ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധവും മുസ്ലീങ്ങള്‍ക്കെതിരുമാണെന്ന് അന്താരാഷ്‌ട്ര തലത്തില്‍ പാകിസ്ഥാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പ്രചാരണം നടത്തുമ്പോഴാണ് ഇന്ത്യ നയം വ്യക്തമാക്കുന്നത്.
നിയമ ഭേദഗതി ഏതെങ്കിലും മതത്തിനെതിരോ, ഭരണഘടനാ വിരുദ്ധമോ അല്ല. ഇന്ത്യയുടെ നിലപാട് മറ്റ് രാജ്യങ്ങളെ അറിയിച്ചു കഴിഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ഇസ്ലാമിക രാജ്യങ്ങള്‍ യോഗം ചേരുന്നതിനെ കുറിച്ചറിയില്ലെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം പാകിസ്ഥാന് വളമാകുന്നുവെന്ന വിമര്‍ശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. പ്രതിഷേധക്കാര്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നില്ലെന്നും അവിടെ നിന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്കെതിരെയാണ് ശബ്ദമുയര്‍ത്തുന്നതെന്നും മോദി വിമര്‍ശിച്ചു.
















