മുംബൈ: അനാഥ യുവാവിനു വൃക്ക ദാനം ചെയ്ത മലയാളി വീട്ടമ്മയെ വാനോളം അഭിനന്ദിച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ വിവിഎസ് ലക്ഷ്മണ്‍. ട്വിറ്ററിലൂടെയാണ് വൃക്ക ദാനം ചെയ്ത സീത ദിലീപ് തമ്പിയുടേയും വൃക്ക സ്വീകരിച്ച ഉറ്റവരില്ലാത്ത ജയകൃഷ്ണന്റെയും ചിത്രം സഹിതം പോസ്റ്റ് ചെയ്ത് അഭിനന്ദനം അറിയിച്ചത്. തീര്‍ത്തും അപരിചിതനായ അനാഥനായ ജയകൃഷ്്ണന് തന്റെ ഒരു വൃക്കം ദാനം ചെയ്ത കേരള സ്വദേശിനി സീതയുടേത് അങ്ങേയറ്റം വലിയ മനസാണെന്നും ആ ധൈര്യത്തിനും അനുകമ്പയ്‌ക്കും മുന്നില്‍ കൈക്കൂപ്പുന്നെന്നും ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തു.
കോട്ടയം നീറിക്കാട് പുത്തന്‍പടിക്കല്‍ ദിലീപ് തമ്പിയുടെ ഭാര്യ സീത തമ്പിയാണ് (47) പാലക്കാട് കോട്ടായി ചെറുകുളം കൊറ്റമംഗലത്തെ ജയകൃഷ്ണന് (18) തന്റെ വൃക്ക നല്‍കിയത്. ഈ മാസം എട്ടാം തീയതിയായിരുന്നു സീതാ തമ്പിയുടെ 23ാം വിവാഹ വാര്‍ഷികം. വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്തക്രിയയ്‌ക്കായി സീതയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും അന്നു തന്നെ. 10നായിരുന്നു ശസ്ത്രക്രിയ. ഇന്നലെ സീതാ തമ്പിയെ മുറിയിലേക്കു മാറ്റി.
ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ജയകൃഷ്ണനെ മുത്തശ്ശിയാണു വളര്‍ത്തിയത്. ദരിദ്ര കുടുംബാംഗമായ ഈ ദളിത് യുവാവ് അസുഖ ബാധിതനായതോടെ ആകെ തളര്‍ന്നു. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദയ ചാരിറ്റബിള്‍ ട്രസ്റ്റ് സഹായവുമായെത്തി. പക്ഷേ, വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയല്ലാതെ മറ്റു പോംവഴിയില്ലായിരുന്നു. യോജിച്ച വൃക്കയ്‌ക്കായുള്ള അന്വേഷണം ഫലം കണ്ടില്ല. അപ്പോഴാണു ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അഡ്മിന്‍ പാനല്‍ അംഗം സീത സ്വയം സന്നദ്ധയായി രംഗത്തെത്തിയത്. പരിശോധനയില്‍ വൃക്ക ജയകൃഷ്ണനു യോജിക്കുമെന്നു കണ്ടെത്തി.
പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും സീത തീരുമാനത്തില്‍ നിന്നു പിന്‍മാറിയില്ല. ഭര്‍ത്താവ് ദിലീപും മക്കളായ കാശ്മീരയും കാവേരിയും ഒപ്പം നിന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ദിലീപ് നാട്ടിലെത്തി സമ്മത പത്രത്തില്‍ ഒപ്പിട്ടു നല്‍കി. ശസ്ത്രക്രിയയ്‌ക്ക് ആവശ്യമായ പണം ജനകീയ പങ്കാളിത്തത്തോടെ ദയ ചാരിറ്റബിള്‍ സൊസൈറ്റിയാണു കണ്ടെത്തിയത്. ഇതു ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത ആയതോടെയാണു അഭിനന്ദന ട്വീറ്റുമായി ലക്ഷ്മണ്‍ രംഗത്തെത്തിയത്.
















