നോവലിന്റെ നിത്യഹരിത യൗവനം ഇന്നും ആഗോള തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുസ്തകങ്ങള്‍ ധാരാളമായി ഇറങ്ങുന്നുണ്ട്. അവ വാങ്ങുവാന്‍ കടുംമഞ്ഞിനെയും അവഗണിച്ച് കിലോമീറ്ററോളമാണ് വായനക്കാര്‍ കാത്തുനിന്നത്. അടുത്തകാലത്തിറങ്ങിയ പൗലോ കൊയ്ലോയുടെ ഹിപ്പി എന്ന നോവലിനും ഇതേ സ്വീകാര്യതയായിരുന്നു. സെര്‍വാന്റീസിന്റെ ഡോണ്ക്വിക്സോട്ട് മുതല്‍ തുടങ്ങുന്ന നോവലിന്റെ ഈ വസന്തശോഭ ഇങ്ങ് മലയാളത്തിലും പരിമളം പരത്തുകയാണ്. കഥപറച്ചിലിന്റെ വംശാവലി തുടര്‍ന്നുപോകുന്നതിനാലാവാം നോവലിന് ഇപ്പോഴും വായനക്കാരുണ്ട്. ലോകത്തുസംഭവിക്കുന്ന നോവല്‍ ചലനങ്ങളിലെ പുതുഭാവുകത്വം അപ്പപ്പോള്‍ മലയാളത്തിനും തിരിച്ചറിയാനാവുന്നു.
മലയാളത്തില്‍ വായനക്കാരെ സ്വാധീനിച്ച നോവലുകളുടെ ആണ്ടറുതി തെരഞ്ഞെടുപ്പില്‍ മികച്ചവയെന്ന് എടുത്തുപറയാവുന്നവ ഏറെയൊന്നുമില്ല. പഴയ ചില എഴുത്തുകാരുടെ ആധിപത്യം നിലനില്ക്കെതന്നെ പുതിയ എഴുത്തുകാരുടെ വേറിട്ട കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന നോവലുകളാണ് ഇവ. ഇത്തരം വേറിട്ടവായനയുടെ വില്‍പ്പനയും സ്വീകാര്യതയും എടുത്തുപറയണം. സുഭാഷ് ചന്ദ്രന്റെ സമുദ്രശില ഏതാനും മാസങ്ങള്‍കൊണ്ട് പത്തുപതിപ്പാണ് വിറ്റുപോയത്. മനുഷ്യന് ഒരു ആമുഖം എന്ന അദ്ദേഹത്തിന്റെ ആദ്യനോവലിനുശേഷം വര്ഷങ്ങളെടുത്ത ഈ ആഖ്യായിക, അമ്മയും മകനും തമ്മിലുള്ള വൈകാരികതയുടെ അസാധാരണത്വവും അംബയുടെ ഇതിഹാസത്തില്‍ നിന്നുള്ള വരവും അതിനെക്കാള്‍ ശോകം തിന്നുകയും നോവലില്‍ മറ്റൊരു പെണ്ണാകുകയും കഥാപാത്രമായി സ്വയം തീരുമാനമെടുക്കുകയും നോവലിനെ, എഴുത്തുകാരനെ തിരുത്തുകയും മറ്റും ചെയ്തുകൊണ്ട്് വേറൊരു തലത്തില്‍ അസ്തിത്വം തേടുന്നതുമൊക്കെ നോവലിന്റെ പ്രധാനസിരകളാണ്. സ്വപ്നവും യാഥാര്‍ഥ്യവും ഇഴപിരിച്ച് നെയ്ത സ്വഭാവമാണ് നോവലിന്റേത്. നോവലിലേതെന്ന് പ്രത്യക്ഷത്തില്‍ തോന്നാതെതന്നെ ജീവിക്കുന്ന ചിലരെ അതേ പേരില്‍ കഥാപാത്രങ്ങളാക്കുന്നുണ്ട്. കഥയുടെ ആദ്യമധ്യാന്തങ്ങള്‍ക്കുപരി, അതിനെ മനപ്പൂര്‍വം അതിലംഘിച്ചുകിട്ടുന്ന സൗന്ദര്യമാണ് നോവലിനുള്ളത്. വായനക്കാരെ സര്‍ഗാത്മകമായൊരു തോന്ന്യവാസത്തിന്റെ സന്ദേഹങ്ങളില്‍പ്പെടുത്തുന്ന രചന. ഭാഷയുടെ നല്ലോളങ്ങളില്‍ അനുവാചകരെ നീന്തിക്കാന്‍ സമുദ്രശിലയ്ക്കാകുന്നുണ്ട്.
വിദേശങ്ങളില്‍ ഒട്ടും പുതുമയല്ലെങ്കിലും മലയാളത്തില്‍ പൊടുന്നനെ കൗതുകമുണ്ടാക്കുന്ന ഒരു പ്രമേയമടങ്ങിയതാണ് അജയ് പി. മങ്ങാടിന്റെ നോവല്‍ സൂസന്നയുടെ ഗ്രന്ഥപ്പുര. ലോകത്തെ പ്രശസ്തരായ നിരവധി എഴുത്തുകാരും അവരുടെ പുസ്തകങ്ങളും അവയുടെ വായനയുംമറ്റുമടങ്ങി നോവലിനെത്തന്നെ അഴിച്ചുപണിത രൂപമാണ് ഗ്രന്ഥപ്പുരയുടേത്. ഈ എഴുത്തുകാര്‍ ചിന്തിക്കുന്നതും എഴുതുന്നതും അവരുടെ പ്രശ്നങ്ങളുമൊക്കെ ഇതിലുണ്ട്. സൂസന്നയുടെ ഗ്രന്ഥപ്പുര അന്വേഷിച്ചുപോകുന്നവരുണ്ട്്. പഴയ അപസര്‍പ്പക നോവലിസ്റ്റ് നീലകണ്ഠന് പരമാരയും പ്രത്യക്ഷപ്പടുന്നു. നോവലിനെക്കുറിച്ചുള്ള വായനക്കാരന്റെ ശീലങ്ങളെ ഗ്രന്ഥപ്പുരയും മാറ്റിമറിക്കുന്നു. നോവലിന് ഏതുരൂപവുമാകാം എന്ന പുതിയ തിരിച്ചറിവിന്റെ നല്ല മാതൃകകൂടിയാണിത്. കാവ്യാത്മകമായ ഭാഷയിലാണ് സൂസന്നയുടെ ഗ്രന്ഥപ്പുര നിര്‍മിച്ചിട്ടുള്ളത്.
പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും വന്‍പൊളിച്ചെഴുത്ത് നാട്ടുഭാഷയിലൂടെ നടത്തി മലയാള വായനയെ അഗാധമായി ആലിംഗനം ചെയ്ത നോവലാണ് ആര്. രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷാണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത. പേരിനുപോലുമുണ്ട് ഇടിച്ചുപൊളിക്കുന്ന പുതുമ. കഥയ്ക്കു പകരം കത എന്ന് നാടന്‍ഭാഷയിലുള്ള വാക്കുതന്നെ ഇതിനുദാഹരണം. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്നതും, ഇന്നും നടന്നേക്കാവുന്നതുമായ ഒരു പ്രമേയത്തെ ഉത്തര കേരളത്തിലെ സ്ഥലകാലത്തിലിട്ട് കേരളത്തിന്റെയും ലോകത്തിന്റെതന്നെയും അനുഭവമാക്കിത്തീര്‍ക്കുകയാണ് രാജശ്രീ. എല്ലാത്തരം ജന്തുജാലങ്ങളും നോവലിലുണ്ടെന്നു തോന്നുന്ന പ്രതീതി. നാട്ടകംകൊണ്ട് ഭാഷയ്ക്ക് ഇത്ര തന്മ ലഭിച്ച നോവല്‍ അടുത്തിടെ മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വായനക്കാരില്‍ അമ്പരപ്പുണ്ടാക്കിയ ഈ രചന ഉടന്‍തന്നെ പുസ്തകരൂപത്തിലാവുകയായിരുന്നു. നാലാഴ്ചകൊണ്ട് അഞ്ചുപതിപ്പാണ് ഇറങ്ങിയത്. വലിയ തരംഗമായിരിക്കുകയാണ് ഈ കത.
മുന്‍ വര്‍ഷങ്ങള്‍ പോലെയല്ലെങ്കിലും പഴയ എഴുത്തുകാര്‍ പലരും വായനയില്‍ പിന്നിലല്ല. ഒ.വി.വിജയന്, സേതു, എം മുകുന്ദന്, ആനന്ദ് തുടങ്ങിവര്‍ക്ക് ഇന്നും വായനക്കാരുണ്ട്. മലയാള ആധുനിക നോവലിന്റെ കാല്‍ച്ചുവടായ ഖസാക്കിന്റെ ഇതിഹാസ കര്‍ത്താവ് ഒ.വി.വിജയന് മലയാളിക്ക് മുമ്പന്‍ തന്നെ. കാല്പനികതയുടെ ഒരു പുഴയൊഴുക്ക് മലയാളിയുടെ ഉള്ളിലുള്ളതിനാല്‍ എം.ടി ഇന്നും പ്രിയപ്പെട്ട എഴുത്തുകാരന് തന്നെയാണ്. വൈവിധ്യങ്ങളിലാണ് എം.മുകുന്ദന് സ്ഥാനം. ഭാവനയും യാഥാര്‍ഥ്യവും ഇഴുകിയ നോവലുകളുടെ കര്‍ത്താവായ സേതുവും ദാര്‍ശനികതയുടെ പരിസരങ്ങളുള്ള നോവലുകള്‍ സമ്മാനിച്ച ആനന്ദും ഇന്നും വായിക്കപ്പെടുന്നതില് സന്തോഷം തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: