ലോകം മുഴുവന്‍ ഇംപീച്ച്മെന്റിനെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും അമേരിക്കയിലെ ഭൂരിഭാഗത്തിന്റെ പിന്തുണ ട്രംപിനുണ്ടെന്നാണ് അമേരിക്കന്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. നാടകീയത ഇഷ്ടപ്പെടുന്ന ട്രംപിന്റെ ശൈലികളും നിലപാടുകളും ഒരു പരിധിവരെ അമേരിക്കന്‍ ജനത ആസ്വദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇംപീച്ച്മെന്റ് തന്നെ ബാധിക്കില്ല. ഡെമോക്രാറ്റുകള്‍ക്കുള്ള തിരിച്ചടിയാണിതെന്നാണ് ട്രംപിന്റെ വാദം.
അമേരിക്കയിലിപ്പോള്‍ സെനറ്റ് സമ്മേളിക്കുന്നത് കാത്തിരിക്കുകയാണ് എല്ലാവരും. കാരണം ഇംപീച്ച് ചെയ്യപ്പെട്ട ഡൊണാള്‍ഡ് ജോണ്‍ ട്രംപിന്റെ വിധി നിര്‍ണയിക്കപ്പെടുന്നത് ഇനി സെനറ്റിലാണ്. അമേരിക്കയുടെ 45-ാം പ്രസിഡന്റായതു മുതല്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡിനരികെ എത്തി നില്ക്കുന്ന ട്രംപിനിതില്‍ കുലുക്കമുണ്ടെന്ന് തോന്നുന്നില്ല. കാരണം, ഇംപീച്ച്മെന്റില്‍ ജനപ്രതിനിധി സഭയില്‍ സംവാദവും വോട്ടെടുപ്പും നടക്കുമ്പോള്‍ മിഷിഗണില്‍ ക്രിസ്മസ് റാലിയിലായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ചരിത്രത്തില്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. 1868ല്‍ അമേരിക്കയുടെ പതിനേഴാം പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സണും 1998ല്‍ 42ാം പ്രസിഡന്റ് ബില്‍ ക്ലിന്റണുമാണ് ഇതിന് മുന്‍പ് ഇംപീച്ച് ചെയ്യപ്പെട്ടവര്‍. 1974ല്‍ റിച്ചാര്‍ഡ് നിക്സണ് ഇംപീച്ച് വിചാരണ നേരിട്ടു. പക്ഷേ ജോണ്‍സണും ക്ലിന്റണും സെനറ്റില്‍ രക്ഷപെട്ടു. ഇവരെ പോലെ ട്രംപും കുറ്റവിമുക്തനായേക്കും. കാലാവധി പൂര്‍ത്തിയാക്കുവോളം പ്രസിഡന്റ് പദവിയിലും തുടരും. കാരണം, സെനറ്റില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ്.
അധികാര ദുര്‍വിനിയോഗം, അതിനെ കുറിച്ച് കോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തില്‍ നീതിനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്നീ രണ്ട് കുറ്റങ്ങള്‍ക്കാണ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തത്. ട്രംപും ഡെമോക്രാറ്റിക്കുകളും തമ്മില്‍ 2016ലെ പ്രസിഡന്റ് തെരഞ്ഞടുപ്പ് സമയത്ത് തുടങ്ങിയ ശത്രുതയാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ വളര്‍ന്ന് ഇംപീച്ച്മെന്റില്‍ എത്തിയത്. അദ്ദേഹത്തിന്റെ തീരുമാനങ്ങളും നടപടികളും പ്രസ്താവനകളും സഹിക്കാതെഡമോക്രാറ്റിക് പാര്‍ട്ടിക്കാരില്‍ പലരും നേരത്തെ തന്നെ ഇംപീച്ച്മെന്റ് ആവശ്യവുമായി വന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഉന്നത നേതാവും സെനറ്റ് സ്പീക്കറുമായ നാന്‍സി പെലോസി അതിനോട് യോജിച്ചിരുന്നില്ല. 2016ലെ തെരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി ഇടപെടാന്‍ അദ്ദേഹമോ സഹായികളോ റഷ്യന്‍ സര്‍ക്കാരുമായി ഗൂഢാലോചന നടത്തുകയും സഹകരിക്കുകയും ചെയ്തുവെന്ന ആരോപണത്തില്‍ ട്രംപ് കുറ്റവിമുക്തനാവുകയും ചെയ്തു. ഇത് ട്രംപിന് അനുകൂലമാകാനുള്ള സാധ്യതയും അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ട്രംപിനെ തടയേണ്ട സാഹചര്യവും അടുത്തപ്പോഴാണ് ഫോണ്‍ സംഭാഷണത്തിന്റെ രൂപത്തില്‍ പുതിയ സംഭവങ്ങള്‍ ഉണ്ടാകുന്നത്.
10 മാസത്തിന് ശേഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ട്രംപിന്റെ എതിരാളിയാകാന്‍ സാധ്യതയുള്ളത് മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനാണ്. അദ്ദേഹത്തെ തടയാന്‍ യുക്രെയ്നിലെ പുതിയ പ്രസിഡന്റ് വൊളൊഡിമീര്‍ സെലന്‍സ്കിയുടെ സഹായം ട്രംപ് തേടി. ജൂലൈ 25ന് ട്രംപ് ഇതിനായി നടത്തിയ ഫോണ്‍ സംഭാഷണമാണ് വിഷയം. വൈറ്റ്ഹൗസിലെ ഒരു ഉദ്യോഗസ്ഥന് ഇത് കേള്‍ക്കാന്‍ ഇടയാവുകയും പരസ്യമാക്കുകയും ചെയ്തു. ബൈഡന്റെ ഇളയ മകന് ഹണ്ടര്‍ ബൈഡന് മുമ്പ് യുക്രെയ്നില്‍ ഒരു കമ്പനിയുടെ ഡയറക്ടറായിരുന്നു. റഷ്യ ക്രിമിയയില്‍ അധിനിവേശം നടത്തിയ സമയമായിരുന്നു അത്. ഹണ്ടര്‍ ഒരു ക്രിമിനല്‍ കേസില്‍ കുടുങ്ങിയെന്നും യുഎസ് വൈസ് പ്രസിഡന്റ് പദവി ഉപയോഗിച്ച് ബൈഡന് അത് ഒതുക്കിയെന്നുമായിരുന്നു ട്രംപിന് കിട്ടിയ വിവരം. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടണമെന്നാണ് സെലന്‍സ്കിയോട് ട്രംപ് ആവശ്യപ്പെട്ടത്. റഷ്യയില്‍ നിന്ന്് ഭീഷണി നേരിടുന്ന യുക്രെയ്നിന് അനുവദിച്ചിരുന്ന 39 കോടി ഡോളറിന്റെ സഹായം ട്രംപ് നിര്‍ത്തലാക്കുകയും ചെയ്തു. ട്രംപിനെ സന്ദര്‍ശിക്കാന്‍ സെലന്‍സ്കിയ്ക്ക് അനുവാദവും നല്‍കിയില്ല. ഇതില്‍ രണ്ടിലും തീരുമാനമുണ്ടാകണമെങ്കില്‍ ബൈഡനും മകനുമെതിരായ അന്വേഷണം നടക്കണമെന്ന് സെലന്‍സ്കിയോട് ട്രംപ് ആവശ്യപ്പെട്ടു. സ്വന്തം വ്യക്തിപരമായ ലാഭത്തിന് വേണ്ടി ട്രംപ് വിദേശരാജ്യത്തിന്റെ സഹായം തേടുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്നാണ് ആരോപണം. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തിനല്ലാതെ മറ്റൊന്നിന് വേണ്ടിയും അന്യരാജ്യ തലവനില്‍ നിന്ന് സഹായം സ്വീകരിക്കരുതെന്നാണ് യുഎസ് നിയമം. ഇത് ട്രംപ് തെറ്റിച്ചു.
ഇതിന്റെയൊക്കെ പേരില്‍ സെപ്തംബര്‍ 24ന് പ്രതിനിധി സഭ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചപ്പോള്‍ സഹകരിക്കാന്‍ ട്രംപ് വിസമ്മതിച്ചു. തന്റെ ക്യാബിനറ്റ് അംഗങ്ങളും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരും മൊഴി നല്‍കുന്നതും ആവശ്യപ്പെട്ട രേഖകള്‍ നല്‍കുന്നതും വിലക്കുകയും ചെയ്തു. ഇതാണ് നീതി നിര്‍വഹണത്തിന് ട്രംപ് തടസ്സമുണ്ടാക്കിയെന്ന കുറ്റാരോപണത്തിന്റെ അടിസ്ഥാനം. അമേരിക്കന്‍ ഭരണഘടന കോണ്‍ഗ്രസിന് നല്‍കിയിട്ടുള്ള അധികാരമാണ് ഇംപീച്ച്മെന്റ്. രാജ്യദ്രോഹം, അഴിമതി എന്നിവ നടത്തിയാല്‍ കാലാവധി എത്തും മുമ്പ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാം. 100 അംഗങ്ങളുള്ള സെനറ്റില്‍ യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ ജി. റോബര്‍ട്സ് ജൂനിയറിനായിരിക്കും വിചാരണയുടെ മേല്‍നോട്ടം. 435 അംഗങ്ങളുള്ള പ്രതിനിധി സഭയില്‍ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണയില്‍ ട്രംപിനെ ഇംപീച്ച് ചെയ്യാം. എന്നാല്‍ സെനറ്റില്‍ മൂന്നില്‍ രണ്ടംഗങ്ങളുടെ പിന്തുണ വേണം. സെനറ്റിലെ 53 അംഗങ്ങളും റിപ്പബ്ലിക്കന്‍മാരായതിന ഇംപീച്ച്മെന്റിനുള്ള സാധ്യത കുറവാണ്. 45 ഡെമോക്രാറ്റുകളും അവരെ പിന്തുണയ്ക്കുന്ന രണ്ട് സ്വതന്ത്രരുമാണ് ബാക്കിയുള്ളത്. ഏകദേശം 126 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വിചാരണ തുടങ്ങണമെങ്കില്‍ പ്രതിനിധിസഭ കുറ്റപത്രം സെനറ്റിന് കൈമാറണം. ഇതിന് മുന്‍പ് അവിടെ ഉണ്ടാകേണ്ട ജനപ്രതിനിധി സംഘത്തെ സ്പീക്കര്‍ നിശ്ചയിക്കണം. മാനേജര്‍മാര്‍ എന്ന് വിളിക്കുന്ന ഇവരാണ് കുറ്റങ്ങള്‍ അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇംപീച്ച്മെന്റ് നടപടികള്‍ എത്രയും വേഗംപൂര്‍ത്തിയാക്കാനുള്ള സാധ്യതയുമുണ്ട്. രണ്ട് വിഭാഗത്തിനും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാണിത്. എന്നാല്‍ കുറ്റപത്രം നല്‍കുന്നതിന് സ്പീക്കര്‍ നാന്‍സി പെലോസി മനപൂര്‍വം താമസം വരുത്തുകയാണെന്നാണ് ട്രംപ് പറയുന്നത്. കാരണം സെനറ്റ് കുറ്റവിമുക്തനാക്കുന്നത് വരെ ട്രംപ് കുറ്റാരോപിതനാണ്. ഇത് ട്രംപിനെ സംബന്ധിച്ചിടത്തോളം നാണക്കേടാണ്. ഇതുവരെ സെനറ്റില്‍ നടന്ന ഇംപീച്ച്മെന്റ് നടപടികളെല്ലാം മൂന്ന് മാസം വരെ നീണ്ടുനിന്നിട്ടുണ്ട്. 1868 മാര്‍ച്ച് മുതല്‍ മെയ് വരെ നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഒറ്റ വോട്ടിന്റെ വ്യത്യാസത്തില്‍ സെനറ്റ് ആന്‍ഡ്രൂ ജോണ്‍സണെ കുറ്റവിമുക്തനാക്കിയത്. ഭൂരിപക്ഷത്തിന്റെ അഭാവത്തെ തുടര്‍ന്നാണ് 1998 ജനുവരി മുതല്‍ ഫെബ്രുവരി വരെ നീണ്ട വിചാരണയില്‍ ബില്‍ ക്ലിന്റണ് അധികാരത്തില്‍ തുടര്‍ന്നത്.
വാട്ടര്‍ഗേറ്റ് അപവാദത്തിന്റെ പേരില്‍ ഇംപീച്ച്മെന്റിന്റെ വക്കോളമെത്തിയ റിച്ചാര്‍ഡ് നിക്സണ് ഇംപീച്ച് ചെയ്യപ്പെടുന്നതിന് മുന്‍പേ രാജിവച്ചു. അദ്ദേഹത്തെ പോലെ ട്രംപും രാജിവയ്ക്കുമെന്ന് എതിരാളികള്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ ധാര്‍മികതയുടെ പേരിലായാലും വഴിമുട്ടിയായാലും ട്രംപില്‍ നിന്നത് പ്രതീക്ഷിക്കാനാവില്ല. കാരണം അധികാരത്തില്‍ എത്തിയത് മുതല്‍ എല്ലാത്തിലും വ്യത്യസ്തനാകാനാണ് ട്രംപ് ശ്രമിച്ചത്. 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയം മുതല്‍ അതുവരെയുണ്ടായിരുന്ന രാഷ്ട്രീയത്തിന് നിരക്കാത്തതാണ് ട്രംപ് പറഞ്ഞതും ചെയ്തതും. മത്സരിക്കാന്‍ എത്തിയത് മുതല്‍ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും രീതിയിലാണ് ട്രംപ് എന്ന ഭരണാധികാരി സംസാരിച്ചത്. അഭയാര്‍ഥികള്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചു. പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും ഇറാനുമായുള്ള ആണവക്കരാറില്‍ നിന്നും പിന്മാറി. ചൈനയുമായും യൂറോപ്യന്‍ യൂണിയനുമായും വ്യാപാര യുദ്ധത്തിനിറങ്ങി. മതില് കെട്ടാനിറങ്ങി അമേരിക്കയെ ഭരണസ്തംഭനത്തിലാക്കി. വിമര്‍ശനങ്ങള്‍ ഒരുവഴിക്ക് നീങ്ങിയപ്പോഴും അധികാരത്തിലിരിക്കേ സൗദി അറേബ്യയും ഉത്തരകൊറിയയും ജറുസലേമിലെ വിലാപത്തിന്റെ മതിലും സന്ദര്‍ശിച്ച് ചരിത്രം സൃഷ്ടിച്ചു.
പക്ഷേ ലോകം മുഴുവന്‍ ഇംപീച്ച്മെന്റിനെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും അമേരിക്കയിലെ ഭൂരിഭാഗത്തിന്റെ പിന്തുണ ട്രംപിനുണ്ടെന്നാണ് അമേരിക്കന്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. നാടകീയത ഇഷ്ടപ്പെടുന്ന ട്രംപിന്റെ ശൈലികളും നിലപാടുകളും ഒരു പരിധിവരെ അമേരിക്കന്‍ ജനത ആസ്വദിക്കുന്നുണ്ട്. അതുകൊണ്ട് ഇംപീച്ച്മെന്റ് തന്നെ ബാധിക്കില്ല. ഡെമോക്രാറ്റുകള്‍ക്കുള്ള തിരിച്ചടിയാണിതെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ ഇംപീച്ച്മെന്റിന് വിധേയമായ ഈ സാഹചര്യത്തില്‍ ട്രംപിനെ കൂടാതെ മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ഥി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് വരാനുള്ള സാധ്യത കൂടുതലാണ് ഇംപീച്ച്മെന്റ് കൊണ്ട് ട്രംപിനുണ്ടാകുന്ന ഒരേയൊരു വെല്ലുവിളി ഇതുമാത്രമാണ്. ഭരണപരിചയം ഒന്നുമില്ലാതെ അധികാരത്തിലെത്തിയ ട്രംപിന്റെ ജനപ്രീതിയ്ക്ക് ചെറിയൊരു കോട്ടം തട്ടുമെങ്കിലും വെറുമൊരു രാഷ്ട്രീയ ഏറ്റുമുട്ടലായി ഇംപീച്ച്മെന്റ് അവസാനിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: