ശബരിമല: മകരവിളക്ക് ഉത്സവത്തിന് നട തുറന്ന് ആദ്യദിനം തന്നെ പോലീസിനെതിരെ പമ്പയില്‍ നിന്നടക്കം ഉയരുന്നത് നിരവധി പരാതികള്‍. പോലീസിന്റെ ബലപ്രയോഗത്തിനും അമിത നിയന്ത്രണങ്ങള്‍ക്കുമെതിരെ തീര്‍ത്ഥാടകര്‍ പ്രതികരിച്ചതോടെ പമ്പയിലും സന്നിധാനത്തും വാക്കേറ്റം. പോലീസിനെതിരെയുള്ള പരാതി സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറിയിച്ചു.
മണ്ഡലകാല അവസാന ഘട്ടത്തില്‍ സന്നിധാനത്തിന്റെ നിയന്ത്രണച്ചുമതലയുണ്ടായിരുന്ന മൂന്നാം ബാച്ചിനെതിരെയും രൂക്ഷമായ ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. തീര്‍ത്ഥാടകരോട് ക്ഷമയോടും മാന്യമായും പെരുമാറണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ചുമതലയേറ്റ നാലാം ബാച്ചിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും വകവയ്ക്കാതെയാണ് ഇവരും പെരുമാറുന്നത്.
സോപാന ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ആന്ധ്രയില്‍ നിന്നെത്തിയ തീര്‍ത്ഥാടകസംഘം ചോദ്യം ചെയ്തു. തുടര്‍ന്ന് പോലീസുകാര്‍ കൂട്ടംചേര്‍ന്ന് ആന്ധ്രയില്‍ നിന്നെത്തിയവരെ ദര്‍ശനം പോലും അനുവദിക്കാതെ സോപാനത്തില്‍ നിന്ന് തള്ളിനീക്കി. സോപാനത്തിന് മുന്നിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു നേരെ പോലീസ് അനാവശ്യമായി ബലപ്രയോഗം നടത്തുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. തീര്‍ത്ഥാടകര്‍ക്കുള്ള നിരയില്‍ ഡ്യൂട്ടിയില്ലാത്ത പോലീസുകാര്‍ സംഘം ചേര്‍ന്ന് ഏറെ നേരം ചെലവഴിച്ച് ദര്‍ശനം നടത്തുന്നതും സോപാനത്ത് തിക്കിനും തിരക്കിനും ഇടയാക്കുന്നു.
സമാധാനപരമായി മുന്നോട്ടുനീങ്ങുന്ന തീര്‍ത്ഥാടന കാലം അട്ടിമറിക്കാനുള്ള ചില പോലീസുകാരുടെ ശ്രമത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് തീര്‍ത്ഥാടകരും ദേവസ്വം ജീവനക്കാരും പറയുന്നത്. തീര്‍ത്ഥാടകരോട് എങ്ങനെ പെരുമാറണമെന്നതിന് 57 നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകം ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍ക്ക് നല്‍കിയിരുന്നു. ഇതൊന്നു വായിച്ചുനോക്കാന്‍ പോലും മെനക്കെടാതെ പോലീസ് മേധാവിയുടെ നിര്‍ദേശം പാടെ തള്ളുന്ന നിലപാടാണ് സേനയിലെ ഒരുവിഭാഗത്തിന്റേത്. തീര്‍ത്ഥാടകരോടുള്ള പോലീസിന്റെ നിരന്തരമായ മോശം പെരുമാറ്റം കണക്കിലെടുത്ത് പതിനെട്ടാംപടിയിലും സോപാനത്തും പോലീസിനെ ഒഴിവാക്കി ദേവസ്വം ഗാര്‍ഡുകളെ നിയോഗിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നാണ് ബോര്‍ഡില്‍നിന്ന് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: