വടകര: രാജിവച്ചില്ലെങ്കില്‍ ഗവര്‍ണറെ തെരുവിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് വടകര എംപി കെ മുരളീധരന്റെ ഭീഷണി. കോഴിക്കോട് കുറ്റിയാടിയില്‍ ദേശരക്ഷാ ലോങ് മാര്‍ച്ചിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ഗവര്‍ണര്‍ക്കെതിരെ മുരളീധരന്റെ വെല്ലുവിളി. ആരിഫ് മുഹമ്മദ് ഖാനെ താനിനി ഗവര്‍ണറെന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബിജെപിയുടെ ഏജന്റാണെന്നും കെ മുരളീധരന്‍ ആരോപിച്ചു. എന്നാല്‍, ഇതിനു പിന്നാലെ കെ. മുരളീധരന് ഉഗ്രന്‍ മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്തെത്തി. കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണിയെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ‘നിയമസഭ ഐകകണ്ഡേന പാസാക്കിയ നിയമത്തെ പുച്ഛിക്കുന്നത് ഗവര്‍ണര്‍ ശ്രദ്ധിക്കണം. ഗവര്‍ണര്‍ പരിധി വിടുകയാണെങ്കില്‍ അദ്ദേഹത്തെ മുഖ്യമന്ത്രി നിയന്ത്രിക്കണം. പദവിയിലിക്കുമ്പോള്‍ ഗവര്‍ണര്‍ പാലിക്കുന്ന മിതത്വത്തിനാണ് ബഹുമാനം കിട്ടുന്നതെന്നും ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിച്ചു.
നേരത്തേ പൗരത്വ നിയമത്തെ പരസ്യമായി അനുകൂലിച്ച കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് വരും വഴിയാണ് ഗവര്‍ണറെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്. ചരിത്രകോണ്‍ഗ്രസ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണരെ മാറ്റി നിര്‍ത്തണമെന്ന് നേരത്തെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചട്ടപ്രകാരമേ പരിപാടി നടത്തൂ എന്ന് സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ഗവര്‍ണര്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് കെ. സുധാകരന്‍ എംപിയും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറും ചരിത്ര കോണ്‍ഗ്രസില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ വേദിയില്‍ തന്റെ ഉദ്ഘാടനപ്രസംഗം തടസ്സപ്പെടുത്തിയ സംഭത്തില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തിയിരുന്നു. ചടങ്ങില്‍ വലിയ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന് സമ്മതിച്ച് കണ്ണൂര്‍ വിസി ഗോപിനാഥന്‍ തുറന്ന് സമ്മതിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് ഗവര്‍ണര്‍ കടന്നത്.
















