ശ്ലോകം 27
അഹങ്കാരാദിദേഹാന്താന്‍
ബന്ധാനജ്ഞാന കല്പിതാന്‍
സ്വസ്വരൂപാവബോധേന
മോക്തുമിച്ഛാ മുമുക്ഷുതാ
തന്റെ സ്വരൂപത്തെ അറിയുന്നതിലൂടെ അഹങ്കാരം മുതല്‍ ദേഹം വരെയുള്ള എല്ലാ അജ്ഞാന കല്‍പ്പിതങ്ങളായ ബന്ധനങ്ങളില്‍ നിന്ന് മോചനം നേടാനുള്ള തീവ്രമായ ഇച്ഛയാണ് മുമുക്ഷുത്വം.
നമ്മുടെ യഥാര്‍ത്ഥ സ്വരൂപം ‘ഞാന്‍ ആത്മാവാണ് ‘ എന്ന ബോധമാണ്. തന്നെക്കുറിച്ച് സ്വയം അറിയാതിരിക്കുന്നത് അജ്ഞാനമാണ്.ഇതേ തുടര്‍ന്ന് എനിക്ക് എന്നെപ്പറ്റിപല തെറ്റിദ്ധാരണകളും ഉണ്ടാകുന്നു.ഇതിനെ അന്യഥാ ജ്ഞാനം എന്ന് പറയുന്നു.ശരീരം, മനസ്സ്, ബുദ്ധി തുടങ്ങിയ ഉപാധികളില്‍ ജീവന്‍ അഭിമാനിക്കുമ്പോള്‍ അവയുമായി താദാത്മ്യം ഉണ്ടാകുന്നു. അപ്പോള്‍ ഞാന്‍ എന്ന തോന്നല്‍ ഉണ്ടാകുന്നു. അതിനെയാണ് അഹങ്കാരം എന്ന് പറയുന്നത്. അഹങ്കാരം മൂലം നാം ബന്ധനത്തില്‍ കുടുങ്ങുന്നു.എന്നാല്‍ ഈ ബന്ധനമൊന്നും ആത്മാവിനെ ബാധിക്കുകയില്ല.
കാരണം ആത്മാവ് രണ്ടാമത് ഒന്നില്ലാത്തതാണ്. അതിന് മറ്റൊരു ഉപാധിയുടേയോ വേറെ എന്തിന്റെയെങ്കിലുമോ സഹായമോ ആവശ്യമില്ല, അത് പരിപൂര്‍ണമാണ്. അത് എങ്ങും നിറഞ്ഞ് എല്ലാറ്റിന്റേയും അന്തരാത്മാവായി കുടികൊള്ളുന്നതാണ്. താന്‍ ആ ആത്മസ്വരൂപമാണ് എന്ന് ബോധ്യമാകേണ്ടതുണ്ട്.
ഇതിനു പകരം ഞാന്‍ ശരീരമാണ്, മനസ്സാണ് ബുദ്ധിയാണ് എന്നൊക്കെ കരുതുന്നത് സ്വയം പരിമിതപ്പെടുത്തുന്നതാകും. വാസ്തവത്തില്‍ ആത്മസ്വരൂപനാണ് ഞാന്‍ എന്നറിയാതെ ദേഹം മുതലായതിലൊക്കെ നാം അഭിമാനം കൊള്ളുകയാണ്.
അതാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. അപ്പോള്‍ അല്പജ്ഞനും അല്പ വ്യാപിയുമായി ചെറുതാകുന്നു. ഈ പരിമിതികളില്‍ നിന്നുള്ള മോചനമാണ് മോക്ഷം.താന്‍ സച്ചിദാനന്ദമാണ് എന്ന തിരിച്ചറിവ് എല്ലാ ബന്ധനങ്ങളില്‍ നിന്നും നമ്മെ മുക്തനാക്കുന്നു.ഈ ലോകത്തില്‍ നാം ജീവിക്കുമ്പോള്‍ ഇവിടെ പ്രതികൂലവും അനുകൂലവുമായ എല്ലാം നമ്മെ ബാധിക്കുന്നു.
ഈ സംസാരത്തിലെ സുഖദുഃഖങ്ങളില്‍ നിന്നും ജനന മരണങ്ങളില്‍ നിന്നുമുള്ള മോചനം കൂടിയാണ് മുക്തി. അവനവനെക്കുറിച്ചുള്ള അറിവ് കൊണ്ടു മാത്രമേ സംസാര ദുരിതങ്ങളില്‍ നിന്ന് മോചനം നേടാന്‍ കഴിയുകയുള്ളൂ.നാം നമ്മുടെ സ്വരൂപത്തെക്കുറിച്ച് വിസ്മൃതരായിരിക്കുകയാണ്. എപ്പോഴാണോ ശരിയായ ജ്ഞാനം ഉദിക്കുന്നത് അപ്പോള്‍ വിസ്മൃതിയെല്ലാം നീങ്ങി ആത്മസ്വരൂപം വിളങ്ങും.
അറിവില്ലായ്മ മൂലം വന്നു പെടുന്ന എല്ലാ ബന്ധനങ്ങളും അറിവ് നേടുമ്പോള്‍ നീങ്ങും.സ്വപ്‌നത്തില്‍ നാം പലതും കണ്ട് ഭയക്കുകയും ദുഃഖിയുമൊക്കെ ചെയ്‌തേക്കാം. എന്നാല്‍ ഉണര്‍ന്നു കഴിഞ്ഞാല്‍ അവയൊന്നും വാസ്തവത്തിലുള്ളവയല്ല എന്ന് ബോധ്യമാകും. സ്വപ്‌നലോകത്തെ ദുരിതത്തിന് മോചനം ഉണരലാണ്. ഇപ്പോള്‍ നമ്മുടെ എല്ലാ ബന്ധനങ്ങളില്‍ നിന്നും മോചനം നേടാനുള്ള വഴി ആത്മതത്വത്തിലേക്ക് ഉണരുകയാണ്. സ്വയം തിരിച്ചറിയലാണ് ഇത്.താന്‍ പരിമിതമായ ദേഹം മുതലായവയല്ല അപരിമേയനായ ആത്മാവാണെന്ന് ഉറയ്‌ക്കണം.മരണ ശേഷം നേടേണ്ടതല്ല മോക്ഷം അഥവാ മുക്തി. അത് ഇവിടെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നേടേണ്ടതാണ്.മുമുക്ഷുത്വത്തിന് എത്ര തീവ്രത വേണം എന്ന് ചോദിച്ചാല്‍ വെള്ളത്തില്‍ മുങ്ങിപ്പോയ ഒരാള്‍ ശ്വാസത്തിന് വേണ്ടി പ്രാണന് വേണ്ടി എത്ര കൊതിക്കുമോ അത്രയ്‌ക്ക് വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: