പൊരുതിയ മറ്റു വാഹനങ്ങള്‍. 6.50 ലക്ഷം മുതല്‍ 11.10 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി വെന്യുവിന്റെ എക്സ്ഷോറൂം വില.
വലിയ വാഹനത്തിനു പുറമെ മികച്ച സാങ്കേതികവിദ്യയും അതിനൊപ്പം സുരക്ഷ സംവിധാനവുമുള്ള വാഹനമാണ് വെന്യു. ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളില്‍ വിപണിയിലെത്തിയിരിക്കുന്ന കാറ് പെട്രോള്‍, ഡീസല്‍ വേരിയന്റുകളിലും ലഭ്യമാണ്. മൂന്ന് എന്ജിന് ഓപ്ഷനുകളിലാണ് ഹ്യുണ്ടായ് വെന്യൂ ലഭിക്കുന്നത്. 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്.
ഇതിനു പുറമെ 1.0 ലിറ്റര്‍ എന്‍ജിനില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കും മാനുവല്‍ ഗിയര്‍ബോക്സും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമാണ് ട്രാന്‍സ്മിഷനിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: