കോഴിക്കോട് : പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന ലോങ് മാര്‍ച്ചില്‍ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി ലദീദ ഫര്‍സാനയ്‌ക്ക് ഇസ്ലാമിക തീവ്രവാദ മനോഭാവത്തെച്ചൊല്ലി ഭിന്നത. ലദീദയ്‌ക്ക് തീവ്ര ഇസ്ലാമിക് മനോഭാവമാണെന്നും അതിനാല്‍ അവരെക്കൊണ്ട് ലോങ്മാര്‍ച്ച് ഉദ്ഘാടനം ചെയ്യിപ്പിക്കേണ്ടന്ന് സംഘാടകരില്‍ ചിലര്‍ അറിയിച്ചതോടെ ഭിന്നത ഉടലെടുക്കുകയായിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോടിന്റെ പ്രതിരോധമാണ് ലോങ് മാര്‍ച്ച്. തീവ്ര ഇസ്ലാമിക മനോഭാവമുള്ള ലദീദയെക്കൊണ്ട് ഉദ്ഘാടനം നടത്തിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് എത്തിയതോടെയാണ് പ്രതിഷേധം രൂക്ഷമായത്. ഇതോടെ സംഘാടകരില്‍ ഒരുവിഭാഗം പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.
ലോങ് മാര്‍ച്ചിന്റെ ഉദ്ഘാടകയായി ആദ്യം നിശ്ചയിച്ചത് ലദീദ ഫര്‍സാനയെ ആയിരുന്നു. ഇതുമാായി ബന്ധപ്പെട്ട് സംഘാടകര്‍ തമ്മില്‍ സംസാരിക്കുന്നതിനിടെ ലദീദ എത്തുകയും വേദിയില്‍ പ്രസംഗിക്കുകയും ചെയ്തു. ഇതോടെ ഒരു വിഭാഗം ആളുകള്‍ ലദീദയ്‌ക്ക് നേരേയും തിരിയുകയായിരുന്നു.
കോഴിക്കോട് അരയിടത്തു പാലത്ത് നിന്നും ബീച്ചിലേക്കുള്ള മാര്‍ച്ച് ഫേസ്ബുക്ക് വഴി സംഘടിപ്പിച്ചതായിരുന്നു. എംജിഎസ് നാരായണന്‍, ഖദീജ മുംദാസ്, കെ. അജിത എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
















