ചെറുകോല്‍പ്പുഴ ഹിന്ദു മഹാമണ്ഡലം ഭാരവാഹികള്‍ രണ്ടാഴ്ച്ച മുമ്പ് 108-ാമത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുന്നതിന് വിശ്വേശതീര്‍ത്ഥജിയെ ക്ഷണിക്കാന്‍ ഉഡുപ്പി മഠത്തിലെത്തി. സ്വാമിജിയുടെ മറുപടി പെട്ടെന്നായിരുന്നു. ”ക്ഷണം സ്വീകരിക്കുന്നു. വരാന്‍ സമ്മതമാണ്. പക്ഷേ എത്താന്‍ കഴിയുമോ എന്നറിയില്ല.” ക്ഷണം സ്വീകരിച്ചതുകൊണ്ട് സംഘാടകര്‍ ഉദ്ഘാടനത്തിനായി വേണ്ട പ്രചരണം നല്കി. പക്ഷേ എല്ലാം മൂന്‍കൂട്ടി കാണാന്‍ സ്വാമിജിക്ക് കഴിഞ്ഞിരുന്നു.
നിര്‍ഭയമായി നാടിന്റെ മഹത്തായ ധാര്‍മിക മൂല്യങ്ങളും സാംസ്കാരിക പൈതൃകവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു സ്വാമിജി. വളരെ ലളിതമായ ഭാഷയില്‍ സംസാരിക്കുകയും സ്നേഹസാന്ദ്രമായ സമീപനങ്ങളിലൂടെ ജനഹൃദയങ്ങള്‍ കവരുകയും ചെയ്ത മനുഷ്യസ്നേഹിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. വാത്സല്യവും കാരുണ്യവും സ്നേഹവും മുഖമുദ്രകളായിരുന്നു. അനീതിയും അക്രമവും അസമത്വവും ശ്രദ്ധയില്‍പ്പെട്ടപ്പോഴെല്ലാം അതിനെതിരെ അചഞ്ചലമായ നിലപാട് സ്വീകരിച്ചു. പുഞ്ചിരിച്ചുകൊണ്ട് എതിര്‍പ്പുകളെ നേരിട്ടു. വിമര്‍ശനങ്ങളെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. വളരെ ലളിതമായ ജീവിതശൈലി, വിട്ടുവീഴ്ചയില്ലാത്ത സാമൂഹ്യപ്രതിബദ്ധത, കഷ്ടനഷ്ടങ്ങള്‍ സഹിക്കാനുള്ള ത്യാഗസന്നദ്ധത തുടങ്ങി ഒട്ടേറെ നന്മകളും ഭാവാത്മകനിലപാടുകളും കൊണ്ട് ചൈതന്യധന്യമായിരുന്നു ആ ജീവിതം.
കേരളത്തില്‍ നവോത്ഥാനത്തിനുള്ള എളിയശ്രമം
1980ല്‍ കോട്ടയത്ത് വച്ചാണ് സ്വാമിജിയെ പരിചയപ്പെട്ടത്. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. എല്ലാം വളരെ ശ്രദ്ധയോടെ കേട്ട ശേഷം ഒരു സംശയം മാത്രം ചോദിച്ചു. ”ഹിന്ദു സമുദായങ്ങളെ എങ്ങനെ യോജിപ്പിക്കാം? അതില്‍ സന്ന്യാസിമാര്‍ക്കുള്ള പങ്കെന്താണ്?” പെട്ടെന്ന് ഒരുത്തരം പറയാന്‍ കഴിഞ്ഞില്ല. എങ്കിലും സന്ന്യാ
സിമാരുടെ ഒരു കൂട്ടായ്മ ഉണ്ടാവണമെന്ന അഭിപ്രായം സ്വാമിജിയുടെ മുന്നില്‍ വച്ചു. അല്‍പ്പനേരത്തെ ആലോചനയ്ക്കുശേഷം തന്റെ ആഗ്രഹം അറിയിച്ചു. ”ശിവഗിരി മഠാധിപതിയെ കണ്ട് ഇക്കാര്യം ആദ്യം സംസാരിക്കാം.”
പിറ്റേ ദിവസം ശിവഗിരിമഠാധിപതി പൂജ്യ സ്വാമി ഗീതാനന്ദജി, വിശ്വേശതീര്‍ത്ഥ സ്വാമിജിയുടെ ആഗ്രഹപ്രകാരം കോട്ടയം തെക്കുംഗോപുരത്തുള്ള നാരായണഭട്ടിന്റെ വീട്ടിലെത്തി. കൂടെ കുറിച്ചി അദ്വൈതാശ്രമാധിപതി സ്വാമി സമ്പൂര്‍ണാനന്ദയും ഉണ്ടായിരുന്നു. അവര്‍ രണ്ടു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. ജാതി വിദ്വേഷം, സാമൂഹ്യ അസമത്വം, അനൈക്യം, ശാക്തീകരണം, ഉച്ചനീചത്വങ്ങള്‍ തുടങ്ങി ഒട്ടനവധി വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമായി. എല്ലാ വിഷയങ്ങളിലും അവര്‍ക്ക് യോജിപ്പും പൊതുധാരണയുമുണ്ടായിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം പത്രലേഖകരെ കണ്ട വിശ്വേശതീര്‍ത്ഥ സ്വാമിജി പറഞ്ഞത് ഇങ്ങനെ. ”കേരളം ജാതിവിദ്വേഷംകൊണ്ട് തകര്‍ച്ച നേരിട്ട ഭൂതകാലത്തില്‍നിന്ന് പാഠങ്ങള്‍ പഠിച്ചു കഴിഞ്ഞു. കേരളത്തില്‍ നവോത്ഥാനം ഉണ്ടാകണം. ശ്രീനാരായണ ഗുരുദേവന് തുടങ്ങിയ മഹാത്മാക്കളുടെ കാലടിപ്പാടുകള്‍ പിന്തുടര്ന്നാല് മാത്രമേ കേരളത്തിന് ഗതിയുണ്ടാകൂ. എല്ലാ ജാതി വിഭാഗങ്ങളെയും ഒരുമിപ്പിക്കാന്‍ സന്ന്യാസി ശ്രേഷ്ഠന്മാര് മുന്നിട്ടിറങ്ങണം. അതിനായുള്ള എളിയശ്രമം ആരംഭിച്ചു കഴിഞ്ഞു.”
നമുക്ക് ഒരമ്മയേ ഉള്ളൂ, ഭാരതാംബ
ശിവഗിരി മഠത്തിന്റെയും പേജാവര്‍ മഠത്തിന്റെയും ഏറ്റവും സമുന്നതരായ മഠാധിപതികള്‍ ഒരു മുറിയിലിരുന്ന് പൊതുപ്രശ്നങ്ങളെ ക്കുറിച്ച് നടത്തിയ ചര്‍ച്ച പൊതുസമൂഹത്തില്‍ വലിയ മാറ്റത്തിന് കളമൊരുക്കി. എന്നാല്‍, ഭൗതികവാദികളും പുരോഗമനവാദികളും ഇതേക്കുറിച്ച് വിവാദങ്ങളുയര്‍ത്തി. കമ്യൂണിസ്റ്റ് നേതാക്കള്‍ ഗീതാനന്ദ സ്വാമിജിയെ വിമര്‍ശിച്ചു. ആ കൂടിക്കാഴ്ചയിലൂടെ വിശ്വേശതീര്‍ത്ഥജി മഹത്തായ ഒരു സന്ദേശമാണ് നല്‍കിയത്.
കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സ്വാമികള്‍ 1982ല്‍ കോട്ടയത്തു വന്നപ്പോള്‍ പേജാവര്‍ സ്വാമിജിയുമൊത്ത് ഒരു വേദിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യണമെന്ന ആഗ്രഹം രണ്ടുപേരുടെയും മുന്നില്‍വച്ചു. സന്തോഷത്തോടെയാണ് അതിനെ സ്വാഗതം ചെയ്തത്. അദ്വൈത-ദ്വൈത സിദ്ധാന്ത പരമ്പരകളും സമ്പ്രദായങ്ങളും വിഭിന്നങ്ങളാണെങ്കിലും ഒരുമിച്ചിരുന്ന് സമൂഹത്തിനുവേണ്ടി ശബ്ദിക്കാന്‍ തയാറാണെന്ന് സ്വാമിജിമാര്‍ പ്രഖ്യാപിച്ചു. ജയജയ ശങ്കര, ജയജയ മാധവ എന്ന് ഉറക്കെ ജനസമൂഹം ശബ്ദഘോഷം മുഴക്കിയപ്പോള്‍ രണ്ട് സന്ന്യാസപരമ്പരകളുടെ പരമാചാര്യന്മാര് കൈകള്‍ വീശി പ്രത്യഭിവാദ്യം ചെയ്തു. വിശ്വേശതീര്‍ത്ഥ സ്വാമിജിയുടെ സംസ്കൃതത്തിലുള്ള പ്രസംഗം വെറും അഞ്ചു മിനിട്ട് മാത്രം. ”പരമ്പരകള്‍ പലതാകാം. സമ്പ്രദായങ്ങള്‍ വിഭിന്നമാകാം. പക്ഷേ നമ്മുടെ സംസ്കാരം, ധര്‍മ്മം, പൈതൃകം ഒന്നാണ്. നമുക്ക് ഒരമ്മയേ ഉള്ളൂ. ഭാരതാംബ” നീണ്ടുനിന്ന ഹസ്ത താഡനങ്ങള്‍ക്കിടയില്‍ സ്വാമിജിയുടെ ലളിതവും ഹൃദ്യവുമായ വാക്കുകള്‍ ജനങ്ങളെ ആവേശഭരിതരാക്കി.
അയോധ്യ പ്രക്ഷോഭത്തിന്റെ മുന്നണിയില്‍
വിശ്വഹിന്ദു പരിഷത്ത് കേന്ദ്രീയ മാര്‍ഗ ദര്‍ശക മണ്ഡലത്തിന്റെ ഏറ്റവും പരമോന്നത പദവി വഹിച്ചിരുന്ന സ്വാമിജിയെ കണ്ട് ധര്‍മ്മോപദേശം തേടാന്‍ വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ ഉഡുപ്പി പേജാവര്‍ മഠത്തില്‍ എത്തുമായിരുന്നു. അയോധ്യ പ്രക്ഷോഭത്തിന്റെ മുന്നണിയില്‍നിന്ന് സ്വാമിജി നയിച്ചു. കര്‍സേവ, ശിലാന്യാസം, ശിലാപൂജ തുടങ്ങിയ പരിപാടികള്‍ക്കെല്ലാം നല്കിയ മാര്‍ഗദര്‍ശനവും നേതൃത്വവും ഒരിക്കലും മറക്കാനാവില്ല.
അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ തുടങ്ങിയ വിഎച്ച്പി നേതാക്കളുമായി അടുത്ത ഹൃദയബന്ധം പുലര്‍ത്തിയിരുന്നു. മഹാമണ്ഡലേശ്വരന്മാരും വിവിധ മഠാധിപതികളും പങ്കെടുത്ത മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ യോഗങ്ങളില്‍ അഭിപ്രായ സമന്വയവും യോജിപ്പും ഏകോപിത തീരുമാനവും ഉണ്ടാക്കുന്നതില്‍ വിശ്വേശതീര്‍ത്ഥ സ്വാമി വഹിച്ച പങ്ക് നിസ്തുലമായിരുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശിക്ഷാവര്‍ഗുകളിലെത്തി നടത്തിയിട്ടുള്ള പ്രഭാഷണങ്ങള്‍ ഇപ്പോഴും ശിക്ഷാര്‍ത്ഥികളില്‍ പ്രേരണയും പ്രചോദനവുമായി ജ്വലിച്ചു നില്ക്കുന്നു. ലളിതമായ ഭാഷ, ചെറു ഉദാഹരണങ്ങള്‍, ലഘുവായ പ്രഭാഷണം. ഇതെല്ലാം സ്വാമിജിയുടെ പ്രത്യേകതകളായിരുന്നു. അല്‍പ്പസമയംപോലും വിശ്രമിക്കാതെയുള്ള നിരന്തരമായ സമ്പര്‍ക്കവും ഇടപഴകലുംകൊണ്ട് പ്രവര്‍ത്തനനിരതമായ സ്വാമിജിയുടെ ജീവിതം നാട്ടിലുണ്ടാക്കിയിട്ടുള്ള പരിവര്‍ത്തനം വിവരണാതീതമാണ്. ആ ശരീരം നമ്മെ വിട്ടുപിരിഞ്ഞെങ്കിലും സ്വാമിജി കൊളുത്തിയ ദീപശിഖ അണയാതെ, മങ്ങാതെ, മായാതെ നിലനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: