ഹിന്ദു ധര്‍മ്മത്തിന്റെ പ്രചാരണത്തിന് വേണ്ടി സമീപ കാലഘട്ടത്തില്‍ ഏറ്റവും ശക്തവും സാര്‍ത്ഥകവുമായി പ്രവര്‍ത്തിച്ച മഹാപുരുഷനാണ് സമാധിയായ സ്വാമി വിശ്വേശ തീര്‍ത്ഥസ്വാമികള്‍. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലമായി ഹിന്ദുത്വത്തിനെതിരെയുള്ള എല്ലാ വെല്ലുവിളികളെയും ശക്തവും അതേസമയം സൗമ്യവുമായ രീതിയിലൂടെ പ്രതിരോധിക്കാനും സമാജത്തിന് വ്യക്തമായ ദിശാബോധം നല്‍കാനും
ഉഡുപ്പി പേജാവര്‍ മഠാധിപതിയായ സ്വാമിജി എന്നും നേതൃത്വം വഹിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപകരില്‍ ഒരാളായ സ്വാമിജിയുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദു സമൂഹത്തിന് എന്നും മാതൃകയായി. വിശ്വഹിന്ദു പരിഷത്തിന്റെ രൂപീകരണ സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതില്‍ സ്വാമിജി മാതൃകയായിരുന്നു. ജാതീയമായ വേര്‍തിരുവുകള്‍ക്കെതിരെ എല്ലാവരെയും ഒന്നായി കാണണമെന്ന് ആഹ്വാനം നല്‍കുക മാത്രമല്ല തന്റെ ജീവിതത്തിലൂടെയും ആശ്രമ പ്രവര്‍ത്തനത്തിലൂടെയും അത് നടപ്പാക്കുകയുമായിരുന്നു സ്വാമിജി.
യാഥാസ്ഥിതിക മനോഭാവങ്ങള്‍ വെടിഞ്ഞ് ഹിന്ദുസമൂഹം കാലാനുസൃതമായ മാറ്റങ്ങളിലൂടെ കടന്നുപോകണമെന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ദക്ഷിണ ഭാരതത്തിലെ ഹൈന്ദവ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമാണ് വിശ്വേശ തീര്ത്ഥസ്വാമികള്ക്കുള്ളത്. കേരളത്തിന്റെ ഹൈന്ദവ സംഘടനാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന എറണാകുളം വിശാല ഹിന്ദുസമ്മേളനത്തിനും തുടര്‍ന്ന് കേരളത്തില്‍ നടന്ന ഏറെക്കുറെ എല്ലാ ഹൈന്ദവ സമ്മേളനങ്ങള്‍ക്കും സ്വാമിജിയുടെ അനുഗ്രഹപൂര്‍ണ്ണമായ സാന്നിധ്യം ഉണ്ടാകുമായിരുന്നു. സംസ്കൃതത്തിന്റെയും ഭാരതീയ ശാസ്ത്രങ്ങളുടെയും പ്രചരണത്തിന് സ്വാമിജി ഏറെ യത്നിച്ചു.
സ്വയം ദ്വൈത സിദ്ധാന്തത്തിന്റെ പരമാചാര്യനായിരിക്കെതന്നെ ഒരു ഭേദവുമില്ലാതെ എല്ലാ സന്ന്യാസിമാരോടും മറ്റു ഹൈന്ദവ പ്രവര്‍ത്തകരോടും നിറഞ്ഞ സ്നേഹ വാത്സല്യങ്ങളോടെയുള്ള ഇടപെടല്‍ വിസ്മരിക്കാവതല്ല. ആ പാവനചരിതന്റെ സ്മൃതിയില്‍ ദീര്‍ഘദണ്ഡനമസ്കാരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: