അന്തര്‍ദേശീയ തലത്തില്‍ നിരവധി സംഭവവികാസങ്ങള്‍ക്കാണ് 2019 സാക്ഷിയായത്. അമേരിക്ക തന്നെയായിരുന്നു ഈ വര്‍ഷവും ശ്രദ്ധാ കേന്ദ്രം. ഉത്തര കൊറിയയുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളും പരാജയപ്പെട്ടു എന്നതാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ ഫെബ്രുവരിയില്‍ വിയറ്റ്നാമിലെ ഹാനോയിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ആണവ നിരായുധീകരണം സംബന്ധിച്ച വിഷയത്തില്‍ ധാരണ എത്താത്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഉത്തര കൊറിയയ്ക്ക് മേലുള്ള സാമ്പത്തിക ഉപരോധം നീക്കണമെന്ന കിം ജോങ് ഉന്നിന്റെ ആവശ്യം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായില്ല.
അതേസമയം, ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും ജൂണില്‍ നടത്തിയ കൂടിക്കാഴ്ച ലോകരാഷ്ട്രങ്ങള്‍ എല്ലാം ഉറ്റുനോക്കിയ ഒന്നായിരുന്നു. ദക്ഷിണ- ഉത്തര കൊറിയകള്‍ക്കിടയില്‍ ഉള്ള സൈനിക മുക്ത മേഖലയിലായിരുന്നു കൂടിക്കാഴ്ച. അമേരിക്കയെ എന്നും ശത്രുപക്ഷത്ത് നിര്‍ത്തിയിരുന്ന ഉത്തര കൊറിയയുടെ മണ്ണില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് എത്തിയത്.
28 യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ബ്രിട്ടന് ഉപേക്ഷിക്കുന്ന നടപടിയായ ബ്രക്സിറ്റിന് വേഗം കൂടിയ വര്‍ഷമായിരുന്നു 2019. 2016 ജൂണ്‍ 23-ന് നടന്ന പരിശോധനയില്‍ 52 ശതമാനം പേര് ബ്രക്സിറ്റിന് അനുകൂലമായി നിലപാടെടുത്തിരുന്നു. ഒക്ടോബര്‍ 31ന് ബ്രിട്ടന് ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകേണ്ടി വരുമായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ബോറിസ് ജോണ്സണ് അത്തരത്തില്‍ ഒരു തീരുമാനമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഭൂരിഭാഗം എംപിമാരും ഈ തീരുമാനത്തെ എതിര്‍ക്കുകയും, ബ്രക്സിറ്റ് ഉടമ്പടിക്ക് അനുമതി നല്‍കുന്നതിന് പകരം കൂടുതല്‍ സമയം ആവശ്യപ്പെടുന്ന ഭേദഗതി നിര്‍ദ്ദേശം പാര്‍ലമെന്റ് പാസാക്കുകയും ആയിരുന്നു. ഇത് കണക്കിലെടുത്ത് യൂറോപ്യന്‍ കൗണ്‍സില്‍ ബ്രക്സിറ്റ് നടപ്പാക്കുന്നതിന് 2020 ജനുവരി 31 വരെ ബ്രിട്ടന് സമയം അനുവദിച്ചു.
യുഎസ്-ചൈന വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമായതും ഈ വര്‍ഷമാണ്. 20,000 കോടി ഡോളറിന്റെ ചൈനീസ് ഇറക്കുമതിക്ക് കൂടി തീരുവ ഏര്‍പ്പെടുത്തണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ഇതിന് വഴിയൊരുക്കിയത്. 450 ബില്യന്‍ ഡോളര്‍ വരെ ഇറക്കുമതി തീരുവ ചുമത്താന്‍ ആയിരുന്നു യുഎസ് നീക്കം. യുഎസില്‍ നിന്നുള്ള മാംസ ഉല്‍പ്പന്നങ്ങള്‍, പുകയില, കാര്‍ എന്നിവയ്ക്ക് തീരുവ ചുമത്തിയാണ് ചൈന ഇതിന് മറുപടി നല്‍കിയത്.
2019 ആഗസ്റ്റില്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി ആമസോണ്‍ മഴക്കാടുകളിലെ കാട്ടുതീ. മുന്‍വര്‍ഷത്തെക്കാള്‍ 84 ശതമാനം വര്‍ധിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഈ കാട്ടുതീ ലോകത്തിന്റെ തന്നെ പരിസ്ഥിതി സന്തുലനത്തിന് ഗുരുതര ഭീഷണി ഉയര്‍ത്തും എന്നും വിലയിരുത്തലുകള്‍ ഉണ്ട്. 2019 ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ ആമസോണ്‍ മഴക്കാടുകളില്‍ 74,155 തവണ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. എല്‍നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട് കടുത്ത വരള്‍ച്ചയാണ് ആമസോണ്‍ കാടുകള്‍ അടക്കമുള്ള മേഖലയില്‍ അനുഭവപ്പെട്ടത്. ഈ കാട്ടുതീ ആഗോളതാപനം കൂടുതല്‍ രൂക്ഷമാക്കും എന്നും ഗവേഷകര്‍ ഭയപ്പെടുന്നു.
അമേരിക്കയുടെ വിദേശനയത്തിലെ സുപ്രധാന നടപടിയാണ് സിറിയയില്‍ നിന്നുള്ള യുഎസ് സൈനിക പിന്മാറ്റം. ഒക്ടോബറിലാണ് കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ സിറിയയില്‍ നിന്നും യുഎസ് സൈന്യം പിന്മാറി തുടങ്ങിയത്. ഐഎസിന് എതിരായ അമേരിക്കയുടെ പോരാട്ടത്തില്‍ 2014 മുതല്‍ കുര്‍ദ് പോരാളികള്‍ സഖ്യകക്ഷികള്‍ ആയിരുന്നു. എന്നാല്‍ യുഎസ് സൈന്യത്തിന്റെ പിന്മാറ്റം തങ്ങള്‍ക്ക് അനുകൂലമാക്കുകയാണ് തുര്‍ക്കി. അതിര്‍ത്തി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി സിറിയയിലേക്ക് തുര്‍ക്കി സൈനികനീക്കം ശക്തമാക്കിയിരുന്നു. കുര്‍ദ് ഭൂരിപക്ഷ മേഖലയില്‍നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറുമ്പോള് തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷാ ഉറപ്പാക്കുക എന്ന വാദമാണ് തുര്‍ക്കി ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തതാണ് ഈ വര്‍ഷത്തെ സുപ്രധാന സംഭവങ്ങളില്‍ ഒന്ന്. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണം ആണ് ട്രംപ് നേരിടുന്നത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തന്റെ എതിരാളി ആകും എന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകന് ഹണ്ടര്‍ ബൈഡനും എതിരെ കേസുകള്‍ കുത്തിപ്പൊക്കാന്‍ യുക്രൈന് സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് ആണ് ട്രംപിനെ പ്രതിരോധത്തിലാക്കിയത്. അടുത്ത മാസം സെനറ്റില്‍ അദ്ദേഹം വിചാരണ നേരിടും. എന്നാല്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ള ഭൂരിപക്ഷം ഒരുപക്ഷേ ട്രംപിനെ തുണച്ചേക്കും.
2019 ല്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ രാജ്യമാണ് ഹോങ്കോങ്. സ്വന്തം പൗരന്മാരെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിക്ക് എതിരെയാണ് ഹോങ്കോങ് ജനത പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മാസങ്ങളായി ഇവിടെ നടത്തുന്ന പ്രക്ഷോഭങ്ങളില്‍ ലക്ഷക്കണക്കിന് പേരാണ് ഭാഗമായത്. കുറ്റവാളികളെ ചൈനയ്ക്ക് കൈമാറിയാല്‍ രാഷ്ട്രീയാ ധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കോടതി സംവിധാനത്തിനുള്ളില്‍ വിചാരണ നീതിയുക്തവും സുതാര്യവും ആയിരിക്കില്ല എന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: