തൃശൂര്‍: ഡിറ്റക്ഷന്‍ സെന്ററിലല്ല കേരളത്തില്‍ രേഖകളില്ലാതെ എത്തിയ വിദേശ പൗരന്മാര് തടവില്‍ കിടക്കുന്നത്, സെന്‍ട്രല്‍ ജയിലില്‍. വിവരം പുറത്താകുമെന്ന് ഭയന്ന് സര്‍ക്കാര്‍ ഏഴ് ബംഗ്ലാദേശികളെ തിരക്കിട്ട് മോചിപ്പിച്ചു.
സംസ്ഥാനത്ത് സെന്‍ട്രല്‍ ജയിലില്‍ തടവിലുണ്ടായിരുന്നത് 43 ബംഗ്ലാദേശി യുവാക്കളാണ്. മതിയായ യാത്രാ രേഖകളോ പാസ്പോര്‍ട്ടോ ഇല്ലാത്തതിനാല്‍ പിടിയിലായ ബംഗ്ലാദേശി യുവാക്കളെ അടച്ചിരുന്നത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍. 36 പേരെ 2018 മാര്‍ച്ചില്‍ ബംഗ്ലാദേശ് എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് മോചിപ്പിച്ചു.
ശിക്ഷാ കാലാവധി പൂര്‍ത്തിയായിട്ടും ജയിലില്‍ കഴിഞ്ഞിരുന്ന ഇവരില്‍ അവശേഷിച്ച ഏഴ് പേരെ ഇന്നലെ വിട്ടു. ട്രെയിന്‍ മാര്‍ഗം നാളെ കൊല്ക്കത്തയിലെത്തിക്കുന്ന ഇവരെ ബിഎസ്എഫിന് കൈമാറും തുടര്‍ന്ന് അതിര്‍ത്തിയിലെത്തിച്ച് ബംഗ്ലാദേശിന് കൈമാറും. എംബസി വഴി ഇതിനുള്ള നടപടികളും പൂര്‍ത്തിയാക്കിയതായി പോലീസ് പറഞ്ഞു. 2017ലാണ് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ നിന്ന് വിസയും പാസ്പോര്‍ട്ടുമില്ലാത്ത സംഘം പിടിയിലായത്. തുടര്‍ന്ന് തൃശൂരില്‍ നിന്നും സംഘത്തിലുള്‍പ്പെട്ട ചിലര്‍ പിടിയിലാവുകയായിരുന്നു. പൗരത്വ രേഖകളില്ലാത്ത വിദേശികളെ തടവുകാരോടൊപ്പം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചത് അന്താരാഷ്ട്ര ധാരണകളുടെ ലംഘനമാണ്.
മോചിപ്പിക്കാന്‍ ആരും ശ്രമിക്കാഞ്ഞതുമൂലം ഇവരുടെ തടവ് നീളുകയായിരുന്നു. വിദേശ പൗരന്മാര്ക്കായി ഡിറ്റക്ഷന്‍ സെന്ററുകള്‍ തുടങ്ങില്ല എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വന്നതിനു പിന്നാലെയാണ് ജയിലില്‍ കഴിയുന്നവരെ വിട്ടയയ്ക്കാന് തീരുമാനമായത്. ഇന്നലെ മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ അതീവ രഹസ്യമായാണ് ഇവരെ റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. വിട്ടയച്ചവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ജയിലധികൃതര്‍ തയാറായില്ല. ധാക്കാ സ്വദേശികളായ മുസ്ലിം യുവാക്കളാണ് തടവില്‍ കഴിഞ്ഞിരുന്നവര്‍. രേഖകളില്ലാതെ പിടിയിലായ ആഫ്രിക്കന്‍ വംശജര്‍ ഇപ്പോഴും സെന്‍ട്രല്‍ ജയിലില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: