കൊച്ചി: സുപ്രീംകോടതി വിധി മറികടക്കാനാണ് ‘ശവസംസ്‌കാര’ ഓര്‍ഡിനന്‍സെങ്കില്‍ അതിനെ നിയമപരമായി തന്നെ പ്രതിരോധിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ യാക്കോബായക്കാര്‍ക്ക് അനുകൂലമായി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് ശക്തമായി പ്രതികരിക്കാനാണ് ഓര്‍ത്തഡോക്‌സ് സഭയുടെയും വിശ്വാസികളുടെയും തീരുമാനം.
ആറ് തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഓര്‍ഡിനന്‍സ് സംബന്ധിച്ചുള്ളതെന്ന് ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് ‘ജന്മഭൂമി’യോട് പറഞ്ഞു. ഒന്ന്: സുപ്രീംകോടതി വിധി മറികടക്കാനാണ് ഓര്‍ഡിനന്‍സ്. അത് ന്യായമല്ല.
രണ്ട്: എല്ലാ ക്രിസ്തീയ സഭകള്‍ക്കും ഇത് ബാധകമാകുകയാണെങ്കില്‍ കൂടുതല്‍ അപകടമാണ്. മലങ്കര സഭയില്‍ ആണെങ്കില്‍ പോലും സഭകളുടെ അച്ചടക്കം ഇല്ലാതാക്കും. ആര്‍ക്കും ആരുടേയും മൃതദേഹം എപ്പോള്‍ വേണമെങ്കിലും, ഇടവകാംഗത്തിന്റേതെന്ന് പറഞ്ഞ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാമെന്ന് വരും. മൂന്ന്: സെമിത്തേരി കൈയേറാന്‍ ആര്‍ക്കും അവകാശമില്ല. മരിച്ചയാളിന്റെ വിശ്വാസപ്രകാരമുള്ള മാന്യമായ സംസ്‌കാരത്തിന് അവകാശം ഉണ്ടെന്നാണ് കോടതി ഉത്തരവ്. എന്നാല്‍, യാക്കോബായക്കാര്‍ അവര്‍ക്ക് വേറേ വിശ്വാസമാണെന്നു പറയുമ്പോള്‍ എങ്ങനെ സ്വന്തം വിശ്വാസ പ്രകാരം സംസ്‌കരിക്കാനാകും? നാല്: സെമിത്തേരിയില്‍ സമാന്തര ഭരണസംവിധാനം പാടില്ലെന്ന് കോടതി വിധിയിലുണ്ട്. ഇടവകാംഗമാണെന്ന് നിശ്ചയിക്കുന്നത് ആ പള്ളിയുടെ വികാരിയാണ്, ആരെങ്കിലും അവകാശപ്പെട്ടാല്‍ പോരാ. അഞ്ച്: അസമയത്തും ആര്‍ക്കും സെമിത്തേരിയില്‍ കയറാനും മൃതദേഹം സംസ്‌കരിക്കാനും കഴിയുമെന്നു വന്നാല്‍ അത് സാമൂഹ്യ പ്രശ്‌നം തന്നെയുണ്ടാക്കും. ആറ്: വിശ്വാസത്തിന്റെ കാര്യത്തില്‍ ഭരണകൂടം ഇടപെടരുതെന്ന സുപ്രീംകോടതി വിധികളുടെ ലംഘനമാണ് ഓര്‍ഡിനന്‍സ്.
ഓര്‍ഡിനന്‍സിന്റെ കരട് സംബന്ധിച്ച് വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിശദീകരണം. ഓര്‍ഡിനന്‍സ് പകര്‍പ്പ് കിട്ടിയശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് ഫാ. കോനാട്ട് പറഞ്ഞു. ചില പള്ളികളില്‍ തര്‍ക്കമില്ലാതെ സെമിത്തേരി പങ്കിടാന്‍ ധാരണയുണ്ടെന്ന പ്രചാരണം പൂര്‍ണമായും ശരിയല്ലെന്ന് വക്താവ് വിശദീകരിച്ചു. തര്‍ക്കമില്ലാത്ത, കോടതിവിധി വരാത്ത പള്ളികളില്‍ അങ്ങനെ ചില സംവിധാനങ്ങളുണ്ട്. തര്‍ക്കമുള്ള പള്ളികളില്‍ ഓര്‍ത്തഡോക്‌സുകാരെ ഭീഷണിപ്പെടുത്തിയും സെമിത്തേരി മതിലോ വാതിലോ പൊളിച്ചും ബലാല്‍ക്കാരമായാണ് സംസ്‌കാരം നടത്തുന്നത്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണ്; വക്താവ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: