ന്യൂദല്‍ഹി : സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി. ഈ മാസം ആറിന് ഉച്ചതിരിഞ്ഞ് കൊച്ചിയിലെത്തുന്ന അദ്ദേഹം താജ് ഹോട്ടലില്‍ താമസിക്കും.
അവിടെ നിന്നും രാവിലെ ലക്ഷദ്വീപ് സന്ദര്‍ശിക്കും. തുടര്‍ന്ന് 9നു മടങ്ങി കൊച്ചിയിലെത്തിയശേഷം അവിടെ നിന്നും ദല്‍ഹിയിലേക്ക് പോകും. രാഷ്‌ട്രപതി ശബരിമലയിലെത്തിയാല്‍ ഉള്ള അസൗകര്യങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും സര്‍ക്കാര്‍ അത് രാഷ്‌ട്രപതിഭവനെ അറിയിക്കുകയും ചെയ്തിരുന്നു. പ്രധാനമായും ഹെലിപ്പാഡിന്റെ അസൗകര്യമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കിയത്.
ശബരിമലയിലേക്കാവശ്യമായ വെള്ളം ശേഖരിക്കുന്ന വലിയ ജലസംഭരണിയുടെ മൂടിയാണ് രാഷ്‌ട്രപതി ഇറങ്ങേണ്ട ഹെലിപാഡ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹത്തിന് നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെ സുരക്ഷയൊരുക്കേണ്ടി വരുന്നതിലെ പരിമിതികള്‍ വകുപ്പുകള്‍ നിരത്തിയിരുന്നു. ഇക്കാര്യം രാഷ്‌ട്രപതിയുടെ സുരക്ഷാവിഭാഗത്തെ അറിയിക്കുകയും ചെയ്തു. ഹെലിപ്പാഡായി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ ബലത്തില്‍ ആശങ്കയെന്ന് ജില്ലാ പൊലീസ് മേധാവിയും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
















