ന്യൂദല്‍ഹി: രാജ്യത്തെ കര, നാവിക, വ്യോമ സേനകളെ നിയന്ത്രിക്കാനായി നിയമിക്കുന്ന സര്‍വ്വ സേനാധിപതിയുടെ പ്രായപരിധി തീരുമാനിച്ചു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയിലെത്താന്‍ 65 വയസ് വരെയുള്ളവര്‍ക്ക് മാത്രമെ കഴിയൂ. മൂന്ന് വര്‍ഷമായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ കാലാവധി. രാജ്യത്തെ ആദ്യ സര്‍വ്വ സൈന്യാധിപനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ സേനയുടെ സമൂല മാറ്റത്തിന് തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
അതിന്റെ ഭാഗമായി കര-വ്യോമ-നാവിക സേനകളെ മൊത്തത്തില്‍ നിയന്ത്രിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനുമായാണ് സര്‍വ്വ സേനാധിപതിയെ നിയമിക്കുന്നത്. മൂന്ന് പ്രതിരോധ സേനകളുടെയും ഏകോപന ചുമതലയാണ് സര്‍വ്വ സേനാ മേധാവി എന്ന സൈനിക പദവിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നിലവില്‍ അമേരിക്ക, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പദവിയോ തത്തുല്യ പദവികളോ നിലവിലുണ്ട്. സൈനിക മന്ത്രാലയത്തിന്റെ ചുമതല സര്‍വ്വ സേനാ മേധാവിക്ക് ആയിരിക്കും. സേനാ മേധാവികളുടെ തുല്യ ശമ്പളമായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനും ലഭിക്കുക.
















