കൊച്ചി: കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ട് മാവോയിസ്റ്റ് ഭീകരരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോള്‍ നാണംകെട്ട് സിപിഐയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. യുഎപിഎ സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. അതിനായി മുഖ്യമന്ത്രി രാഷ്‌ട്രീയ ആര്‍ജവം കാണിക്കണമെന്നും കാനം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലില്ലാത്ത ഭരണഘടനാബാദ്ധ്യത യുഎപിഎയില്‍ എന്തിനാണെന്നും കാനം ചോദിച്ചിരുന്നു.
എന്നാല്‍, യുഎപിഎ ചുമത്തിയത് മഹാ അപരാധമായിപ്പോയെന്നു പറയാന്‍ താന്‍ തയാറല്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ തുറന്നടിച്ചത്. കേസില്‍ പ്രതിയായവര്‍ അത്ര ശുദ്ധരാണെന്നുള്ള അഭിപ്രായം തനിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അലന്‍ ഷുഹൈബും ത്വാഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി നേരത്തെയും പറഞ്ഞിരുന്നു. കേന്ദ്ര സുരക്ഷാ ഏജന്‍സികളടക്കം കൃത്യമായ തെളിവുകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഹാജരാക്കിയതോടെയാണ് അലനെയും താഹയെയും തള്ളിപ്പറയാന്‍ അദ്ദേഹം തയാറായത്. ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് പോലീസ് പ്രവര്‍ത്തിച്ചതെന്ന് കാനം പറയുമ്പോള്‍ അലനെയും ത്വാഹയെയും അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കിയാണ് മുഖ്യമന്ത്രി കാനത്തിന് മറുപടി നല്‍കിയത്. യുഎപിഎ ചുമത്തിയതിനെ പിണറായി വിജയന്‍ ആവര്‍ത്തിച്ച് ന്യായീകരിക്കുമ്പോള്‍ ഭരണത്തിന്റെ തണല്‍ പറ്റുന്ന സിപിഐയും കാനം രാജേന്ദ്രനും കൂടുതല്‍ അപഹാസ്യരാവുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 151 പേരെയാണ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.
















