തിരുവനന്തപുരം: അലങ്കാര സസ്യങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് അവയെ കൂടുതൽ അടുത്തറിയാനും വാങ്ങാനും അവസരമൊരുക്കുകയാണ് വസന്തോത്സവം പുഷ്പമേള. അഗ്‌ളോമിയ , ഡിഫൻബത്തിയ ക്രോട്ടൺ, ഡ്രസീന, മറാന്ത, പെപ്പറോമിയ തുടങ്ങി ഇനത്തിൽപ്പെട്ടവയാണ് ഇവിടെ പ്രദർശനത്തിനുള്ളത്. വീടിനുള്ളിലും പുറത്തും വളർത്താൻ കഴിയുന്ന 50 രൂപ മുതൽ 400 രൂപ വരെയുള്ള സസ്യങ്ങൾ വിപണനത്തിനുണ്ട്.
ഇന്ത്യൻ വംശജരല്ലെങ്കിലും പ്രത്യേകമായ പരിചരണം ആവശ്യമില്ലാത്തതിനാൽ ഇവയ്‌ക്ക് ആവശ്യക്കാരും ഏറെയാണ്. ലീഫി ഓർണമെന്റൽ വിഭാഗത്തിൽപ്പെട്ട ഇവ പരിമിധമായ സ്ഥലത്ത് വളർത്തിയെടുക്കാവുന്നതാണ്. രോഗം വന്നാൽ ആ ഭാഗം മുറിച്ചു മാറ്റിയാൽ അതിന് പരിഹാരമാകുമെന്നതും ഇവയുടെ മൂല്യം കൂട്ടുന്നു. ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡനാണ് വസന്തോത്സവത്തിൽ ഇവയുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
കനകക്കുന്നിൽ ജൈവവൈവിധ്യത്തെ അറിയാനും അവസരം
ജൈവവൈവിധ്യ സംരക്ഷണ ബോധവത്കരണത്തിലൂടെ ജനശ്രദ്ധ ആകർഷിക്കുകയാണ് വസന്തോത്സവത്തിൽ സംസ്ഥാന ജൈവവൈവിധ്യ വകുപ്പ് ഒരുക്കിയ സ്റ്റോൾ . ആവാസ വ്യവസ്ഥിതി , കാലാവസ്ഥാ വ്യതിയാനം, സമുദ്ര ജീവജാലങ്ങൾ, കേരളത്തിന്റെ തനത് കന്നുകാലികൾ തുടങ്ങി വിവിധ ‘ വിഷയങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് . കാലാവസ്ഥ വ്യതിയാനവും സസ്യങ്ങളിൽ അതുണ്ടാക്കുന്ന മാറ്റങ്ങളും സംബന്ധിച്ച് കാഴ്‌ച്ചക്കാർക്ക് അറിവ് പകരുന്നു. ലോകത്തെ വിവിധ ഇനം സസ്യങ്ങൾ, ചിത്രശലഭങ്ങൾ എന്നിവയുടെ ചിത്ര പ്രദർശനവുമുണ്ട്.
വകുപ്പിന് കീഴിൽ വള്ളക്കടവിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തന്നെ ആദ്യ ജൈവവൈവിധ്യ മ്യൂസിയമായ കേരള ജൈവ വൈവിധ്യ മ്യൂസിയത്തിനെ കുറിച്ചുള്ള വീഡിയോ പ്രദർശനമാണ് സ്റ്റാളിനെ ആകർഷകമാക്കുന്ന മറ്റൊരു ഘടകം. ജൈവ വൈവിധ്യ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പത്തൊൻപതോളം പുസ്തകങ്ങളുടെ വിൽപനയും സ്റ്റാളിൽ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ വൃക്ഷങ്ങൾ, കണ്ടൽകാടുകൾ , സസ്യ വൈവിധ്യം, ഉഭയജീവികൾ, തുടങ്ങിയവയെ സംബന്ധിച്ച പുസ്തകങ്ങൾ മിതമായ നിരക്കിൽ നൽകുന്നത് കൊണ്ടു തന്നെ ആവശ്യക്കാരും ഏറെ.
കൗതുകമായി ഈറ്റയിൽ തീർത്ത കരകൗശല വസ്തുക്കൾ
കനകക്കുന്നിൽ നടക്കുന്ന വസന്തോത്സവം പുഷ്പമേളയിൽ ഈറ്റയിൽ തീർത്ത ഉത്പന്നങ്ങൾ ഒരുക്കി കാണികളെ ആകർഷിക്കുകയാണ് ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്റ്റാൾ. ഈറ്റ കൊണ്ടു നിർമ്മിച്ച കരകൗശല വസ്തുക്കളാണ് ഈ സ്റ്റാളിനെ വ്യത്യസ്തമാക്കുന്നത്. പെൻ സ്റ്റാൻറ്റ് , മെഴുകുതിരി സ്റ്റാന്റ്, ലാബ് ഷെയ്ഡ്, വിശറി, ട്രേ തുടങ്ങി 30 രൂപ മുതൽ 280 രൂപ വരെയുള്ള വിവിധ ഉത്പന്നങ്ങളാണ് ഇവിടെയുള്ളത്. ഈറ്റയോടൊപ്പം മുളയിൽ തീർത്ത നിരവധി ഉത്പന്നങ്ങളും ഉണ്ട്.
കരകൗശല ഉത്പന്നങ്ങൾക്ക് പുറമെ മിഷന്റെ കീഴിലുള്ള കൈത്തറി യൂണിറ്റിലെ ഉത്പന്നങ്ങളും സ്റ്റാളിൽ വിൽപനയ്‌ക്കുണ്ട്. കേരള സാരി, സെറ്റും മുണ്ടും, ചുരിധാർ, ദോത്തി തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്. പട്ടുനൂൽ പുഴുവിൽ നിന്നും തനതായി എടുത്ത പട്ട് ഉപയോഗിച്ച് നെയ്‌തെടുത്ത പട്ടുസാരികൾക്കും ആവശ്യക്കാർ ഏറെയുണ്ട്. കൈത്തറി സഞ്ചിയാണ് ഇവിടത്തെ മറ്റൊരു ആകർഷണം. പ്ലാസ്റ്റിക്ക് നിരോധനം കർശനമായതിനാൽ കൈത്തറി സഞ്ചിയുടെ വിൽപനയും തകൃതിയായി നടക്കുന്നു.. മഞ്ചവിള യൂണിറ്റിലെ കൈത്തറി വസ്ത്രങ്ങളാണ് ഇവിടെ പ്രദർശനത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: