ന്യൂദല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞതോടെ പൊതുമേഖലാ ബാങ്കിങ് മേഖലയാകെ ശക്തിപ്പെട്ടതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 13 പൊതുമേഖലാ ബാങ്കുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ പകുതി ആയപ്പോഴേക്കും ലാഭത്തിലാണെന്നും ധനമന്ത്രി പറഞ്ഞു. പൊതുമേഖലാ ബാങ്ക് മേധാവിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നഷ്ടത്തിലായിരുന്ന പൊതുമേഖലാ ബാങ്കുകളെ പഴയ സ്ഥിതിയിലേക്ക് എത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞതോടെ പൊതുമേഖലാ ബാങ്കുകളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ സാധിച്ചു. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 8.96 ലക്ഷം കോടിയില്‍ നിന്ന് 2019 സപ്തംബറില്‍ 7.27 ലക്ഷം കോടിയായി കുറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് 4.53 ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചതായും നിര്‍മല പറഞ്ഞു. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷം കൊണ്ട് 2.3 ലക്ഷം കോടി രൂപയുടെ ആസ്തികള്‍ പൊതുമേഖലാ ബാങ്കുകള്‍ കണ്ടുകെട്ടി. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
വ്യാപാരികള്‍ക്ക് റുപേ, യുപിഐ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് ജനുവരി മുതല്‍ ചാര്‍ജ്ജ് ഈടാക്കില്ലെന്ന തീരുമാനവും യോഗത്തിലുണ്ടായി. ധന സെക്രട്ടറി രാജീവ്കുമാര്‍, സാമ്പത്തിക കാര്യ സെക്രട്ടറി അതാനു ചക്രവര്‍ത്തി, റവന്യൂ സെക്രട്ടറി ഡോ. എ.ബി. പാണ്ഡേ, എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
എല്‍ഐസിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭത്തില്‍ നിന്ന് സര്‍ക്കാര്‍ വിഹിതമായ 2,610.74 കോടി രൂപ വെള്ളിയാഴ്ച എല്‍ഐസി ചെയര്‍മാന്‍ എം.ആര്‍. കുമാര്‍ കേന്ദ്ര ധനമന്ത്രിക്ക് കൈമാറിയിരുന്നു.
9.9 ശതമാനം വളര്‍ച്ചയോടെ 53,214 കോടി രൂപയുടെ ബിസിനസാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എല്‍ഐസി കൈവരിച്ചത്. വിപണിയുടെ 76.28 ശതമാനം ഇന്‍ഷുറന്‍സ് പോളിസികളും 71 ശതമാനം ആദ്യവര്‍ഷ പ്രീമിയവും എല്‍ഐസിയാണ് കരസ്ഥമാക്കിയത്.
ന്യൂദല്‍ഹിയില്‍ പൊതുമേഖലാ ബാങ്ക് മേധാവിമാരുടെ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
















